വീട് നിർമ്മിക്കുമ്പോൾ എയർ ഹോളുകൾ നൽകേണ്ടതിന്‍റെ പ്രാധാന്യം.

പഴയ കാലം തൊട്ടു തന്നെ വീട് നിർമിക്കുമ്പോൾ കൃത്യമായ വായുസഞ്ചാരം ലഭിക്കുന്നതിനു വേണ്ടി ചുമരുകളിൽ ചെറിയ രീതിയിലുള്ള ഹോളുകൾ ഇട്ടു നൽകാറുണ്ട്.

എന്നാൽ ഇന്ന് അത് കുറച്ചുകൂടി മാറി കോൺക്രീറ്റിൽ നിർമ്മിക്കുന്ന വീടുകളിൽ ഒരു നിശ്ചിത വലിപ്പത്തിൽ റൂം,ലിവിങ് ഏരിയ എന്നിവിടങ്ങളിൽ ഹോളുകൾ നൽകുന്ന രീതി കണ്ടു വരുന്നുണ്ട്.

ഇവ പലപ്പോഴും വായുസഞ്ചാരം ലഭിക്കുന്നതിന് സഹായകരമാണ് എങ്കിലും എലി, പാറ്റ പോലുള്ള ജീവികൾ വീട്ടിനകത്തേക്ക് പ്രവേശിക്കുന്നതിന് കാരണമാകാറുണ്ട്.

ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ വീടിന് ഒരു എയർ ഹോൾ വേണോ വേണ്ടയോ എന്നതാണ് പലരുടെയും സംശയം.

എയർ ഹോളുകൾ നൽകേണ്ടതിന്റെ പ്രാധാന്യം, ഗുണദോഷങ്ങൾ എന്നിവയെ പറ്റി വിശദമായി മനസ്സിലാക്കാം.

റൂമുകൾക്ക് എയർ ഹോളുകൾ നിർബന്ധമാണോ?

ഇന്ന് മിക്ക വീടുകളിലും ബെഡ്റൂമുകളിൽ AC ഉപയോഗപ്പെടുത്തുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ റൂമുകളിൽ എയർ ഹോൾ നൽകുകയാണെങ്കിൽ ഏസിയുടെ തണുപ്പ് നഷ്ടമാകുന്നതിന് കാരണമാകുന്നു.

മാത്രമല്ല പിന്നീട് അവ പേപ്പർ, കാർഡ് ബോർഡ്‌ എന്നിവ വച്ച് അടക്കേണ്ടതായി വരും.

അങ്ങിനെ ചെയ്താലും ഏതെങ്കിലും ഒരു ചെറിയ ഹോൾ വഴി തണുപ്പ് പുറത്തോട്ട് പോകുന്നത് ഏ സിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ വീട് നിർമിക്കുമ്പോൾ AC നൽകുന്നുണ്ട് എന്ന് ഉറപ്പുണ്ടെങ്കിൽ എയർ ഹോളുകൾ ഒഴിവാക്കുന്നതാണ് നല്ലത്. അതേസമയം ഏസി വയ്ക്കാത്ത വീടുകളിൽ നല്ല രീതിയിൽ വായുസഞ്ചാരം ലഭിക്കുന്നതിനു വേണ്ടി എയർ ഹോളുകൾ നൽകാവുന്നതാണ്.

റൂമിനകത്ത് ഫാൻ ആണ് ഉപയോഗിക്കുന്നത് എങ്കിൽ

AC ഉപയോഗിക്കാത്ത വീടുകളിൽ ബെഡ്റൂം തണുപ്പിക്കുന്നതിനായി ഫാൻ ആയിരിക്കും നൽകിയിട്ടുണ്ടാവുക. അത്തരം സാഹചര്യങ്ങളിൽ ചൂടുള്ള വായു ഫാനിൽ സർക്കുലേറ്റ് ചെയ്ത് വരുന്നത് പുറംതള്ളുന്നതിനു വേണ്ടി എയർ ഹോളുകൾ നിർബന്ധമായും നൽകേണ്ടതുണ്ട്.

എയർ ഹോളുകൾ നൽകുമ്പോൾ അത് റൂമിന്റെ സെന്റർ ഭാഗത്താണ് നൽകിയിട്ടുള്ളത് എന്ന കാര്യം ഉറപ്പു വരുത്തുക. എയർ ഹോളുകൾ നൽകുമ്പോൾ അവയുടെ നീളം 50 മുതൽ 60 സെന്റീമീറ്റർ എന്ന കണക്കിലും, വീതി 5 സെന്റീമീറ്റർ എന്ന കണക്കിലുമാണ് നൽകേണ്ടത്. അതേസമയം റൂഫും എയർ ഹോളും തമ്മിലുള്ള അകലം 15 മുതൽ 20 സെന്റീമീറ്റർ ഉണ്ട് എന്ന കാര്യം ഉറപ്പുവരുത്തുക.

എയർ ഹോൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ

വീടുകളുടെ എയർഹോളുകളിൽ പലപ്പോഴും കിളികൾ വന്നു കൂട് കൂട്ടുന്നതിനും, വേസ്റ്റ് അകത്തേക്ക് ഇടുന്നതിനും കാരണമാകാറുണ്ട്.

കൂടാതെ പല്ലി,പാറ്റ, പോലുള്ള ജീവികൾ അതിനിടയിൽ താമസം ആക്കുന്നത് പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി എയർ ഹോളുകൾ നൽകുമ്പോൾ അവ പുറത്തെ ഭിത്തിയിലേക്ക് ചരിച്ച് നൽകുന്ന രീതിയിൽ സെറ്റ് ചെയ്തു നൽകാം.
അങ്ങനെ ചെയ്യുകയാണെങ്കിൽ മഴ പെയ്താലും വെള്ളം അകത്തേക്ക് വരുന്നത് ഒഴിവാക്കാൻ സാധിക്കും.

ഹോളുകൾ അടക്കാൻ

പലപ്പോഴും ഇത്തരത്തിൽ നൽകുന്ന എയർ ഹോളുകൾ പിന്നീട് ഒരു ശല്യമായി തോന്നുകയാണെങ്കിൽ അവ അടച്ചു സൂക്ഷിക്കാൻ സാധിക്കുന്നതാണ്.

അതിനായി SS മെഷ് നെറ്റുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഔട്ടറിൽ ഒരു ബീഡിങ്‌ നൽകാവുന്നതാണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ വീട്ടിനകത്തേക്ക് ഉള്ള കൊതുകുശല്യം കുറയ്ക്കാനും സഹായിക്കും.

പൈപ്പ് ഹോളുകൾ നൽകുമ്പോൾ

മിക്ക വീടുകളിലും ഒന്നര മുതൽ രണ്ടര ഇഞ്ച് വലിപ്പത്തിൽ പൈപ്പ് ഹോളുകൾ നൽകുന്ന പതിവുണ്ട്. ഇവ കാണാൻ ഭംഗിയുണ്ടാവും എന്ന പേരിലാണ് നൽകുന്നത് എങ്കിലും ഭാവിയിൽ ഇവ ശല്യമായി തീരുകയാണ് പതിവ്. പിന്നീട് അവ അടയ്ക്കണമെങ്കിൽ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. കൂടാതെ ഫോൾസ് സീലിങ് ചെയ്യുന്ന വീടുകളിലും എയർ ഹോളുകൾ നൽകാതെ ഇരിക്കുന്നതാണ് കൂടുതൽ നല്ലത്. അതല്ല എങ്കിൽ സീലിങ്ങിന് ഇടയിൽ വരുന്ന ഗ്യാപ്പിൽ എയർ ഹോളുകൾ വഴി പ്രാണികൾ പ്രവേശിക്കാനും അവ അടഞ്ഞു നിൽക്കാനുമുള്ള സാധ്യത കൂടുതലാണ്. അതേസമയം റൂഫിൽ നിന്നും 15 മുതൽ 20 സെന്റീമീറ്റർ താഴെയായാണ് ഫോൾസ് സീലിങ് ചെയ്യുന്നത് എങ്കിൽ അത് യാതൊരു രീതിയിലും ബാധിക്കുകയുമില്ല.

എയർ ഹോളുകൾ വീടിനകത്ത് വായുസഞ്ചാരം നല്ല രീതിയിൽ നൽകാൻ സഹായിക്കുമെങ്കിലും AC വയ്ക്കുന്ന വീടുകളിൽ അവർ തീർത്തും ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.