ലിവിങ് ഏരിയയും അലങ്കാരങ്ങളും.

ലിവിങ് ഏരിയയും അലങ്കാരങ്ങളും.ഏതൊരു വീടിനെയും സംബന്ധിച്ച് ഏറ്റവും ശ്രദ്ധ നൽകേണ്ട ഒരിടമായി ലിവിങ് ഏരിയയെ കണക്കാക്കാം.

വീട്ടിലേക്ക് വരുന്ന അതിഥികൾ കൂടുതൽ സമയം ചിലവഴിക്കുന്ന ഒരിടം ലിവിങ് ഏരിയ ആയിരിക്കും .

പുറത്തു നിന്ന് വരുന്നവർ മാത്രമല്ല വീട്ടിനകത്ത് ഉള്ളവരും പലപ്പോഴും ടിവി കാണാനും മറ്റും കൂടുതൽ സമയം ചിലവഴിക്കുന്ന ഇടം ലിവിങ് ഏരിയ തന്നെയാണ്.

അതുകൊണ്ടുതന്നെ ഒരു വീട് എത്രത്തോളം ഭംഗിയാക്കി വയ്ക്കാം എന്നതിനുള്ള ഒരു ഉദാഹരണമായി ലിവിങ് ഏരിയയെ കാണാവുന്നതാണ്.

വീട്ടിലേക്ക് ആവശ്യമായ അലങ്കാര വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തരുടെയും ആവശ്യങ്ങൾ പലതായിരിക്കും. കാലത്തിനനുസരിച്ച് അലങ്കാരവസ്തുക്കൾ തിരഞ്ഞെടുക്കുമ്പോഴും മാറ്റങ്ങൾ കൊണ്ടു വരുന്നതാണ് പുതിയ രീതി.

പഴയ രീതിയിൽ നിന്നും വ്യത്യസ്തമായി ലിവിങ് റൂം നിറയെ ഫർണിച്ചറുകൾ, ഫോട്ടോകൾ, ടോയ്സ് എന്നിവ നിറക്കുന്ന രീതി ഇപ്പോൾ പലരും ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല.

അതേസമയം മിനിമൽ ആയ ഡിസൈൻ ഫോളോ ചെയ്തു കൊണ്ട് വീടിനെ ഭംഗിയാക്കുക എന്ന രീതിയാണ് മിക്ക ആളുകളും ഫോളോ ചെയ്യുന്നത്.

ലിവിങ് ഏരിയ ഭംഗിയാക്കാനായി അലങ്കാര വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതല്ലെങ്കിൽ അലങ്കാരം അലങ്കോലമാകാനുള്ള സാധ്യതയും കുറവല്ല.

ലിവിങിന് ആവശ്യമായ അലങ്കാര വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ലിവിങ് ഏരിയയും അലങ്കാരങ്ങളും

ലിവിങ് ഏരിയയിൽ വലിയ വാൾ സ്പേസ് ഉണ്ടെങ്കിൽ ഭംഗിയാക്കാനായി നല്ല പെയിന്റിംഗ്സ് തിരഞ്ഞെടുക്കാവുന്നതാണ്.

ഇതിനായി വലിയ വിലകൊടുത്ത് പെയിന്റിങ്സ് വാങ്ങണം എന്നില്ല നിങ്ങളുടെ വീട്ടിൽ പ്രിന്റർ ഉണ്ടെങ്കിൽ ഗൂഗിളിലോ മറ്റോ സെർച്ച് ചെയ്ത് ഭംഗിയുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്ത് അവ പ്രിന്റ് എടുത്ത ശേഷം വില കുറഞ്ഞ ഫോട്ടോ ഫ്രെയിമുകൾ വാങ്ങി ഭംഗിയാക്കി സജ്ജീകരിച്ച് നൽകാൻ സാധിക്കും.

ചെറിയ വാളുകൾക്ക് വേണ്ടി ഫോട്ടോകൾ തിരഞ്ഞെടുക്കുമ്പോൾ ഒരു കാരണവശാലും വലിയ ഫ്രെയിം തിരഞ്ഞെടുക്കാൻ പാടുള്ളതല്ല.

വാൾ ഡെക്കർ ചെയ്യാൻ എപ്പോഴും ഏറ്റവും അനുയോജ്യമായ ഫോട്ടോകൾ നിങ്ങളുടെ ജീവിതത്തിൽ ധന്യ മുഹൂർത്തങ്ങൾ സമ്മാനിച്ച നിമിഷങ്ങളുമായി ബന്ധപ്പെട്ടവ തന്നെയാണ്.

കുട്ടികളുടെ വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഫോട്ടോ കൊളാഷ്, അതല്ല എങ്കിൽ ഫാമിലി ഫോട്ടോസ് എന്നിവ ആവശ്യമുള്ള വലിപ്പത്തിൽ ഫ്രെയിം ചെയ്ത് ചുമരിൽ നൽകാവുന്നതാണ്.

കലാപരമായി താല്പര്യമുള്ളവർക്ക് കലയുമായി ബന്ധപ്പെട്ട ഫോട്ടോകൾ തിരഞ്ഞെടുത്ത് അവയും വാളിൽ നൽകാം.

ഫോട്ടോകൾ അറേഞ്ച് ചെയ്യുമ്പോൾ അവ എത്രമാത്രം ഭംഗി ഉണ്ടാകും എന്ന് അറിയുന്നതിനായി ഫ്ലോറിൽ ഒരു സെല്ലോ ടേപ്പ് ഉപയോഗിച്ച് സ്ക്വയർ ഷേപ്പിൽ ആവശ്യമുള്ള ഭാഗത്തിന്റെ അളവെടുത്ത് ഒട്ടിച്ച് നൽകുകയും അവിടെ ചെയ്യാനുദ്ദേശിക്കുന്ന ഫോട്ടോ അറേഞ്ച് മെന്റ് സെറ്റ് ചെയ്തു നോക്കുകയും ചെയ്യാവുന്നതാണ്.

ഡെക്കോർ ഐറ്റംസ് തിരഞ്ഞെടുക്കുമ്പോൾ

ലിവിങ് റൂമിൽ നിറയെ സാധനങ്ങൾ വയ്ക്കുന്നതിനു പകരം വളരെയധികം ശ്രദ്ധയോടു കൂടി തിരഞ്ഞെടുത്ത കുറച്ച് സാധനങ്ങൾ മാത്രം അറേഞ്ച് ചെയ്ത് നൽകുന്നത് ഒരു പ്രത്യേക ലുക്ക് ലിവിങ് ഏരിയക്ക് നൽകും. ഇതിനായി വിന്റെജ് ടൈപ്പ് ഐറ്റംസ്, ബ്രാസ് ഫിനിഷിങ്ങിൽ തീർത്ത വിഗ്രഹങ്ങൾ, ചെറിയ സ്റ്റാച്യു എന്നിവയെല്ലാം ഉപയോഗിക്കാം. എല്ലാ കാലത്തും ഒരേ രീതിയിൽ ട്രെൻഡിങ് ആയി നിൽക്കുന്ന സാധനങ്ങൾ നോക്കി തിരഞ്ഞെടുക്കുകയാണെങ്കിൽ അവ വീടിന്റെ ലുക്ക്‌ ഒരേ രീതിയിൽ നില നിർത്തുന്നതിനായി സഹായിക്കും.

വാളിൽ ഫിറ്റ് ചെയ്യാവുന്ന രീതിയിൽ ചെറിയ ഡിസൈനുള്ള ഷെൽഫുകൾ ഉപയോഗപ്പെടുത്തുക യാണെങ്കിൽ അവയ്ക്ക് മുകളിൽ സാധനങ്ങൾ സൂക്ഷിക്കാനും സാധിക്കും. വിന്റെജ് ടൈപ്പ് ഫോണുകൾ, റേഡിയോ എന്നിവ അലങ്കാരവസ്തുക്കളായി ഉപയോഗപ്പെടുത്താം. പുസ്തകങ്ങൾ അടുക്കി വയ്ക്കാനായി ഒരു ചെറിയ ഷെൽഫ് നൽകുന്നത് എപ്പോഴും ഗുണം ചെയ്യും. ഷെൽഫിന് ഇടയിൽ ആവശ്യമില്ലാത്ത സ്പേസ് വരുന്നുണ്ടെങ്കിൽ അവിടെ ചെറിയ ഇൻഡോർ പ്ലാന്റ് ഉപയോഗപ്പെടുത്തുന്നത് കൂടുതൽ നല്ലതാണ്.

ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ

പ്രകാശം നൽകുന്ന ഒരു വസ്തു എന്നതിലുപരി ആഡംബര ത്തിന്റെ രൂപമായി ലൈറ്റുകൾ ഇന്ന് മാറിയിരിക്കുന്നു. ഇവയിൽ തന്നെ മിനിമൽ ഡിസൈൻ ഉപയോഗപ്പെടുത്തിയുള്ള ലൈറ്റുകൾ തിരഞ്ഞെടുക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. ഇവയിൽ തന്നെ ഷാൻലിയറുകൾ ലിവിങ് റൂമിൽ ഭംഗിയും വെളിച്ചവും ഒരേ രീതിയിൽ നൽകുന്നതിനു സഹായിക്കും.

ലിവിങ് റൂമിൽ ഫോൾസ് സീലിങ് വർക്കുകൾ ചെയ്തിട്ടുണ്ടെങ്കിൽ അവക്കിടയിൽ വ്യത്യസ്ത നിറങ്ങളിലുള്ള സ്പോട്ട് ലൈറ്റുകൾ നൽകാവുന്നതാണ്. Tv പാനൽ നൽകുമ്പോഴും ചെറിയ സ്പോട്ട് ലൈറ്റുകൾ നൽകി പ്രത്യേക ഭംഗിയിൽ സജ്ജീകരിക്കാവുന്നതാണ്. വ്യത്യസ്ത ഡിസൈനുകളിലുള്ള എൽഇഡി ബൾബുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. വീടിന്റെ ഇന്റീരിയറിനോട് അനുയോജ്യമായ നിറങ്ങളിലുള്ള ലൈറ്റുകൾ വ്യത്യസ്ത ഷേപ്പിൽ ആവശ്യാനുസരണം തിരഞ്ഞെടുത്ത് ലിവിങ് റൂം കൂടുതൽ അലങ്കരിക്കാം.

ലിവിങ് ഏരിയയും അലങ്കാരങ്ങളും തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾക്ക് കൂടി പ്രാധാന്യം നൽകുന്നത് കൂടുതൽ നല്ലതായിരിക്കും.