വീട് പണിയും കോണ്ട്രാക്ടറും.ഒരു വീട് നിർമിക്കാൻ ഉദ്ദേശിക്കുമ്പോൾ ആദ്യം പണി ആർക്ക് കൊടുക്കും എന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടതായി വരും.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് നാട്ടിൽ നിരവധി ബിൽഡേഴ്സ് വീട് നിർമ്മിച്ച് നൽകുന്നുണ്ട്.
ഇവയ്ക്ക പുറമേ ഇൻഡിവിജ്വൽ കോൺട്രാക്ട് എടുത്ത് പണി ചെയ്ത് നൽകുന്നവരും ഉണ്ട്.
അതേ സമയം കൃത്യമായ ധാരണയില്ലാതെ ഏതെങ്കിലും ഒരു കോൺട്രാക്ടറെ പണി ഏൽപ്പിച്ചു നൽകുമ്പോൾ അത് വലിയ പ്രശ്നത്തിലേക്ക് ആയിരിക്കും പോകുന്നത്.
വളരെയധികം സുതാര്യമായ രീതിയിൽ ചെയ്യേണ്ട ഒരു ജോലിയാണ് വീട് നിർമ്മാണം. വിശ്വാസ്യത ഇല്ലാത്ത ഒരു കോൺട്രാക്ടറെ വീടു പണി ഏൽപ്പിച്ചാൽ പണം നഷ്ടമാകുന്ന വഴി അറിയില്ല.
വീടുപണിക്ക് ഒരു കോൺട്രാക്ടറെ തിരഞ്ഞെടുക്കുന്നതിനു മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞിരിക്കാം.
വീട് പണിയും കോണ്ട്രാക്ടറും
ഒരു കോൺട്രാക്ടറെ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും പ്രാധാന്യം നൽകാവുന്ന കാര്യം അയാൾക്ക് എത്ര വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് എന്നത് തന്നെയാണ്.
കാലങ്ങളായി വീട് നിർമാണത്തിൽ ഉള്ള ഒരു വ്യക്തിയെ ആണ് വീടു പണി ഏൽപ്പിക്കുന്നത് എങ്കിൽ വിശ്വാസ്യതയുടെ കാര്യത്തിൽ പേടിക്കേണ്ടി വരില്ല.
മാത്രമല്ല അയാൾ മുൻപ് ചെയ്ത വർക്കുകൾ പോയി കണ്ട് ഇഷ്ടപ്പെട്ട ശേഷം പണി ചെയ്ത വീട്ടുകാരോട് സംസാരിച്ച് പണി നൽകുന്നതാണ് കൂടുതൽ നല്ലത്.
എപ്പോഴും ഒരു കോൺട്രാക്ടറെ മാത്രം കണ്ട ശേഷം വീടുപണി ഏൽപ്പിക്കാതെ ഒന്നിൽ കൂടുതൽ ആളുകളെ കണ്ട് സംസാരിച്ച ശേഷം പണി നൽകുന്നതാണ് കൂടുതൽ നല്ലത്.
വീടുപണി ലേബർ കോൺട്രാക്ട് രീതിയിലാണോ, ഫുൾ ഫിനിഷ്ഡ് രീതിയിൽ ആണോ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് ആദ്യം ഒരു ധാരണ ഉണ്ടാക്കി വയ്ക്കുക.
തുടർന്ന് ആ പ്ലാനിന് അനുസരിച്ചാണ് കോൺട്രാക്ടറോഡ് സംസാരിക്കേണ്ടത്. നിങ്ങൾ വീട്ടിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന മെറ്റീരിയലുകൾ, ഏകദേശം പ്രതീക്ഷിക്കുന്ന നിർമ്മാണ ചിലവ് എന്നിവയെല്ലാം കോൺട്രാക്ടറോട് സംസാരിച്ച് ഒരു ധാരണയിൽ എത്തുക.
ഒരു ക്വട്ടാഷൻ വാങ്ങുക
നിങ്ങളുടെ ആവശ്യങ്ങൾ എല്ലാം പറഞ്ഞതിനു ശേഷം ഏകദേശം എത്ര രൂപ ചിലവഴിക്കേണ്ടി വരും എന്നത് ചേർത്തു കൊണ്ടുള്ള ഒരു ക്വട്ടേഷൻ വാങ്ങുന്നത് എപ്പോഴും നല്ലതാണ്. അതിനായി നിങ്ങൾ വരച്ച പ്ലാൻ,ത്രീഡി എലിവേഷൻ എന്നിവയെല്ലാം കോൺട്രാക്ടറെ ഏൽപ്പിക്കുക. തുടർന്ന് അതിൽ ഏതെങ്കിലും രീതിയിലുള്ള വ്യത്യാസങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് മനസ്സിലാക്കുക. നിങ്ങൾക്ക് ഏത് ബ്രാൻഡ് ടൈൽ വേണം, കമ്പി ഏത് ബ്രാൻഡ് വേണം, സിമന്റ് മണൽ എന്നിവയുടെ കാര്യങ്ങൾ, ആക്സസറിസ് എന്നിവയെപ്പറ്റിയെല്ലാം ചോദിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാക്കാവുന്നതാണ്.
ചിലപ്പോൾ കോൺട്രാക്ടർ പറയുന്ന ഒരു ബ്രാൻഡിലുള്ള ഉൽപ്പന്നം നിങ്ങൾക്ക് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല എങ്കിൽ അത് അപ്പോൾ തന്നെ മാറ്റാനായി ആവശ്യപ്പെടുക. ഇത്തരത്തിൽ ക്വട്ടേഷൻ ഒന്നിൽ കൂടുതൽ കോൺട്രാക്ടർമാരിൽ നിന്നും വാങ്ങുമ്പോൾ തന്നെ ഏകദേശ ഐഡിയ ചിലവിനെ പറ്റി ലഭിക്കും. തുടർന്ന് അതിൽ നിങ്ങൾക്ക് ആരെ തിരഞ്ഞെടുക്കണം എന്ന കാര്യം വളരെ എളുപ്പത്തിൽ തീരുമാനിക്കാൻ സാധിക്കും. ഒരു കാരണവശാലും നമ്മൾ ഉദ്ദേശിക്കുന്ന ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്തുകൊണ്ട് ഒരു ക്വട്ടേഷൻ സ്വീകരിക്കാതെ ഇരിക്കുന്നതാണ് നല്ലത്. അത് ഭാവിയിൽ വലിയ തർക്കങ്ങളിലേക്ക് വഴി വെക്കാനുള്ള സാധ്യതയുണ്ട്.
എഗ്രിമെന്റ് തയ്യാറാക്കുമ്പോൾ
കോൺട്രാക്ടറെ തിരഞ്ഞെടുത്ത ശേഷം പണിയുടെ വ്യത്യസ്ത ഘട്ടങ്ങൾ കൃത്യമായി എഴുതി തയ്യാറാക്കി ഒരു എഗ്രിമെന്റ് ഉപയോഗപ്പെടുത്താവുന്നതാണ്. ഓരോ ഘട്ടത്തിലും നിങ്ങൾ എത്ര തുക നൽകണം, ആ ഘട്ടത്തിൽ പൂർത്തിയാക്കേണ്ട പണികൾ, ഏതെങ്കിലും രീതിയിലുള്ള അഡീഷണൽ വർക്കുകൾ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ കാര്യങ്ങൾ ഇവയെല്ലാം എഗ്രിമെന്റിൽ ഉൾപ്പെടുത്താം. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എഗ്രിമെന്റിൽ ഉൾപ്പെടുത്തുന്നത് പിന്നീട് ഉണ്ടാകാൻ സാധ്യതയുള്ള തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന മെറ്റീരിയലുകളുടെ ബ്രാൻഡുകൾ പോലും എഴുതാവുന്നതാണ്.ഫോൾസ് സീലിങ് വർക്കുകൾ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവ സംബന്ധിച്ച കാര്യങ്ങൾ, വീടിന് പുറത്ത് നൽകാൻ ഉദ്ദേശിക്കുന്ന ഗേറ്റ്, മതിൽ, ഇലക്ട്രിക്കൽ, പ്ലംബിങ് വർക്കുകൾ എന്നിവയും കോൺട്രാക്റോട് പറഞ്ഞു ചെയ്യിക്കാവുന്നതാണ്. എന്നാൽ ഇവ പ്രത്യേകമായി എഗ്രിമെന്റിൽ ഉൾപ്പെടുത്തേണ്ടി വരും.ലേബർ കോൺട്രാക്ട് ആണ് നൽകുന്നത് എങ്കിൽ അവർ ചെയ്ത വർക്കുകൾ, ലേബർമാരുടെ എക്സ്പീരിയൻസ് എന്നിവയും ചോദിച്ചു മനസ്സിലക്കാവുന്നതാണ്.
വീട് പണിയാനായി കോൺട്രാക്ടറെ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുക.