മണ്ഡല ആർട്ട് ഇന്റീരിയർ അലങ്കാരമാകുമ്പോൾ.

മണ്ഡല ആർട്ട് ഇന്റീരിയർ അലങ്കാരമാകുമ്പോൾ.വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിന് വ്യത്യസ്ത വഴികൾ അന്വേഷിക്കുന്നവരായിരിക്കും നമ്മളിൽ പലരും.

സാധാരണ വീടുകളിൽ കാണുന്ന ആർട്ട്‌ ഡെക്കോറിൽ നിന്നും വ്യത്യസ്തമായി സ്വന്തം വീടിനെ അണിയിച്ചൊരുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്റീരിയറിൽ തിരഞ്ഞെടുക്കാവുന്ന അലങ്കാര രീതിയായി മണ്ഡല ആർട്ടിനെ കണക്കാക്കാം.

പേര് കേൾക്കുമ്പോൾ പലർക്കും കാര്യം പിടി കിട്ടില്ല എങ്കിലും ഒറ്റക്കാഴ്ചയിൽ തന്നെ ഇവ വളരെ എളുപ്പത്തിൽ മനസ്സിലാക്കിയെടുക്കാൻ സാധിക്കും.

പ്രത്യേക വലിപ്പത്തിലുള്ള വൃത്തങ്ങൾ കൊണ്ട് വ്യത്യസ്ത ഡിസൈനുകൾ ചെയ്തെടുക്കുന്ന രീതിയാണ് മണ്ഡല ആർട്ട്.

അതേസമയം ബുദ്ധമതവുമായി ബന്ധപ്പെടുത്തിയും ഹിന്ദുമതവുമായും ഇവക്ക് ബന്ധമുണ്ടെന്നു പറയപ്പെടുന്നു.

ഒരു സ്ക്വയർ ഷേപ്പ് ഫ്രയ്മിനകത്ത് വൃത്തങ്ങൾ കൊണ്ട് അലങ്കരിക്കുന്ന രീതിയിലാണ് കൂടുതലായും മണ്ഡല ആർട്ട് കണ്ടു വരുന്നത്.

പെയിന്റിംഗ് രൂപത്തിലും ബോട്ടിലുകളിലും ഉപയോഗ ശൂന്യമായ പാത്രങ്ങളിലും പ്ലേറ്റുകളിലും വരെ ഈയൊരു അലങ്കാര രീതി പരീക്ഷിക്കാൻ സാധിക്കും.

മണ്ഡല ആർട്ട്‌ ഉപയോഗപ്പെടുത്തി വീട് അലങ്കരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

മണ്ഡല ആർട്ട് ഇന്റീരിയർ അലങ്കാരമാകുമ്പോൾ.

ജോമെട്രിക് അളവുകൾക്ക് വളരെയധികം പ്രാധാന്യം നൽകിക്കൊണ്ട് ചെയ്തെടുക്കുന്ന മണ്ഡല ആർട്ട് കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്നു. വ്യത്യസ്ത പാറ്റേണുകൾ ഫോളോ ചെയ്യുക എന്നതിൽ നിന്നും വ്യത്യസ്തമായി ഒരേ ആകൃതി തന്നെ വലിപ്പം കൂട്ടിയും കുറച്ചും ഉപയോഗിക്കുക എന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. ചതുരാകൃതിക്കകത്ത് വ്യത്യസ്ത വലിപ്പത്തിൽ വൃത്തങ്ങൾ നൽകിയുള്ള ഒരു ഡയഗ്രത്തോട് ഈയൊരു ആർട്ടിന് സാമ്യം കണ്ടെത്താം
.ചിത്രം വരയ്ക്കാൻ ചെറിയ രീതിയിൽ കഴിവുള്ള ഒരാൾക്ക് പോലും വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാവുന്ന മണ്ഡല ആർട്ട് ഉപയോഗപ്പെടുത്തി വീടിന്റെ ഇന്റീരിയറിൽ വിസ്മയങ്ങൾ തീർക്കാൻ സാധിക്കും.

പ്രധാനമായും ബ്ലാക്ക്,വൈറ്റ് നിറങ്ങളാണ് ഈയൊരു ആർട്ട് വർക്കിനായി ഉപയോഗപ്പെടുത്തുന്നത്.എന്നാൽ ഓരോരുത്തർക്കും തങ്ങളുടെ താൽപര്യപ്രകാരം വ്യത്യസ്ത നിറങ്ങളിൽ വേണമെങ്കിലും മണ്ഡല ആർട്ട്‌ പരീക്ഷണം നടത്താവുന്നതാണ്.ഒരു
തവണ പഠിച്ചെടുത്തു കഴിഞ്ഞാൽ ഇന്റീരിയർ ഡിസൈനർമാരുമായുള്ള പരിചയം വച്ച് ബിസിനസ് എന്ന രീതിയിൽ പോലും ഇവ ആരംഭിക്കാൻ സാധിക്കും.

അകത്തളങ്ങൾക്ക് നൽകും പോസിറ്റീവ് എനർജി

സാധാരണ ഒരു ആർട്ട് വർക്ക് എന്നതിലുപരി വീടിനകത്ത് ഒരു പോസിറ്റീവ് എനർജി നിറയ്ക്കാൻ മണ്ഡല ആർട്ട്‌ വർക്കുകൾക്ക് സാധിക്കും എന്നതാണ് പ്രത്യേകത. ആശയങ്ങൾ നല്ല രീതിയിൽ പ്രാവർത്തികമാക്കാൻ സാധിക്കുന്നവർക്ക് മണ്ഡല വർക്കിൽ തന്നെ വ്യത്യസ്ത ആശയങ്ങൾ കൂട്ടിക്കലർത്തി ചിത്രങ്ങൾ വരയ്ക്കാനും സാധിക്കും. വ്യത്യസ്ത നിറങ്ങൾ ഉപയോഗപ്പെടുത്തി ഡോട്ട് വർക്ക് ചെയ്തെടുക്കുന്ന മണ്ഡല ആർട്ട് വർക്കുകൾ ചുമരുകളിൽ ഒരു പ്രത്യേക ഭംഗി തന്നെ നൽകുന്നു. വ്യത്യസ്ത അളവുകൾക്ക് അനുസരിച്ച് വരച്ചെടുക്കുന്ന ഡിസൈനുകളിൽ വളരെ വലിയ പ്രത്യേകതകൾ കൊണ്ടു വരാൻ സാധിക്കും.

ഏകദേശം 500 രൂപയിൽ തുടങ്ങുന്ന മണ്ഡല ആർട്ട് വർക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.മണ്ഡല ആർട്ട് വർക്കുകൾ ചെയ്യുന്നതിനായി ക്യാൻവാസ്,ക്രാഫ്റ്റ് പേപ്പർ ഇങ്ങിനെ ഏത് മീഡിയം വേണമെങ്കിലും തിരഞ്ഞെടുക്കാം. അതേസമയം പെയിന്റ് ആയി ഉപയോഗപ്പെടുത്തുന്നത് അക്രിലിക് പെയിന്റ്, ഡ്രോയിങ് പെൻ എന്നിവയെല്ലാമാണ്. വരച്ചെടുത്ത ക്യാൻവാസ് ചിത്രങ്ങൾ ഫ്രെയിം ചെയ്ത് വ്യത്യസ്ത ആകൃതികളിൽ ചുമരുകളിൽ പിടിപ്പിക്കാം.

ഇന്റീരിയർ വാളുകളിൽ അഴക് നിറയ്ക്കുമ്പോൾ

ഫോട്ടോ വാൾ രൂപത്തിൽ ഇന്റീരിയർ അലങ്കരിക്കാൻ താല്പര്യപ്പെടുന്നവർക്ക് മണ്ഡല ആർട്ട് വർക്കുകൾ ഫ്രെയിം ചെയ്ത് വ്യത്യസ്ത വലിപ്പത്തിൽ അറേഞ്ച് ചെയ്ത് നൽകാവുന്നതാണ്. മാത്രമല്ല വീട്ടിൽ ഒഴിഞ്ഞ ബോട്ടിലുകൾ ഉണ്ടെങ്കിൽ അവയിൽ ഇത്തരം വർക്കുകൾ ചെയ്ത് ചെറിയ ഇൻഡോർ പ്ലാന്റുകൾ നൽകുന്നത് പോക്കറ്റ് കീറാതെ ഇന്റീരിയർ അലങ്കരിക്കാനുള്ള ഒരു മാർഗമാണ്. കുപ്പികളിലാണ് ആർട്ട് വർക്ക് ചെയ്യുന്നത് എങ്കിൽ ആദ്യം ഒരു ബേസ് കോട്ട് അടിച്ച ശേഷം അതിന് കോൺട്രാസ്‌റ്റ് ആയ നിറങ്ങൾ ഉപയോഗപ്പെടുത്തി വേണം മണ്ഡല ചെയ്യാൻ. തുടർന്ന് ഇവ ഉണങ്ങാനായി സൂര്യപ്രകാശത്തിൽ വയ്ക്കണം.

നല്ല രീതിയിൽ ബോട്ടിൽ ഉണങ്ങാനുള്ള സമയം നൽകിയിട്ടില്ല എങ്കിൽ ഡോട്ടുകൾ മാഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. മണ്ഡല ആർട്ട് വർക്ക് ചെയ്യുന്നതിന് ആവശ്യമായ കിറ്റുകളും ഇന്ന് ഓൺലൈൻ വെബ്സൈറ്റുകളിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഓരോരുത്തർക്കും ഇഷ്ടാനുസരണം വ്യത്യസ്ത അളവിലുള്ള ഡോട്ടുകളിൽ ഏത് വേണം എന്നതനുസരിച്ച് അതിനാവശ്യമായ ടൂൾ തിരഞ്ഞെടുക്കാവുന്നതാണ്.

മണ്ഡല ആർട്ട് ഇന്റീരിയർ അലങ്കാരമാകുമ്പോൾ അവ ചെയ്യേണ്ട രീതികൾ മനസിലാക്കി സ്വന്തമായി തന്നെ വീടിന്റെ ഇന്റീരിയർ അലങ്കരിക്കാം.