ലൈഫ് മിഷൻ പദ്ധതി – സംശയങ്ങളും ഉത്തരങ്ങളും part -1

കേരള സർക്കറിന്റെ ഭവന നിർമാണ പദ്ധതിയായ ലൈഫ് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് നിർമ്മിക്കുമ്പോൾ ഉയർന്ന് വരാറുള്ള സംശയങ്ങളും ഉത്തരങ്ങളും

  • ലൈഫ് മിഷൻ പദ്ധതി 2022ൽ  പുതിയ അപേക്ഷ സ്വീകരിക്കുമോ?

പദ്ധതിയിൽ 20-21 ൽ സ്വീകരിച്ച അപേക്ഷകളിന്മേൽ പരിശോധന നടത്തി പുതിയ ഗുണഭോക്‌തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നതേയുള്ളൂ. 2022 ൽ പുതിയ അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരുവുകൾ ഒന്നും നിലവിലില്ല.

  • ലൈഫ് മിഷനിലെ 2021ലേ,ഫൈനൽ ലിസ്റ്റ് അറിയാൻ എന്ത് ചെയ്യണം? ലൈഫ് ഭവനപദ്ധതിയിലെ അനുകൂല്യം പുതിയ ലിസ്റ്റിലെ അംഗങ്ങൾക്കു കിട്ടാൻ എത്ര കാലതാമസം എടുക്കും?

2021 ൽ ലൈഫ് മിഷൻ പുതിയ ലിസ്റ്റുകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. നിലവിലെ ലിസ്റ്റുകളിലെ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നല്കികൊണ്ടിരിക്കുകയാണ്. അത് പൂർത്തിയായ ശേഷമായിരിക്കും പുതിയ ലിസ്റ്റ് തയ്യാറാക്കുക

  • ലൈഫ് മിഷൻ പധ്യത്തിയിൽ എനിക്ക് വീട് ലഭിക്കുകയും അതിന്റെ ആദ്യ ഗഡു 40000 കിട്ടുകയും അതിൽ തറ ഇടുകയും ചെയ്തു.പിന്നീട് ബാക്കി പണം ഇതുവരെ കിട്ടിയില്ല. എന്ത് ചെയ്യണം?

ഫണ്ടിന്റെ ലഭ്യത കുറവായിരിക്കാം അടുത്ത ഗഡു ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നത്. നിർവ്വഹണ ഉദ്യോഗസ്ഥനോടും സെക്രട്ടറിയോടും എന്തുകൊണ്ടാണ് തുക അനുവദിക്കാത്തതെന്ന് അന്വേഷിക്കുക.

കാരണം അറിഞ്ഞാൽ മാത്രമേ തുടർ നടപടി വിശദീകരിക്കാൻ കഴിയുകയുള്ളൂ.

  • Life മിഷൻ അല്ലാതെ പഞ്ചായത്തിൽ നിന്നും വീട് പണിയാൻ ഉള്ള എന്തെങ്കിലും ആനുകൂല്യം ഉണ്ടോ?

ലൈഫ് മിഷന്റെ ഭവന പദ്ധതി അല്ലാതെ സർക്കാർ തലത്തിൽ മറ്റു ഭവന പദ്ധതികൾ ഒന്നും ഇപ്പോൾ നിലവിലില്ല.

ലൈഫ് മിഷൻ പദ്ധതി

  • Life mission വഴി കിട്ടിയ വീട് പൂര്‍ത്തികരണത്തിന് ശേഷം മറ്റൊരാളൂടെ സഹായത്തോടെയോ പേഴ്സണൽ ലോണിന്റെ സഹായത്തോടെയോ നിലവിലെ വീട് extend ചെയ്യുന്നതിന് പഞ്ചായത്തിൽ നിന്നും permission കിട്ടാൻ Life mission ന്റെ വീടായതുകൊണ്ട് എന്തെങ്കിലും തടസം ഉണ്ടാവുമോ? ആ ലോൺകൊണ്ട് വീട് extend ചെയ്യുന്നതിന് എന്തെങ്കിലും തടസം ഉണ്ടോ?

ലൈഫ്  ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച എല്ലാം ഗഡുക്കളും കൈപ്പറ്റിയിട്ടുള്ള വീടുകൾ, ബാങ്ക് വായ്പ ഉപയോഗിച്ചോ അല്ലാതെയോ  വിപുലീകരിക്കുന്നതിന് വിലക്കുകൾ ഒന്നും തന്നെ ഇല്ല.

അതിനാൽ ആ കാരണത്താൽ കെട്ടിടം വിപുലീകരിക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി ലഭിക്കുന്നതിന് തടസ്സം ഉണ്ടാകേണ്ടതില്ല. 12 വർഷത്തേക്ക് ആ വീട് കൈമാറ്റം ചെയ്യരുതെന്ന നിബന്ധന മാത്രമാണ് ഇത് സംബന്ധിച്ച് നിലവിലുള്ളത്.

  • എനിക്ക് ഭൂമിയും, വീടും ഇല്ല. വാടകക്കാണ് താമസം. സ്ഥിരമായി ഒരു വരുമാനവുമില്ല. എനിക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഒരു വീട് കിട്ടാൻ എന്ത് ചെയ്യണം ?

സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത വാടകയ്ക്ക് താമസിക്കുന്നവർ പദ്ധതിയുടെ മറ്റ് മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നുണ്ടെങ്കിൽ ലൈഫ്മിഷൻ സർവ്വേയിൽ ഉൾപ്പെട്ടിരിക്കുന്നതാണ്.

താങ്കളുടെ പേര് ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം ഗ്രാമ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. അത്തരത്തിൽ ലിസ്റ്റിൽ ഉൾപെട്ടിട്ടില്ലെങ്കിൽ പുതിയ അപേക്ഷകൾ ക്ഷണിക്കുന്നത് വരെ കാക്കുക.

  • എനിക്ക് 3.5 സെൻ്റിൽ സ്ഥലം ഉണ്ട് life mission പദ്ധതിയിൽ വീട് കിട്ടുമോ? ഞങ്ങൾക്ക് സ്വന്തമായി റേഷൻകാർഡ് ഇല്ല. എന്തൊക്കെയാണ് ഞങ്ങൾ ഇതിനായി ചെയ്യേണ്ടത്?

റേഷൻ കാർഡ് എത്രയും വേഗം എടുക്കുക. പുതിയ ഭവന നിർമ്മാണ അനുകൂല്യത്തിനായി അപേക്ഷ ക്ഷണിക്കുന്നത് വരെ കാത്തിരിക്കുക.

അർഹത മാനദണ്ഡങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ കാലാകാലങ്ങളിൽ പുതുക്കി നിശ്ചയിക്കാറുണ്ട്. അതനുസരിച്ചാണ് വീട് അനുവദിക്കുന്നത്.

  • അർഹത ഇല്ലാത്ത ആളുകൾക്ക് ലൈഫ് മിഷൻ സ്‌കീമിൽ ഭൂമിയും പാർപ്പിടവും നൽകുന്നതിൽ നിന്നും നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?

ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലെ അപേക്ഷകളിലെ അർഹത പരിശോധനക്കുശേഷം തയ്യാറാക്കപ്പെടുന്ന ലിസ്റ്റ് ഗ്രാമ സഭ/ വാർഡ് സഭയുടെ അഗീകാരത്തിനായി വരുന്ന അവസരത്തിൽ, അനർഹർ ലിസ്റ്റിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ, ആ കാര്യം അവിടെ ഉന്നയിക്കാവുന്നതും പഞ്ചായത്തിൽ/ മുനിസിപ്പാലിറ്റിയിൽ പരാതി നല്കാവുന്നതുമാണ്.

കൂടാതെ ഇത് സംബന്ധിച്ച പരാതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുൻപാകെ നല്കാവുന്നതുമാണ്. ഓംബുഡ്സ്മാനിൽ പരാതി നൽകേണ്ട മേൽവിലാസം ചുവടെ ചേർക്കുന്നു.

The Ombudsman For LSGIs Kerala,

Saphalyam Complex, 4th Floor,

Trida Building, University P.O.,

Thiruvananthapuram – 695034

ലൈഫ് മിഷൻ പദ്ധതി – സംശയങ്ങളും ഉത്തരങ്ങളും part -2