വീട് പണിയിൽ കുറ്റിയടിക്കൽ /സെറ്റിംഗ് ഔട്ടിന് ഇത്രമാത്രം പ്രാധാന്യം നൽകേണ്ടതുണ്ടോ ?

മിക്ക ആളുകളും വീട് നിർമാണത്തിൽ കുറ്റിയടിയ്ക്കലിന് വളരെയധികം പ്രാധാന്യം നല്കുന്നുണ്ട്.

ആചാരങ്ങളുടെ ഭാഗമായാണ് പലരും കുറ്റിയടിക്കൽ നടത്തുന്നത് എങ്കിലും വീട് നിർമ്മാണത്തിൽ എൻജിനീയറിങ് രീതി അനുസരിച്ച് സെറ്റിംഗ് ഔട്ട് എന്ന രീതിയിലാണ് ഇവ അറിയപ്പെടുന്നത്.

അതായത് ഒരു വീട് പ്ലാൻ ചെയ്യുമ്പോൾ തന്നെ ആവശ്യമായ മുറികൾ, ബാത്ത്റൂമുകൾ, കിച്ചൻ, ഹാൾ എന്നിവ എവിടെ വരണം എന്നത് സംബന്ധിച്ച കാര്യങ്ങളെല്ലാം സെറ്റിംഗ് ഔട്ടിൽ ഉൾപ്പെടുന്നുണ്ട്.

ഇത്തരത്തിൽ പ്ലാനില്‍ എല്ലാ കാര്യങ്ങളും വീട്ടിൽ ഉള്ളവരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ഉൾപ്പെടുത്തുന്നു.

തുടർന്ന് വരച്ച പ്ലാൻ പഞ്ചായത്ത്, മുൻസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷനിൽ കാണിച്ച് അവിടെ നിന്നും പെർമിറ്റ് നേടുന്നു. പ്ലാൻ അനുസരിച്ച് വീട് നിർമ്മാണത്തിനുള്ള തുടക്കം കുറിക്കുന്ന രീതി ആയി സെറ്റിംഗ് ഔട്ട് അല്ലെങ്കിൽ കുറ്റിയടിക്കലിനെ കണക്കാക്കാം.

കുറ്റി അടിക്കൽ /സെറ്റിംഗ് ഔട്ട് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഒരു വീട് നിർമ്മാണത്തിന്റെ തുടക്ക ഘട്ടം എന്ന രീതിയിൽ പലരും ആചാര രൂപത്തിൽ കുറ്റിയടിക്കൽ നടത്തുന്നു.

തുടർന്ന് അതിരുകൾ നിശ്ചയിക്കുകയും അതിരിൽ നിന്ന് ഓരോ ഭാഗത്തേക്കും എത്ര അകലം വേണം എന്നത് കൃത്യമായി അളന്ന് കുറ്റി അടിച്ചു നൽകുകയും ചെയ്യുന്നു.

അതായത് വീടിന്റെ ഓരോ ഭാഗങ്ങളും എവിടെ വരുന്നു എന്നത് കുറ്റി അടിച്ചത് നോക്കി മനസ്സിലാക്കാൻ സാധിക്കും.

പ്ലാനിൽ ക്രോസിംഗ് വരുന്ന ഭാഗങ്ങളിലാണ് കോളം ഫൂട്ടിങ് നൽകുന്നത്. കരിങ്കല്ല് ഉപയോഗിച്ചാണ് ഫൗണ്ടേഷൻ നൽകുന്നത് എങ്കിൽ നൂല് കെട്ടുന്ന ഭാഗങ്ങളിലാണ് ട്രഞ്ച് നൽകേണ്ടത്.

ട്രഞ്ച് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭിത്തികൾ കെട്ടി ഉയർത്തുന്ന ഭാഗങ്ങളാണ്. ഇത്തരത്തിൽ റൂമുകൾ തമ്മിൽ വേർതിരിക്കുന്ന ഭാഗം മനസ്സിലാക്കാൻ സാധിക്കും.

ഒരു വീടിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് പ്ലാൻ വരയ്ക്കുന്നത്. തുടർന്ന് അതനുസരിച്ച് ഫൌണ്ടേഷൻ നൽകി ഓരോ റൂമുകളും വരുന്ന രീതിയിൽ വേർതിരിക്കുന്നതിനെയാണ് സെറ്റിംഗ് ഔട്ട് ആയി എഞ്ചിനീയറിംഗ് വർക്കിൽ കണക്കാക്കുന്നത്.

ഒന്നിൽ കൂടുതൽ തവണ കുറ്റി അടിക്കേണ്ടതുണ്ടോ?

എല്ലാവരും കരുതുന്നത് വീടുപണിയിൽ ഒരു തവണ മാത്രമാണ് കുറ്റി അടിക്കുന്നത് എന്നാണ്. എന്നാൽ നാല് ഘട്ടങ്ങളിലായി വീട് പണിയിൽ കുറ്റി അടിച്ചു നൽകുന്നുണ്ട്.

വീടുപണിക്ക് ആവശ്യമായ പ്ലോട്ട് നിരപ്പാക്കി ചുറ്റുവട്ടം ഉള്ള മരങ്ങൾ വെട്ടണമെങ്കിൽ അത് വെട്ടി കളയുന്നു. കൂടാതെ കുഴിയുള്ള ഭാഗങ്ങളിൽ മണ്ണ് ഇട്ട് നൽകണമെങ്കിൽ അവ ചെയ്യുന്നു.

ആദ്യഘട്ടത്തിൽ കുറ്റി അടിക്കുന്നതിനു മുൻപായി റോഡിൽ നിന്നുമുള്ള സെറ്റ് ബാക്ക് കൃത്യമാണോ എന്ന കാര്യം പരിശോധിക്കണം.

അതായത് പ്ലാനിൽ നൽകിയിട്ടുള്ള അതേ അളവിൽ തന്നെ വേണം കുറ്റി അടിക്കുമ്പോൾ ചരട് കെട്ടാൻ.

വീടിന്റെ അതിരിലേക്ക് റോഡിൽ നിന്നും ഉള്ള അകലം മൂന്ന് മീറ്റർ എന്ന അളവിൽ ആണ് ഉള്ളത് എങ്കിൽ ഭിത്തിയുടെ അളവ് കൂടി നൽകി 3.10 എന്ന കണക്കിൽ ആണ് ചരട് കെട്ടുന്നത്.

കുറ്റി അടിക്കുമ്പോൾ ചരട് കെട്ടുന്നത് ഏറ്റവും നീളം കൂടിയ ബൗണ്ടറിയിൽ നിന്ന് പെർപെന്റിക്കുലർ രീതിയിലാണ് വേണ്ടത്.

അതായത് ഒരു ഭാഗത്ത് മൂന്ന് മീറ്റർ എന്ന അളവിൽ ചരട് കെട്ടി മറുഭാഗത്തേക്ക് നാല് മീറ്റർ എന്ന രീതിയിൽ ചരട് നൽകിയാണ് അളവ് നിശ്ചയിക്കുന്നത്.

എൻജിനീയറിങ് വർക്ക് ചെയ്യുന്നവർ അളവ് എടുക്കേണ്ട രീതി കൃത്യമായി പറഞ്ഞു തരും.

ചരട് കെട്ടുമ്പോൾ എടുക്കുന്ന അളവ് കൃത്യമാണ് എങ്കിൽ രണ്ട് ചരടുകൾ തമ്മിലുള്ള കോണളവ് കൃത്യമായി 90 ഡിഗ്രിയിൽ കിട്ടുന്നതാണ്.

വീട് നിർമിക്കുമ്പോൾ ചരട് കെട്ടുന്നതിനുള്ള അളവ് വ്യത്യാസം പിന്നീട് കോൺ അളവുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.

അല്ലെങ്കിൽ പിന്നീട് ഫ്ലോറിങ് പണികൾ ചെയ്യുമ്പോൾ കോണിൽ വ്യത്യാസം വരികയും ടൈൽ കട്ട് ചെയ്തു ഒട്ടിക്കേണ്ട അവസ്ഥയും ഉണ്ടാകും.

ടൈൽ കട്ട് ചെയ്ത് ഒട്ടിക്കുമ്പോൾ അവയ്ക്ക് പൂർണ ഭംഗി ലഭിക്കണമെന്നില്ല. അതുകൊണ്ട് ചരട് കെട്ടുമ്പോൾ തന്നെ രണ്ട് ചരടുകൾക്ക്‌ ഇടയിൽ ഉള്ള കോണളവ് റൈറ്റ് ആംഗിൾ തന്നെയാണോ എന്ന് ഉറപ്പുവരുത്തുക.

തുടക്കത്തിൽ രണ്ട് ചരടുകൾ മാത്രം കെട്ടിയാണ് കുറ്റി അടി തുടങ്ങുന്നത്. പിന്നീട് ഓരോ റൂമുകളും പണിയുന്നത് അനുസരിച്ച് ചരട് മാറ്റി കെട്ടേണ്ടതായി വരും. കോളം ഫൂട്ടിങ് വർക്കുകൾ ചെയ്യുന്നതിനായി മണ്ണ് മാന്തുമ്പോൾ ചരട് കെട്ടിയ അളവിൽ മാറ്റം വരാത്ത രീതിയിൽ വേണം മണ്ണുമാന്തി എടുക്കാൻ.

ഓരോ പ്ലോട്ടിലും ഉള്ള മണ്ണ് അനുസരിച്ചാണ് അവ എടുക്കേണ്ടതിന്റെ ഡെപ്ത് കണക്കാക്കുന്നത്. കോളം അളവുകൾ മാർക്ക് ചെയ്യുന്നതിനായി T2 പോലുള്ള ഉപകരണങ്ങൾ ആണ് ഉപയോഗപ്പെടുത്തുക. ഒരു കോളത്തിൽ നിന്നും മറ്റൊരു കോള ത്തിലേക്കുള്ള അളവ് ചരട് കെട്ടിയാണ് വേർതിരിക്കുന്നത്.

കോളംസ്, ഫൂട്ടിങ് സെറ്റ് ഔട്ട്

അതായത് കോളം ഫൂട്ടിങ് സെറ്റ് ഔട്ട് ചെയ്യുമ്പോൾ ആദ്യം കമ്പി നൽകി ഫൂട്ടിങ് കോൺക്രീറ്റ് ചെയ്യുന്നു. തുടർന്ന് കോളം രണ്ടാമത് ഒരു പ്രാവശ്യം കൂടി മാർക്ക് ചെയ്യുന്നു.

ഫൂട്ടിങ് ചെയ്യുന്ന സമയത്ത് ഏതെങ്കിലും രീതിയിൽ വ്യത്യാസം വരികയോ മറ്റോ ചെയ്താൽ അളവ് കൃത്യമായി നൽകി ചരട് വീണ്ടും കെട്ടി നൽകുന്നു. തുടർന്ന് ബാക്കി വർക്കുകൾ ചെയ്യുന്നു.

ഇത്തരത്തിൽ ഒരു വീട് നിർമാണത്തിൽ പ്രധാനമായും നാല് തവണ കുറ്റിയടിക്കൽ അല്ലെങ്കിൽ സെറ്റിംഗ് ഔട്ട് നടത്തുന്നതായി പറയാം.

തുടക്കത്തിൽ തന്നെ കൃത്യമായ അളവുകൾ പാലിച്ച് കോൺ അളവുകളിൽ വ്യത്യാസം വരാത്ത രീതിയിലാണ് ചരട് കെട്ടുന്നത് എങ്കിൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ നേരിടേണ്ടി വരില്ല.