കുപ്പികളിൽ വിരിയുന്ന അലങ്കാര വിസ്മയങ്ങൾ.

കുപ്പികളിൽ വിരിയുന്ന അലങ്കാര വിസ്മയങ്ങൾ.വീട് അലങ്കരിക്കാൻ എന്ത് ഉപയോഗപ്പെടുത്തുമെന്ന് ചിന്തിക്കുന്നവർക്ക് ബോട്ടിൽ ആർട്ട് എന്ന ആശയം പുതിയതായി പരിചയപ്പെടുത്തേണ്ടതില്ല.

എന്നാൽ ബോട്ടിൽ ആർട്ട് എന്നതു കൊണ്ട് പലരും ഉദ്ദേശിക്കുന്നത് അക്രലിക് പെയിന്റും,ചായങ്ങളും ഉപയോഗപ്പെടുത്തി കൊണ്ടുള്ള പെയിന്റിംഗ് രീതിയായിരിക്കും.

അതിലുമുപരി കുപ്പികൾ കൊണ്ട് പല രീതിയിൽ ഉള്ള അലങ്കാരങ്ങങ്ങളും വീടിനകത്ത് നൽകാൻ സാധിക്കും എന്നത് പലരും ചിന്തിക്കുന്നില്ല.

വ്യത്യസ്ത ആകൃതിയിലും നിറത്തിലും വലിപ്പത്തിലുമുള്ള കുപ്പികൾ വ്യത്യസ്ത രീതികളിൽ ഉപയോഗപ്പെടുത്തി കുറഞ്ഞ ചിലവിൽ വീടിനുള്ളിൽ അലങ്കാരമാക്കി മാറ്റാൻ സാധിക്കും.

വലിയ വില കൊടുത്തു വാങ്ങുന്ന ആഡംബര വസ്തുക്കളെക്കാൾ കാഴ്ചയിൽ ഭംഗിയും അതേ സമയം സ്വന്തമായി ചെയ്ത ആർട്ട്‌ വർക്ക് എന്ന അഭിമാനവും സ്വന്തമാക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ അവസരം തന്നെയാണ് ഇത്.

വീടിന്റെ അകത്തളം ആകർഷകമാക്കാൻ കുപ്പിയിൽ പ്രതീക്ഷിക്കാവുന്ന ചില അലങ്കാര വിസ്മയങ്ങളെ പറ്റി വിശദമായി മനസിലാക്കാം.

കുപ്പികളിൽ വിരിയുന്ന അലങ്കാര വിസ്മയങ്ങൾ

കുപ്പികളിൽ പെയിന്റ് ചെയ്ത ഭംഗിയാക്കാൻ വലിയ രീതിയിലുള്ള കഴിവിന്റെ ആവശ്യമൊന്നുമില്ല.

ചെറിയ രീതിയിൽ ചിത്രങ്ങൾ വരയ്ക്കാനും നിറങ്ങൾ നൽകാനും അറിയുന്ന ഏതൊരാൾക്കും വളരെ എളുപ്പത്തിൽ കുപ്പികളിൽ പെയിന്റ് ചെയ്തു ഭംഗിയാക്കാം.

അതോടൊപ്പം തന്നെ കുപ്പികൾക്ക് മുകളിൽ ഒട്ടിച്ചു നൽകാവുന്ന സ്റ്റിക്കർ രൂപത്തിലുള്ള പ്രത്യേക മെറ്റീരിയലുകളും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഇവ സ്വന്തം വീടിന്റെ ഇന്റീരിയർ അലങ്കരിക്കുന്നതിന് മാത്രമല്ല നല്ല രീതിയിൽ ചെയ്തെടുക്കാൻ സാധിക്കുകയാണെങ്കിൽ ഒരു ബിസിനസ് എന്ന രീതിയിലും മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും.

പഴയ കുപ്പികൾ നല്ല രീതിയിൽ അലങ്കരിച്ച് ലിവിങ് ഏരിയയിലെ ഷോക്കേസുകൾ, നിഷേ സ്പേസ് പോലുള്ള ഭാഗങ്ങളും ഭംഗിയാക്കാം.

ആക്രിലിക് പെയിന്റ്, ഗ്ലാസ് പെയിന്റ് എന്നിവയിൽ വർണ്ണ വിസ്മയങ്ങൾ തീർത്ത് അതിനകത്ത് ചെടികൾ നട്ടു പിടിപ്പിക്കുന്നതും വളരെയധികം ട്രെൻഡിങ് ആയ രീതിയാണ്.

കുപ്പി അലങ്കരിക്കുന്നതിന് വേണ്ടി വ്യത്യസ്ത നിറങ്ങളിലുള്ള നൂലുകൾ മുത്ത്, സ്റ്റോൻസ് എന്നിവയും ഇഷ്ടാനുസരണം ഉപയോഗപ്പെടുത്താം.

ഓൺലൈൻ വെബ്സൈറ്റുകളിൽ ബോട്ടിൽ ആർട്ടിന് ആവശ്യമായ എല്ലാവിധ ഉല്പന്നങ്ങളും കുറഞ്ഞ വിലയിൽ ഇപ്പോൾ ലഭിക്കുകയും ചെയ്യുന്നുണ്ട്.

കുപ്പിക്കുള്ളിൽ തീർക്കാം പൂന്തോട്ടം

കേൾക്കുമ്പോൾ വളരെയധികം വിസ്മയം തോന്നുമെങ്കിലും വിപണിയിൽ വളരെയധികം ഡിമാൻഡുള്ള ഒന്നാണ് ഗ്ലാസിൽ തീർത്ത ടെറാറിയങ്ങൾ. ചെറിയ കുപ്പികളിൽ അല്ല മറിച്ച് വായ് വട്ടമുള്ള ഭരണി പോലുള്ള ചില്ല് പാത്രങ്ങൾ , ഗ്ലാസ് മഗുകൾ എന്നിവയിലെല്ലാം ഇത്തരത്തിൽ ടെറാറിയം സജ്ജീകരിച്ചു നൽകാൻ സാധിക്കും. പേര് കേൾക്കുമ്പോൾ കാര്യം പിടി കിട്ടാത്തവർക്കായി വട്ടമുള്ള ഒരു കുപ്പി ക്കകത്തു മണ്ണ് ഇട്ട് ഈർപ്പം നില നിൽക്കുന്ന രീതിയിൽ കള്ളിമുൾ ചെടികൾ പോലുള്ളവ നട്ടു പിടിപ്പിച്ച് പ്രത്യേക കൺസെപ്റ്റിന് അനുസരിച്ച് സെറ്റ് ചെയ്യുന്നതിനെയാണ് ടെറാറിയം എന്ന് പറയുന്നത്.

വിപണിയിൽ ഇവയ്ക്ക് നല്ല വില നൽകേണ്ടി വരുമെങ്കിലും സ്വന്തമായി ഒന്ന് ശ്രമിച്ചാൽ വളരെ കുറഞ്ഞ ചിലവിൽ ആർക്കു വേണമെങ്കിലും ഇവ ചെയ്തെടുക്കാൻ സാധിക്കും. പ്രധാനമായും ടെറാറിയം സെറ്റ് ചെയ്യുന്നതിന് മണൽ, ജൈവവളം, മണ്ണ് എന്നിവ അത്യാവശ്യ ഘടകങ്ങളാണ്. ചെറിയ രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന ഒരിടം നോക്കി ഇവ സെറ്റ് ചെയ്തു നൽകുകയാണെങ്കിൽ അലങ്കാരമായി കുപ്പിക്കകത്ത് കുഞ്ഞൻ പൂന്തോട്ടം ഒരുങ്ങുകയും അവ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുകയും ചെയ്യും.നേരിട്ട് പ്രകാശം തട്ടാത്ത വീടിന്റെ ഏത് മൂലയിൽ വേണമെങ്കിലും ഇവ സെറ്റ് ചെയ്ത് നൽകാം. മാത്രമല്ല കുപ്പിക്കുള്ളിൽ ആവശ്യത്തിന് ഈർപ്പം നില നിൽക്കുന്നതു കൊണ്ടു തന്നെ ഒരു ദിവസം നനയ്ക്കാൻ മറന്നാലും യാതൊരുവിധ കേടും പറ്റാത്ത പൂന്തോട്ടമായി ടെറാറിയം ഉപയോഗപ്പെടുത്താൻ സാധിക്കും.

കുപ്പിക്കുള്ളിൽ തീർക്കാം ലാമ്പ് ഷേഡുകൾ

കുപ്പിയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തി അവയ്ക്കുള്ളിൽ വ്യത്യസ്ത നിറങ്ങളിലോ ഒരേ നിറത്തിലോ ഉള്ള എൽഇഡി സ്ട്രിപ്പുകൾ ഇട്ടു നൽകിയാൽ ഇരുട്ടുള്ള സമയങ്ങളിൽ ആകാശത്തിലെ നക്ഷത്രങ്ങൾ വിണ്ണിലേക്ക് ഇറങ്ങി വന്ന ഒരു ഫീൽ ലഭിക്കും. മാത്രമല്ല ഇവ ബെഡ് ലൈറ്റ് രൂപത്തിലും ഉപയോഗപ്പെടുത്താം. ശൂന്യമായി കിടക്കുന്ന വൈൻ കുപ്പികളിൽ വെള്ളത്തിൽ വളരുന്ന ചെടികൾ നൽകി കിച്ചൺ, ഡൈനിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ പച്ചപ്പ് നിറയ്ക്കാം. വീടിനകത്ത് പച്ചപ്പ് നിറച്ചാൽ അത് ശ്വസിക്കുന്ന വായുവിന്റെ ക്വാളിറ്റിയും വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

ഡൈനിങ് ടേബിൾ പോലുള്ള ഏരിയകളിൽ പ്ലെയിൻ നിറത്തിലുള്ള കുപ്പികൾ ഉപയോഗപ്പെടുത്തി വ്യത്യസ്ത നിറത്തിലുള്ള ധാന്യങ്ങൾ നിറച്ച് കാൻഡിൽ ഹോൾഡർ ആയും ഉപയോഗപ്പെടുത്താം. ധാന്യങ്ങൾ മാത്രമല്ല ക്രിസ്റ്റൽസ്, സ്റ്റോൺസ് എന്നിവ ഉപയോഗപ്പെടുത്തിയും ബോട്ടിലുകൾ ഫിൽ ചെയ്ത് ഈ ഒരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. മറ്റൊരു മികച്ച രീതി ഒരു ബൗളിൽ നിറയെ വെള്ളം എടുത്ത് അതിൽ വ്യത്യസ്ത നിറങ്ങൾ കലർത്തി പൂക്കൾ നൽകി അകത്തളങ്ങൾക്ക് മിഴിവേകുന്ന രീതിയാണ്. ക്രിയേറ്റിവിറ്റി വാനോളം ഉണ്ടെങ്കിൽ വീട്ടിലെ കുപ്പികൾ ഇനി വേസ്റ്റ് ആകില്ല.

കുപ്പികളിൽ വിരിയുന്ന അലങ്കാര വിസ്മയങ്ങൾ മനസിലാക്കി ഇനി നിങ്ങൾക്കും വീടിനകം അലങ്കരിക്കാം.