വീട് നിർമ്മാണത്തിലെ പുത്തൻ മാറ്റങ്ങൾ.കാലം മാറുന്നതിനനുസരിച്ച് വീട് നിർമ്മാണത്തിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

പഴയ വീടുകൾ റിനോവേറ്റ് ചെയ്യുന്നതും, മിനിമൽ ആശയങ്ങൾ പിന്തുടർന്നു കൊണ്ട് വീട് നിർമ്മിക്കുന്നതും പുത്തൻ ട്രെൻഡിന്റെ ഭാഗങ്ങളാണ്.

പണ്ടു കാലങ്ങളിൽ താമസിക്കാനുള്ള ഒരിടം എന്ന രീതിയിൽ മാത്രം കണ്ടു വന്നിരുന്ന വീടുകൾ ഇന്ന് ജോലി ചെയ്യാനും പഠന ആവശ്യങ്ങൾക്കുമുള്ള മൾട്ടിപർപ്പസ് ഇടങ്ങൾ ആയി മാറി എന്നതാണ് സത്യം.

പ്രത്യേകിച്ച് കോവിഡ് പശ്ചാത്തലത്തിൽ എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യാനും ക്ലാസുകൾ അറ്റൻഡ് ചെയ്യാനും തുടങ്ങിയതോടെ വീട്ടിനകത്ത് ഓരോ സ്പേസിനും ഉള്ള പ്രാധാന്യം വർദ്ധിച്ചു എന്ന് വേണം കരുതാൻ.

വീട് നിർമ്മാണത്തിലെ പുത്തൻ ട്രെൻഡുകൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീട് നിർമ്മാണത്തിലെ പുത്തൻ മാറ്റങ്ങൾ ഇവയെല്ലാമാണ്.

കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് കൂടി ആശയങ്ങൾ പങ്കിടാനുള്ള ഒരിടം എന്ന ആശയം പൂർണ്ണ അർത്ഥത്തിൽ പ്രാവർത്തികമാക്കുന്ന നിർമ്മാണ രീതികളാണ് ഇന്ന് കൂടുതൽ പേരും വീട് നിർമ്മാണത്തിൽ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്.

അതോടൊപ്പം തന്നെ പ്രകൃതിദത്തമായ ഉൽപ്പന്നങ്ങളോടും പ്രകൃതിയോട് ഇണങ്ങിയ രീതിയിലും വീട് നിർമിക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്.

ഇടക്കാലത്ത് വെച്ച് വീട് നിർമ്മാണത്തിൽ പ്രാധാന്യം നഷ്ടപ്പെട്ടു പോയ വരാന്തകൾ, ബാൽക്കണികൾ എന്നിവയ്ക്കെല്ലാം വീണ്ടും പ്രാധാന്യം വന്നു തുടങ്ങിയിരിക്കുന്നു.

വീട്ടിനകത്തേക്ക് ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കുന്നതിന് കോർട്ടിയാഡുകൾ, പാഷിയോ എന്നിവ സെറ്റ് ചെയ്യാൻ മിക്ക ആളുകളും ശ്രദ്ധ നൽകുന്നുണ്ട്.

വീട്ടിനകത്ത് ശുദ്ധ വായു ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി ഇൻഡോർ പ്ലാന്റുകളും. സ്ഥലപരിമിതി പ്രശ്നമായിട്ടുള്ള ഫ്ലാറ്റുകളിൽ ബാൽക്കണിയോട് ചേർന്ന് വെർട്ടിക്കൽ ഗാർഡനുകൾ, പച്ചക്കറി കൃഷി എന്നിവ നടത്താനും ആളുകളിൽ താല്പര്യം കൂടി തുടങ്ങി.

ഇതേ രീതിയിൽ മാറ്റം വന്ന മറ്റൊരു മേഖലയാണ് വളർത്തു മൃഗങ്ങൾ വീടിനകത്ത് ഇടം പിടിച്ചത്. പണ്ടുകാലത്ത് മൃഗങ്ങളെ വളർത്തുന്ന ശീലം പല വീടുകളിലും ഉണ്ടായിരുന്നുവെങ്കിലും വീട്ടിനകത്ത് വളർത്തുന്ന രീതി പലർക്കും താല്പര്യമുള്ള കാര്യമായിരുന്നില്ല.

എന്നാൽ ഇന്ന് അത് മാറി വീട്ടിൽ ഏതെങ്കിലും ഒരു വളർത്തുമൃഗമോ, പക്ഷികളോ , നിർബന്ധമാണ് എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു.

ഇന്റീരിയർ ഡിസൈനിലും വലിയ മാറ്റങ്ങൾ വന്നു.

ഇന്റീരിയർ ഡിസൈനിങ് രീതി ഉപയോഗപ്പെടുത്തി തുടങ്ങിയ കാലത്ത് നമ്മുടെ നാട്ടിൽ അവയ്ക്ക് ഉപയോഗിക്കുന്ന മെറ്റീരിയലുകളെ പറ്റി വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല.

എന്നാൽ ഇന്ന് എല്ലാവരും ഇന്റീരിയർ ഡിസൈനിങ് രീതികളെ പറ്റി അത്യാവശ്യം നല്ല ധാരണ ഉള്ളവരാണ്. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്ന മെറ്റീരിയൽ, തിരഞ്ഞെടുക്കുന്ന നിറങ്ങൾ എന്നിവയിലെല്ലാം വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നിട്ടുള്ളത്.

മിനിമൽ ഡിസൈൻ ഫോളോ ചെയ്ത് ലൈറ്റ് നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും പുതിയ ട്രെൻഡ്.

ഷെൽഫുകൾ, സ്റ്റോറേജ് സ്പേസ്,വാർഡ്രോബുകൾ എന്നിവ നിർമ്മിക്കുമ്പോഴും പുതിയ മാറ്റങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് നൽകാനാണ് എല്ലാവരും താൽപര്യപ്പെടുന്നത്.

വീടിന് അകത്തും പുറത്തും തിരഞ്ഞെടുക്കുന്ന പെയിന്റിന്റെ നിറങ്ങളുടെ കാര്യത്തിലും വലിയ മാറ്റങ്ങൾ വന്നു.

ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുക്കാൻ പലർക്കും താല്പര്യമില്ല. പേസ്റ്റൽ നിറങ്ങൾ അതല്ലെങ്കിൽ പൂർണ്ണമായും വൈറ്റ് എന്നിങ്ങനെയുള്ള തീമുകളിൽ വീട് അലങ്കരിക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്.

തിരഞ്ഞെടുക്കുന്ന ഉപകരണങ്ങളുടെയും ഫർണിച്ചറുകളുടെയും കാര്യത്തിലും വലിയ മാറ്റങ്ങൾ വന്നു.

പണ്ടുകാലത്ത് ഒരു ഏസി ഉപയോഗിച്ചിരുന്ന വീടുകൾ പോലും കുറവായിരുന്നുവെങ്കിൽ ഇന്ന് വീട്ടിൽ എല്ലാ ബെഡ്റൂമുകളിലും ഏസി നൽകുന്ന രീതിയാണ് ഉള്ളത്.

മാത്രമല്ല വീടിന്റെ സെക്യൂരിറ്റി ഉറപ്പു വരുത്തുന്നതിന് വേണ്ടി ഡിജിറ്റൽ ലോക്കുകൾ സ്മാർട്ട് ഹോം ഡിവൈസുകൾ, വോയിസ് അസിസ്റ്റന്റ് എന്നിങ്ങനെ ടെക്നോളജിയുടെ ഉപയോഗങ്ങൾക്കും വലിയ രീതിയിലുള്ള പ്രാധാന്യം വന്നു.

ഇത്തരത്തിൽ വീട് നിർമ്മാണത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി വന്നിട്ടുള്ളത് എന്ന് ആർക്കിടെക്റ്റുകൾ തന്നെ സമ്മതിച്ചു തരുന്ന കാര്യമാണ്.

വീട് നിർമ്മാണത്തിലെ പുത്തൻ മാറ്റങ്ങൾ മനസ്സിലാക്കി വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം കാര്യങ്ങൾ കൂടി ഉപയോഗപ്പെടുത്താം.