കെട്ടിട നിർമാണ നിയമം – സംശയങ്ങളും ഉത്തരങ്ങളും

ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമം ബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളുംമനസ്സിലാക്കാം

  • 5 അല്ലെങ്കിൽ 6 സെന്റ് ഭൂമിയിൽ എത്ര വലിയ വീട് വെക്കാൻ കഴിയും?


കെട്ടിട നിർമ്മാണ റൂൾസ് പ്രകാരം ഒരു വസ്തുവിനെ 65% കവറേജ് ഏരിയ ആണ്. അതായത് 100 സ്ക്വയർ ഫീറ്റ് സ്ഥലം നിങ്ങൾക്ക് ഉണ്ടെങ്കിൽ അതിൽ 65% മാത്രമേ കാവേർഡ് ഏരിയ ആയി കെട്ടിടം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ.

കവേർഡ് ഏരിയ എന്നാൽ ഗ്രൗണ്ട് ഫ്ലോറിന്റെ ഏരിയ ആണ്. തുടർന്ന് മുകളിലേക്ക് നിലകൾ പണിയുന്നുണ്ടെങ്കിൽ FSI (Floor Area Index ) അനുസരിച്ച് ആണ് ഏരിയ തീരുമാനിക്കുന്നത്. സിംഗിൾ ഫാമിലി റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് FSI 3 ആയാണ് നിജപ്പെടുത്തി ഇരിക്കുന്നത്.


FSI=total floor area/plot area


അതായത് മുഴുവൻ ഫ്ലോർ ഏരിയയെ പ്ലോട്ട് ഏരിയ കൊണ്ട് ഹരിക്കുമ്പോൾ 3ൽ കൂടാൻ പാടില്ല. ആ ഒരു പരിധി മനസ്സിലാക്കി വേണം മുകളിലത്തെ നിലകൾ പണിയുവാൻ.

  • എത്ര ഉയരത്തിൽ വരെ വീട് നിർമിക്കാം?


സിംഗിൾ ഫാമിലി റെസിഡൻഷ്യൽ ബിൽഡിങ്ങുകൾക്ക്‌ 10 മീറ്റർ ഉയരത്തിൽ വരെ വീടു നിർമ്മിക്കാമെന്ന പരിധിയാണ് വെച്ചിരിക്കുന്നത്. അതായത് യാർഡ് ലെവലിൽ നിന്ന് 10 മീറ്റർ ഉയരം വരെ വീട് നിർമ്മിക്കാനാവും.

മൂന്നുനില ബിൽഡിങ് ആണ് എങ്കിൽ 10 മീറ്റർ ഉള്ളിൽ നിന്ന് വേണം ഉയരം തീരുമാനിക്കാൻ. ഇതിൽ കൂടുതൽ ഉയരത്തിൽ നിർമിക്കാം പക്ഷേ സെറ്റ്ബാക്കിലും മറ്റും മാറ്റങ്ങൾ വരും. ആ മാറ്റങ്ങൾ കൃത്യമായി ഉൾക്കൊണ്ട് അതിനനുസരിച്ച് ഉയരത്തിൽ വീട് നിർമ്മിക്കാവുന്നതാണ്.

  • സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ എത്ര അകലം വേണം? അതിരിൽ നിന്ന് എത്ര മാറി വേണം ഇവ നിർമ്മിക്കാൻ?


സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ ഉള്ള അകലം നിശ്ചയിച്ചിരിക്കുന്നത് 7.5m ആണ്. ജലസ്രോതസായ കിണറിന്റെ 7.5 മീറ്റർ പരിധിയിൽ യാതൊരു തരത്തിലുള്ള മാലിന്യ സംസ്കരണ കുഴികളോ, സെപ്റ്റിക് ടാങ്കോ, സോക് പിറ്റോ സ്ഥാപിക്കാൻ പാടില്ല.


അതുപോലെതന്നെ സെപ്റ്റിക് ടാങ്ക് കിണർ തുടങ്ങിയവ അതിരിൽ നിന്ന് 1.2 മീറ്റർ അകലത്തിൽ മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ എന്നും നിജപ്പെടുത്തിയിട്ടുണ്ട്. റോഡിൽനിന്ന് ആണെങ്കിൽ കെട്ടിടത്തിന്റെ സെറ്റ്ബാക്കിന് തുല്യമായ അകലം പാലിച്ചു വേണം വീട് നിർമിക്കാൻ.


2.5 – 3 സെന്റ് സ്ഥലമുള്ള പ്ലോട്ടുകളിൽ റോഡിൽനിന്ന് എത്ര മാറ്റി വേണം വീട് നിർമിക്കാൻ
3 സെന്റ് മുകളിലുള്ള ഏത് പ്ലോട്ടിലും റോഡിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ മാത്രമേ വീട് നിർമ്മിക്കുവാൻ പാടുള്ളൂ. 3 സെന്റിൽ താഴെയുള്ള പ്ലോട്ടുകളിൽ സെറ്റ്ബാക്ക് ആയി രണ്ട് മീറ്റർ മാത്രം ഒഴിച്ചിട്ടാൽ മതിയാകും.

കെട്ടിട നിർമാണ നിയമം

  • പ്ലോട്ടിന്റെ മുകളിലൂടെ ഇലക്ട്രിക് ലൈൻ കടന്നു പോകുന്നുണ്ടെങ്കിൽ അവിടെ വീട് വെക്കാൻ സാധിക്കുമോ?


സാധിക്കും. ഇലക്ട്രിക് ലൈനിൽ നിന്ന് നിശ്ചിത അകലം പാലിച്ച് ഏതുതരം കെട്ടിടവും നിർമ്മിക്കാൻ കഴിയും. ഹൊറിസോണ്ടൽ ആയി 1.2 മീറ്റർ അകലവും വെർട്ടിക്കൽ ആയി 2.5 മീറ്റർ അകലവും പാലിച്ചു വേണം വീട് നിർമ്മിക്കാൻ.


ഹൈ വോൾട്ടേജ് ഇലക്ട്രിക് ലൈൻ ആണ് കടന്നു പോകുന്നത് എങ്കിൽ ഹൊറിസോണ്ടൽ ആയി 2 മീറ്റർ അകലവും വെർട്ടിക്കൽ ആയി 3.7 മീറ്റർ അകലവും പാലിക്കുക.

  • സൺഷെഡിന്റെ അളവ് എത്ര വരെ പുറത്തേക്ക് തള്ളാൻ കഴിയും?


2 അടി വരെ സെറ്റ്ബാക്ക് ആണ് എങ്കിൽ 0.3 m (30cm) വരെ സൺഷെഡ് പുറത്തേക്ക് തള്ളി നിറുത്താനുള്ള അനുവാദമുള്ളൂ.

1-1.5 m വരെ സെറ്റ്ബാക്ക് ഉള്ള കെട്ടിടങ്ങളിൽ 0.6 m പ്രൊജക്ഷൻ അനുവദനീയമാണ്.1.5 m മുകളിൽ സെറ്റ്ബാക്ക് ഉള്ള കെട്ടിടങ്ങളിൽ 0.75 m ഷെഡിന്റെ പ്രൊജക്ഷനും ചെയ്യാവുന്നതാണ്.

  • കോമ്പൗണ്ട് മതിൽ കെട്ടുന്നതിന് പെർമിഷൻ വാങ്ങണമോ?


ബിൽഡിംഗ് റൂൾ 2019 ചട്ടം 69 23 പ്രകാരം കോമ്പൗണ്ട് മതിൽ കെട്ടുന്നതിനും പെർമിഷൻ വാങ്ങേണ്ടതാണ്. പ്രത്യേകിച്ച് നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ പ്രധാന റോഡുകൾ ഇവയോട് ചേർന്നുള്ള മതിൽ നിർമ്മാണത്തിന് തീർച്ചയായും പെർമിറ്റ് എടുക്കേണ്ടതാണ്.


പെർമിറ്റ് എടുക്കുന്നതിനായി വെള്ളപേപ്പറിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പൊസഷൻ സർട്ടിഫിക്കറ്റും സൈറ്റ് പ്ലാനും അടക്കം പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അതേപോലെ കോമ്പൗണ്ട് വാൾ പുനർ നിർമ്മിക്കുന്നതിനും പെർമിഷൻ വാങ്ങേണ്ടതാണ്.

  • കിണർ കുഴിക്കുന്നതിന് പെർമിറ്റ് വാങ്ങണമോ?


അതെ. കിണർ കുഴിക്കുന്നതിനും പെർമിറ്റ് ആവശ്യമാണ്.


പെർമിറ്റ് എടുക്കുന്നതിനായി വെള്ളപേപ്പറിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പൊസഷൻ സർട്ടിഫിക്കറ്റും സൈറ്റ് പ്ലാനും അടക്കം പഞ്ചായത്ത് സെക്രട്ടറിക്ക്‌ അപേക്ഷ സമർപ്പിക്കുക.

പെർമിറ്റ് ലഭിച്ചതിന് ശേഷം മാത്രമേ കിണറു പണി ആരംഭിക്കാൻ പാടുള്ളൂ.

  • ഈ പെർമിറ്റ് കാലാവധി എത്ര കാലമാണ്?


നേരത്തെ പെർമിറ്റ് കാലാവധി മൂന്നു കൊല്ലം ആയിരുന്നു ഇപ്പോഴത് അഞ്ചു കൊല്ലമായി പുതുക്കിയിട്ടുണ്ട്.

അഞ്ചുകൊല്ലം കഴിഞ്ഞ് ഈ പെർമിറ്റ്‌ ഒരു തവണ പുതുക്കി എടുക്കാവുന്നതാണ്.