റെഡിമെയ്ഡ് ബോർഡും വീട് നിർമ്മാണവും.വീട് നിർമ്മാണത്തിൽ പല രീതിയിലുള്ള ട്രെൻഡുകളും ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.

വീടിന്റെ ആർക്കിടെക്ചറിൽ മാത്രമല്ല ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈനിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ എന്നിവയിലും ഈ ഒരു വ്യത്യാസം കണ്ടു തുടങ്ങിയിരിക്കുന്നു.

പഴയ രീതികളിൽ ഭിത്തികൾ നിർമ്മിക്കാനായി തിരഞ്ഞെടുത്തിരുന്ന സിമന്റ്,മണൽ,കട്ട എന്നിവയ്ക്ക് ഇപ്പോൾ വില കൂടുതൽ ആയതും, ലഭ്യതക്കുറവും ആളുകളെ മറ്റു മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.

വളരെ കുറഞ്ഞ ചിലവിൽ ലേബർ കോസ്റ്റ് കുറച്ചു കൊണ്ടു തന്നെ നിർമ്മിക്കാവുന്ന മാർഗങ്ങളെപ്പറ്റിയാണ് മിക്ക ആളുകളും അന്വേഷിക്കുന്നത്.

ഭിത്തി, ഫ്ലോർ എന്നിവയുടെ നിർമ്മാണം വളരെ കുറഞ്ഞ ചിലവിൽ അതേസമയം കൂടുതൽ നല്ല രീതിയിലും ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു മെറ്റീരിയലാണ് റെഡിമെയ്ഡ് ബോഡുകൾ.

വീടു നിർമാണ സമയത്ത് ഒരൊറ്റ നില മാത്രം നൽകി മുകളിലത്തെ നില പിന്നീട് പണിയാനായി മാറ്റി വെച്ച വർക്കും റെഡിമെയ്ഡ് ബോർഡുകൾ വളരെയധികം ഉപകാരപ്രദമാണ്.

ബോർഡുകൾ ഉപയോഗപ്പെടുത്തി വീട് നിർമ്മിക്കുന്നതിനെ പറ്റി വിശദമായി മനസ്സിലാക്കാം.

റെഡിമെയ്ഡ് ബോർഡും വീട് നിർമ്മാണവും.

റെഡിമെയ്ഡ് ബോർഡുകൾ പുറംനാടുകളിൽ വീട് നിർമാണത്തിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.

നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് അവയോടുള്ള വിശ്വാസം വരാൻ കൂടുതൽ സമയം എടുത്തു എന്നതാണ് സത്യം.

കുറച്ചു ദിവസം കൊണ്ട് തന്നെ വീട് നിർമ്മാണം പൂർത്തിയാക്കാനായി റെഡിമെയ്ഡ് ബോർഡുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.

ഒരിക്കൽ നിർമിച്ച ഭിത്തികൾ ആവശ്യാനുസരണം പൊളിച്ച് മാറ്റാനും മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനും റെഡിമെയ്ഡ് ബോർഡുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

പ്രധാനമായും ബൈസൺ പാനൽ, സിമന്റ് ഫൈബർ ബോർഡ് എന്നിവയാണ് റെഡിമെയ്ഡ് ബോർഡുകളുടെ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്നത്. ഭിത്തികൾക്ക് ഉറപ്പു ലഭിക്കുമോ എന്ന് തോന്നുന്നവർക്ക് ഉള്ള ഉത്തരം 40 മുതൽ 60 ശതമാനം വരെ സിമന്റ് ഉപയോഗപ്പെടുത്തിയാണ് റെഡിമെയ്ഡ് ബോർഡുകൾ നിർമ്മിക്കുന്നത് എന്നതു തന്നെയാണ്. അതോടൊപ്പം തന്നെ പാർട്ടീഷൻ ബോർഡുകൾ നിർമ്മിക്കുന്നതിനായി മൈക്ക,സെല്ലുലോയ്ഡ് പോലുള്ള മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. സാധാരണ ഭിത്തികളെ വച്ച് താരതമ്യം ചെയ്യുമ്പോൾ ചൂട്,തണുപ്പ് എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി റെഡിമെയ്ഡ് ബോർഡുകൾക്ക് കൂടുതലാണ്.

രണ്ടാമത്തെ നില നിർമിക്കാൻ

വീടിന് ഒറ്റ നില മാത്രം നിർമ്മിച്ച് രണ്ടാമത്തെ നില പിന്നീട് നിർമ്മിക്കാനായി ഉദ്ദേശിക്കുന്നവർക്ക് റെഡിമെയ്ഡ് ബോർഡുകൾ തിരഞ്ഞെടുക്കുന്നത് ഒരു നല്ല ഓപ്ഷനാണ്. മാത്രമല്ല ഡബിൾ ഹൈറ്റ് രീതിയിൽ റൂഫിംഗ് നൽകിയ വീടുകൾക്ക് ഫ്ലോറിങ്ങിനു വേണ്ടി മെസനൈൻ ഫ്ലോറുകൾ നിർമിച്ച് നൽകാം.

റെഡിമെയ്ഡ് ബോർഡ് 4 തൊട്ട് 40 mm വരെ കനത്തിൽ ആവശ്യാനുസരണം മുറിച്ചെടുക്കാം.ഭിത്തികൾ നിർമിക്കുന്നതിനും ഫ്ലോറിങ് ചെയ്യുന്നതിനും വ്യത്യസ്ത തിക്നെസ് ഉള്ള ബോർഡുകളാണ് ഉപയോഗപ്പെടുത്തുക. തട്ട് രീതിയിൽ വീടിന്റെ മുകൾഭാഗം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ 16 mm തിക്ക്നെസ് ഉള്ള ഷീറ്റ് വേണം തിരഞ്ഞെടുക്കാൻ.

നിർമാണ രീതി

പ്രത്യേക ഫ്രെയിമുകൾ നിർമിച്ചാണ് റെഡിമെയ്ഡ് ബോർഡ്‌ സ്ക്രൂ ചെയ്ത് നൽകുന്നത്. അതിലേക്ക് ആവശ്യമായ ഇലക്ട്രിഫിക്കേഷൻ വർക്കുകൾ ഭിത്തി നിർമിക്കുമ്പോൾ തന്നെ ചെയ്ത് നൽകേണ്ടിവരും. ഫ്രെയിം നൽകുമ്പോൾ ഒരു ഭാഗത്ത് മാത്രമാണ് ബോർഡ്‌ നൽകുന്നത് എങ്കിൽ ചിലവ് കുറക്കാനായി സാധിക്കും. അതേ സമയം പൂർണ്ണമായും ശബ്ദത്തെ പ്രതിരോധിക്കണമെങ്കിൽ രണ്ടു ഭാഗങ്ങളിലും ബോർഡ് നൽകുന്നതാണ് കൂടുതൽ നല്ലത്. സാധാരണ ഭിത്തികളിൽ ചെയ്യുന്നതുപോലെ പണി പൂർത്തിയായി കഴിഞ്ഞാൽ പ്രൈമർ,വൈറ്റ് സിമന്റ് അല്ലെങ്കിൽ ഇഷ്ടമുള്ള പെയിന്റ് എന്നിവ നൽകുകയോ വാൾപേപ്പറുകൾ, ടെക്സ്ചർ വർക്കുകൾ എന്നിവ ചെയ്യുകയോ ആവാം.

ഒരിക്കൽ നിർമിച്ച ഭിത്തി മാറ്റണം എന്ന് തോന്നുകയാണെങ്കിൽ അവ അഴിച്ചെടുത്ത് ആവശ്യാനുസരണം മറ്റൊരിടത്ത് ഫിക്സ് ചെയ്ത് നൽകാവുന്നതാണ്.റെഡിമെയ്ഡ് ബോർഡുകൾ ഉപയോഗപ്പെടുത്തി മുകളിലത്തെ നില നിർമിക്കുകയാണെങ്കിൽ ഫ്ലോറിങ്ങിന് സാധാരണ രീതിയിൽ ഉപയോഗിക്കുന്ന ടൈലുകൾ അല്ലെങ്കിൽ ആവശ്യമുള്ള മെറ്റീരിയൽ തിരഞ്ഞെടുത്തു നൽകുന്നതിൽ യാതൊരുവിധ പ്രശ്നവും വരുന്നില്ല. എന്നാൽ ഫ്ലോറിങ് ചെയ്യുമ്പോൾ കോൺക്രീറ്റിംഗ് ചെയ്തതിനു ശേഷം മാത്രം ചെയ്യുകയാണെങ്കിൽ അത് ശബ്ദം ആഗിരണം ചെയ്യുന്നതിന് സഹായിക്കും. വീടിന്റെ ഭാരം കുറയ്ക്കൽ, സ്റ്റെയർകേസ്, വീട് റെനോവേഷൻ എന്നീ സന്ദർഭങ്ങളിലെല്ലാം വളരെയധികം ഉപകാരപ്രദമായ ഒരു മെറ്റീരിയലാണ് റെഡിമെയ്ഡ് ബോർഡുകൾ എന്ന കാര്യത്തിൽ സംശയമില്ല.

റെഡിമെയ്ഡ് ബോർഡും വീട് നിർമ്മാണവും തുടങ്ങുന്നതിന് മുൻപായി ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.