വീടിന്‍റെ തേപ്പ് പണിയിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് പണി കിട്ടും.

ഒരു വീടിന്റെ നിർമ്മാണത്തിൽ ഓരോ ഘട്ടങ്ങൾക്കും അതിന്റെതായ പ്രാധാന്യമുണ്ട്. വീടിന്റെ സ്ട്രക്ച്ചറിങ് വർക്കുകൾ, വയറിങ് എന്നിവ പൂർത്തിയായി കഴിഞ്ഞാൽ അടുത്ത ഘട്ടം പ്ലാസ്റ്ററിങ് വർക്കുകൾ ആരംഭിക്കുക എന്നതാണ്.

തേപ്പ് അല്ലെങ്കിൽ പ്ലാസ്റ്ററിങ് വർക്കുകൾ നല്ലരീതിയിൽ ചെയ്തിട്ടില്ല എങ്കിൽ പിന്നീട് പല പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പലപ്പോഴും ലീക്കേജ് പോലുള്ള പ്രശ്നങ്ങൾ പ്ലാസ്റ്ററിങ് വർക്കുകൾക്ക് ശേഷം മാത്രമാണ് ശ്രദ്ധയിൽ പെടാറുള്ളത്.

അതുകൊണ്ടുതന്നെ ഒരു വീട് നിർമ്മിക്കുമ്പോൾ തേപ്പ് പണിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

തേപ്പ് പണിയിൽ അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

പ്രധാനമായും രണ്ട് രീതിയിലുള്ള തേപ്പ് പണികൾ ആണ് ഇപ്പോൾ വീട് പണിയിൽ ഉപയോഗപ്പെടുത്തുന്നത്. ഇതിൽ ആദ്യത്തെ രീതി സിമന്റ്, മണൽ എന്നിവ ഉപയോഗപ്പെടുത്തിയുള്ളതും,രണ്ടാമത്തെ രീതി ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗപ്പെടുത്തിയുള്ള തേപ്പുമാണ്. മുൻ കാലങ്ങളിൽ പ്രധാനമായും സിമന്റും,മണലും ഉപയോഗിച്ചുള്ള തേപ്പ് വർക്കുകൾ തന്നെയാണ് ചെയ്തിരുന്നത്. എന്നാൽ ഇന്ന് ജിപ്സം പ്ലാസ്റ്ററിങ് വർക്കുകളും ചെയ്യുന്നുണ്ട്.

തേപ്പ് പണി ആരെയെങ്കിലും ഏൽപ്പിച്ച് നൽകുന്നതിന് മുൻപ് അവർക്ക് ആ മേഖലയിലുള്ള പ്രാവീണ്യം എത്രയുണ്ട് എന്ന് അന്വേഷിച്ച് അറിയണം. അവർ മുമ്പ് ചെയ്ത വർക്കുകൾ പോയി കാണുന്നതും കൂടുതൽ നല്ലതാണ്.

അതല്ല പെട്ടെന്ന് ആരെയെങ്കിലും കണ്ടെത്തി തേപ്പ് വർക്കുകൾ ആരംഭിച്ച് പിന്നീട് അത് നല്ല രീതിയിൽ ആയില്ല എങ്കിൽ അത്രയും പണി ചെയ്തത് പോലും വേസ്റ്റ് ആകുന്ന അവസ്ഥയിലാകും.

വർക്ക് നടക്കുന്ന സമയത്ത് ജനാലകൾ ഫിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവ കവർ ചെയ്ത് വയ്ക്കുന്നതാണ് കൂടുതൽ നല്ലത്.

ഇതിനായി ഒരു പ്ലാസ്റ്റിക് കവറോ,മറ്റോ ഉപയോഗിക്കാവുന്നതാണ്. അതല്ല എങ്കിൽ പിന്നീട് ഡാമേജുകൾ, ക്രാക്ക് പോലുള്ള പ്രശ്നങ്ങൾ വരാനുള്ള സാധ്യതയുണ്ട്.വീടിന്റെ ഫ്ലോറിംഗ് കോൺക്രീറ്റ് ചെയ്ത ശേഷം മാത്രം പ്ലാസ്റ്ററിങ് വർക്കുകൾ ആരംഭിക്കുന്നതാണ് നല്ലത്.

അതല്ല പ്ലാസ്റ്ററിങ് വർക്കുകൾ പൂർത്തിയായി കോൺക്രീറ്റ് ചെയ്യുമ്പോൾ അത് പലപ്പോഴും മെറ്റീരിയൽ വേസ്റ്റ് ആവുന്നതിന് കാരണമാകാറുണ്ട്. കൂടാതെ വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ സിമന്റ് പോലുള്ളവ താഴെ വീണാൽ അത് പൂർണമായും കളയേണ്ട അവസ്ഥവരും.

പ്ലാസ്റ്ററിങ് വര്‍ക്കില്‍ മറന്നു പോകുന്ന കാര്യങ്ങള്‍

പ്ലാസ്റ്ററിങ് വർക്കുകൾ ചെയ്യുന്ന സമയത്ത് ഇലക്ട്രിക് പോയിന്റ് കൾ നല്ലരീതിയിൽ കവർ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. അതായത് പ്ലാസ്റ്ററിങ് വർക്കുകൾ ചെയ്യുന്ന സമയത്ത് വെള്ളമുപയോഗിച്ച് നനക്കേണ്ടി വരും.

ഇത് പ്ലെഗ് പോയിന്റ്കൾക്ക് ഉള്ളിൽ പോയി ഷോക്ക് പോലുള്ള കാര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.സാധാരണയായി വീടിന്റെ വയറിങ് വർക്കുകൾ പൂർത്തിയായ ശേഷമാണ് തേപ്പ് പണികൾ ആരംഭിക്കുന്നത്.

അതുകൊണ്ടുതന്നെ അതിനായി കുത്തിപ്പൊളിച്ച പൊടിയും മറ്റും അടിഞ്ഞു കൂടിയ അവസ്ഥയിലാണ് ഉണ്ടാവുക.

പ്ലാസ്റ്ററിങ് വർക്കുകൾ ആരംഭിക്കുന്നതിനു മുൻപായി ചുമര് നല്ലപോലെ ക്ലീൻ ചെയ്ത് നൽകാവുന്നതാണ്.

തേപ്പ് പണി തുടങ്ങുന്നതിന് രണ്ടു ദിവസം മുൻപോ തലേദിവസമോ ഇത്തരത്തിൽ ചുമര് ക്ലീൻ ചെയ്ത് ഇടുന്നതാണ് കൂടുതൽ നല്ലത്.

നല്ല രീതിയിൽ വെള്ളമടിച്ചു വേണം ചുമര് വൃത്തിയാക്കാൻ. പ്ലാസ്റ്ററിങ്‌ വർക്കുകൾ ചെയ്യുമ്പോൾ നല്ലരീതിയിൽ ചുമരിൽ നനവ് ഉണ്ടായിരിക്കണം.

തേപ്പ് പണിക്ക് വേണ്ടി കരാർ നൽകുമ്പോൾ പണി നൽകുന്നയാൾക്കും ചെയ്യുന്നവർക്കും നഷ്ടം ഇല്ലാത്ത രീതി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

കരാർ പണിക്കാർ മുൻപ് ചെയ്ത വീടിന്റെ സ്ക്വയർഫീറ്റ് ചോദിച്ച് മനസ്സിലാക്കി നിങ്ങളുടെ വീടിന്റെ സ്ക്വയർഫീറ്റ് കൂടി കണക്കാക്കി പണി നൽകുകയാണെങ്കിൽ വലിയ നഷ്ടം ഉണ്ടാവുകയില്ല.

പ്ലാസ്റ്ററിംഗ് വർക്കുകളിൽ പ്രത്യേകത പാറ്റേൺ ഡിസൈനുകൾ എന്നിവ ഉപയോഗപ്പെടുത്തുന്നണ്ടെങ്കിൽ അത് ആദ്യം തന്നെ പണിക്കാരോട് പറയണം. പണി മുഴുവൻ പൂർത്തിയായ ശേഷം ഇത്തരം വർക്കുകൾ ചെയ്താലും അവയ്ക്ക് പൂർണ്ണ ഭംഗി ലഭിക്കില്ല.

മണല്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • തേപ്പ് പണിക്കു വേണ്ടി തിരഞ്ഞെടുക്കുന്ന മണലിന് വളരെയധികം പ്രാധാന്യമുണ്ട്. ഏറ്റവും നല്ലത് പൂഴിമണൽ ഉപയോഗിച്ച് പ്ലാസ്റ്ററിംഗ് ചെയ്യുന്നതാണ്.
  • എന്നാൽ ഇപ്പോൾ അവ കൂടുതലായി ലഭിക്കുന്നില്ല.അതു കൊണ്ട് എംസാൻഡ് മണലുകൾ ആണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.
  • ഏത് രീതിയിലുള്ള മണൽ ആണ് ഉപയോഗിക്കുന്നത് എങ്കിലും അതിന്റെ ക്വാളിറ്റി ചെക്ക് ചെയ്ത് ഉറപ്പു വരുത്തേണ്ടതുണ്ട്.
  • ഫസ്റ്റ് ക്വാളിറ്റി മണൽ ഉപയോഗിച്ച് തന്നെ പ്ലാസ്റ്ററിങ് വർക്കുകൾ പൂർത്തിയാക്കിയാൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല.

ലേബേഴ്സിനെ വെച്ച് പണിയെടുക്കുമ്പോൾ പണി ഓരോ ദിവസവും എത്ര പൂർത്തിയായിട്ടുണ്ട് എന്ന് കൃത്യമായി കൺസ്ട്രക്ഷൻ സ്ഥലത്ത് പോയി തന്നെ മനസ്സിലാക്കണം.

അല്ലാത്തപക്ഷം ചിലപ്പോൾ കൂലി നഷ്ടം വരാനുള്ള സാധ്യതയുണ്ട്.

വീടുപണിയുടെ പ്ലാസ്റ്ററിങ് വർക്കുകൾ ചെയ്യുമ്പോൾ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ പിന്നീട് പ്രശ്നങ്ങളൊന്നും ഉണ്ടാകാനുള്ള സാധ്യത ഇല്ല.