വീട് നിർമ്മാണം ലാഭകരമാക്കാനുള്ള വഴികൾ.ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. വീട് പണി തുടങ്ങുമ്പോൾ നിരവധി കാര്യങ്ങൾ മുന്നിലുണ്ടാകുമെങ്കിലും അവ മുഴുവനും വിചാരിച്ച രീതിയിൽ പൂർത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

പലപ്പോഴും നമ്മൾ കരുതിവെച്ച തുകയേക്കാൾ കൂടുതൽ തുക ചിലവഴിക്കേണ്ടി വരുന്ന സാഹചര്യങ്ങളും വീടുനിർമ്മാണത്തിൽ ഉണ്ടാകും.

വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കൃത്യമായ പ്ലാൻ ഇല്ലായെങ്കിൽ പിന്നീട് മുന്നോട്ടുള്ള വഴികൾ ബുദ്ധിമുട്ടേറിയതായി മാറും.

കരുതി വച്ച തുക തന്നെ മെറ്റീരിയലിന്റെ വില വർദ്ധനവ്, അവ കിട്ടാനുള്ള ബുദ്ധിമുട്ട് എന്നീ കാരണങ്ങൾ കൊണ്ട് നിർമാണ ചിലവ് കൂടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.

വീട് നിർമ്മാണത്തിന്റെ ഓരോഘട്ടത്തിലും ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.

അവ കൃത്യമായി പാലിക്കപ്പെടുകയാണെങ്കിൽ ഉദ്ദേശിച്ച രീതിയിൽ തന്നെ വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കും.അവ എന്തെല്ലാമാണെന്ന് വിശദമായി മനസിലാക്കാം.

വീട് നിർമ്മാണം ലാഭകരമാക്കാനുള്ള വഴികൾ.

ഒരു പ്ലോട്ട് കണ്ടെത്തുന്നത് മുതൽ പണി പൂർത്തിയാകുന്നതു വരെ വളരെയധികം ശ്രദ്ധ നൽകേണ്ട കാര്യമാണ് വീട് നിർമ്മാണം.

വീടിനായി സ്ഥലം കണ്ടെത്തുമ്പോൾ അത് ചതുപ്പുനിലം, കൃഷിഭൂമി , വെള്ളക്കെട്ട് എന്നിവ അല്ലാതെ നോക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അല്ലെങ്കിൽ പിന്നീട് നിയമപരമായി പ്രശ്നങ്ങൾ നേരിടേണ്ടിവരും.

മാത്രമല്ല ചതുപ്പുനിലങ്ങളിൽ വീട് വെക്കുമ്പോൾ അവയുടെ അടിത്തറ നിർമ്മിക്കാൻ തന്നെ കൂടുതൽ പണം ചിലവഴിക്കേണ്ടി വരാറുണ്ട്.

സാധാരണ വീടുകളുടെ അടിത്തറ നിർമ്മിക്കുന്നതിനേ നേക്കാൾ കൂടുതൽ ശക്തമായി ഫൗണ്ടേഷൻ നിർമിച്ചു നൽകുകയും അതിന് ആവശ്യമായ മെറ്റീരിയൽ കോസ്റ്റ് കൂടുകയും ചെയ്യും.

എത്ര ചെറിയ പ്ലോട്ട് ആണ് എങ്കിലും തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായ രീതിയിൽ ഉള്ള ഒരു പ്ലാൻ വരപ്പിച്ചു നല്ല രീതിയിൽ സ്ഥലം ഉപയോഗപ്പെടുത്തി വേണം വീട് നിർമിക്കാൻ.

പലപ്പോഴും ചെറിയ സ്ഥലത്ത് വീട് വെക്കാൻ ബുദ്ധിമുട്ടാണ് എന്ന് കരുതുന്നവർക്ക് ഒരു നല്ല എൻജിനീയറുടെ സഹായത്തോടെ സ്ഥലം നല്ല രീതിയിൽ എങ്ങിനെ ഉപയോഗപ്പെടുത്താൻ സാധിക്കും എന്ന കാര്യം ചോദിച്ച് മനസ്സിലാക്കി പ്ലാൻ വരപ്പിക്കാം.

തങ്ങളുടെ ആവശ്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വീട് തന്നെ നിർമ്മിക്കുക എന്നതിലാണ് പ്രാധാന്യം നൽകേണ്ടത്.

വീട് നിർമ്മിക്കുമ്പോൾ അപ്പോഴത്തെ ആവശ്യങ്ങൾക്കുള്ള കാര്യങ്ങൾ മാത്രം നോക്കാതെ ഭാവിയിൽ കൂടുതൽ റൂമുകൾ ആവശ്യമായി വരുമെങ്കിൽ അതു കൂടി പ്ലാൻ ചെയ്തു കൊണ്ട് വീട് നിർമ്മിക്കാം.

വീടിന്റെ മുകൾഭാഗം പിന്നീട് എടുക്കുന്ന രീതിയിൽ നൽകുകയും ചെയ്യാം.

ആവശ്യങ്ങളും അത്യാവശ്യങ്ങളും തിരിച്ചറിയാൻ സാധിക്കണം

വീട് നിർമ്മാണത്തിലെ വളരെയധികം ശ്രദ്ധ വെണ്ട കാര്യമാണ് കൂടുതൽ പ്രാധാന്യം കുറവ് പ്രാധാന്യം എന്നിവ നൽകേണ്ട കാര്യങ്ങളെ പറ്റി കൃത്യമായ ധാരണ ഉണ്ടാക്കി വയ്ക്കുക എന്നത്. പലപ്പോഴും ഇവ തമ്മിൽ വേർതിരിച്ച് അറിയാൻ സാധിക്കാത്ത സന്ദർഭം വരികയാണെങ്കിൽ അനാവശ്യ ചിലവുകൾ വരുന്ന വഴി അറിയില്ല.വീട്ടിലെ ഓരോരുത്തരുടെയും അഭിരുചി മനസിലാക്കി അത് ആവശ്യങ്ങളിൽ ഉൾക്കൊള്ളിക്കണോ വേണ്ടയോ എന്ന കാര്യം കുടുംബാംഗങ്ങൾ തമ്മിൽ ചർച്ച ചെയ്ത് തീരുമാനിക്കാവുന്നതാണ്.

ചിലവ് ചുരുക്കുന്നതിന് വേണ്ടി ഏതെല്ലാം രീതിയിലാണ് കാര്യങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കുക എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു. ആഡംബരം കാണിക്കുന്നതിനു വേണ്ടി സാധനങ്ങൾ വാങ്ങി കൂട്ടുന്നതിനു പകരം അത്യാവശ്യ സൗകര്യങ്ങളെല്ലാം നൽകി കൊണ്ട് ഒരു വീട് നിർമ്മിക്കുക എന്നതിലാണ് കാര്യം. വീട് നിർമ്മാണത്തിനായി കരുതി വച്ച തുക അതിൽ എത്ര രൂപ നിർമ്മാണം, ചുറ്റുമതിൽ, ഗേറ്റ് , ഇന്റീരിയർ ഡിസൈൻ എന്നിവയ്ക്കുവേണ്ടി മാറ്റി വെക്കാനായി ഉദ്ദേശിക്കുന്നുണ്ട് എന്നീ കാര്യങ്ങൾ കൂടി പരിഗണിക്കണം. വീടു നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഇടനിലക്കാരെ ഒഴിവാക്കുന്നത് വലിയ രീതിയിൽ ലാഭം നൽകും.

വീട് നിർമ്മാണം ആരംഭിച്ചു കഴിഞ്ഞാൽ

വീടിന്റെ തറ പണി തൊട്ട് മുന്നിലേക്കുള്ള പണികൾക്കെല്ലാം വേണ്ടി വിദഗ്ദരായ തൊഴിലാളികളെ കണ്ടെത്തേണ്ടത് അത്യാവശ്യ കാര്യമാണ്. തൊഴിലാളികൾക്ക് നൽകേണ്ടി വരുന്ന വേതനം അവർക്ക് ഈ ഒരു മേഖലയിൽ എത്ര മാത്രം എക്സ്പീരിയൻസ് ഉണ്ട് എന്നീ കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കണം. കൃത്യമായി എത്ര ദിവസത്തിനുള്ളിൽ വീടുപണി പൂർത്തിയാക്കി നൽകും എന്ന കാര്യം ആദ്യം തന്നെ ചോദിച്ചു മനസിലാക്കുക. സമയനിഷ്ഠ ക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു ജോലിയാണ് വീട് നിർമ്മാണം.പറഞ്ഞ സമയത്തിനുള്ളിൽ വീടുപണി പൂർത്തിയാക്കാൻ സാധിച്ചില്ല എങ്കിൽ പിന്നീട് വലിയ രീതിയിലുള്ള നഷ്ടങ്ങൾ നേരിടേണ്ടിവരും.

വീട് നിർമാണത്തിൽ ചിലവ് കുറയ്ക്കാനായി പ്രാദേശികമായി ലഭിക്കുന്ന മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നത് ഗുണംചെയ്യും. അല്ലെങ്കിൽ അവ കൊണ്ടു വരുന്നതിന് ആവശ്യമായ ട്രാൻസ്പോർട്ട് ചാർജ് ലേബർ കോസ്റ്റ് എന്നിവ നൽകേണ്ടതായി വരും. സ്വന്തം പ്രദേശങ്ങളിൽ തന്നെ വീട് നിർമ്മാണത്തിന് അനുയോജ്യമായ നല്ല മെറ്റീരിയലുകൾ ലഭിക്കുമെങ്കിൽ അവിടെ നിന്നും വാങ്ങുന്നതാണ് കൂടുതൽ നല്ലത്. വീട്ടിനകത്തേക്ക് നല്ല രീതിയിൽ വായുവും പ്രകാശവും ലഭിക്കുന്ന രീതിയിലുള്ള ഒരു പ്ലാൻ തന്നെ എഞ്ചിനീയറോട് പറഞ്ഞ് വരപ്പിക്കാനായി ശ്രദ്ധിക്കുക. ഉപയോഗപ്പെടുത്തുന്ന ജലം പുനരുപയോഗം ചെയ്യുന്ന രീതിയിലും കുറഞ്ഞ അളവിൽ വൈദ്യുതി ഉപയോഗിക്കുന്ന രീതിയിലും ഉള്ള സജ്ജീകരണങ്ങൾ വീട്ടിൽ നൽകുന്നത് ഗുണം ചെയ്യും.

വീട് നിർമ്മാണം ലാഭകരമാക്കാനുള്ള വഴികൾ മനസ്സിലാക്കുന്നത് തീർച്ചയായും ഗുണം ചെയ്യും.