നിങ്ങളുടെ വീടിനും ലക്ഷ്വറി ടാക്സ് അടക്കേണ്ടി വരുമോ? അറിഞ്ഞിരിക്കാം നിയമങ്ങൾ.

ഏതൊരാൾക്കും സ്വന്തം വീടിനെ പറ്റി നിരവധി സ്വപ്നങ്ങൾ ഉണ്ടായിരിക്കും. മുൻകാലങ്ങളിൽ താമസിക്കാനുള്ള ഒരിടം എന്ന രീതിയിൽ വീടുകളെ കണ്ടിരുന്നുവെങ്കിൽ, ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി ആഡംബര ത്തിന്റെ പര്യായമായി നമ്മുടെ നാട്ടിലെ വീടുകൾ മാറുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

ആവശ്യങ്ങൾ അറിഞ്ഞു കൊണ്ട് ഒരു വീട് എന്നതിലുപരി കൊട്ടാര സദൃശ്യമായ വീടുകൾ കെട്ടിയിട്ട് അന്യ നാടുകളിൽ പോയി താമസിക്കുന്നവരും കുറവല്ല.

പലപ്പോഴും വലിയ വീടുകൾ നിർമിക്കുകയും പിന്നീട് ജോലി ആവശ്യങ്ങൾക്കും മറ്റുമായി അന്യ രാജ്യങ്ങളിൽ പോയി ജീവിക്കേണ്ടി വരുന്ന അവസ്ഥയുമാണ് നമ്മുടെ നാട്ടിലെ പലർക്കുമുള്ളത്.

വലിയ വീട് നിർമ്മിക്കുന്നതിൽ മാത്രമല്ല കാര്യം, അത് എങ്ങിനെ ഭംഗിയായി വയ്ക്കുന്നു എന്നതിനും വളരെയധികം പ്രാധാന്യമുണ്ട്.

അനാവശ്യമായി പണം ചിലവഴിച്ച് വീട് നിർമ്മിച്ചാൽ അതിനനുസരിച്ച് ടാക്സും നൽകേണ്ടിവരും എന്നത് പലർക്കും അറിയാത്ത കാര്യമാണ്. ലക്ഷ്വറി ടാക്സ് വിഭാഗത്തിൽ വീടുകൾ ഉൾപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

എന്താണ് ലക്ഷ്വറി ടാക്സ്?

ഒരു നിശ്ചിത വലിപ്പത്തിന് മുകളിൽ നിർമ്മിക്കുന്ന വീടുകൾക്ക് ആഡംബര ഇനത്തിൽ നൽകേണ്ടിവരുന്ന ടാക്സ് ആണ് ലക്ഷ്വറി ടാക്സ് എന്ന പേരിൽ അറിയപ്പെടുന്നത്.

വീട് 3000 സ്ക്വയർ ഫീറ്റിന് മുകളിലാണ് വലിപ്പം വരുന്നത് എങ്കിൽ നിങ്ങളുടെ വീടിനും ലക്ഷ്വറി ടാക്സ് നൽകേണ്ടിവരും.

എന്നാൽ 5000 സ്ക്വയർ ഫീറ്റിന് മുകളിലാണ് വീടിന്റെ ഏരിയ വരുന്നത് എങ്കിൽ അടയ്ക്കേണ്ട ലക്ഷ്വറി ടാക്സ് പിന്നെയും കൂടുതലാണ്.

അതിലും കുറച്ചു കൂടെ അധികമായി 7500 സ്ക്വയർഫീറ്റിൽ വീട് നിർമ്മിക്കുകയാണെങ്കിൽ നൽകേണ്ട ലക്ഷ്വറി ടാക്സ് വീണ്ടും കൂടുകയാണ് ചെയ്യുന്നത്.

ഇപ്പോൾ പലരും ചിന്തിക്കുന്നത് ഇത്രയുമധികം സ്ക്വയർ ഫീറ്റിൽ ഒരു വീട് നിർമ്മിക്കാൻ സാധിക്കുമെങ്കിൽ അതിന് ലക്ഷ്വറി ടാക്സ് നൽകേണ്ടതിനെപ്പറ്റി ചിന്തിക്കണോ എന്നതാണ്. ലക്ഷ്വറി ടാക്സ് നിശ്ചയിക്കുന്നതിന് പല മാനദണ്ഡങ്ങളും കണക്കാക്കുന്നുണ്ട്.

ലക്ഷ്വറി ടാക്സ് മാനദണ്ഡങ്ങൾ

ഒരു വീടിന്റെ താഴത്തെ നിലയിൽ രണ്ട് ബെഡ്റൂം മുകളിലത്തെ നിലയിൽ മൂന്ന് ബെഡ്റൂം എന്നിങ്ങനെ ഉപയോഗപ്പെടുത്തുന്ന മിക്ക വീടുകൾക്കും ലക്ഷ്വറി ടാക്സ് നൽകേണ്ടി വരും .

അതായത് ഇത്രയും കാര്യങ്ങൾ ഡിസൈൻ ചെയ്തു വരുമ്പോൾ തന്നെ ആ വീടിന് 2800 മുതൽ 3000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ആവശ്യമായി വരും എന്നതാണ് വസ്തുത. ഓരോ വർഷവും ലക്ഷ്വറി ടാക്സ് എത്ര രൂപ നൽകേണ്ടിവരും എന്നതിനെപ്പറ്റി ഒരു കൃത്യമായ ധാരണ ഉണ്ടാക്കി വയ്ക്കുന്നതാണ് നല്ലത്.

ലക്ഷ്വറി ടാക്സ് കണക്കാക്കുന്ന രീതി

3000 സ്ക്വയർ ഫീറ്റിന് മുകളിൽ പ്ലിന്ത് ഏരിയ ഉള്ള ഒരു വീടിന് ലക്ഷ്വറി ടാക്സ് ഇനത്തിൽ ഒരു വർഷം നൽകേണ്ടത് 5000 രൂപയാണ്.

ഓരോ വർഷത്തെയും ലക്ഷ്വറി ടാക്സ് ആ വർഷം മാർച്ച് 31നു മുൻപായി തന്നെ അടക്കേണ്ടതുണ്ട്. ഓരോ സ്ഥലത്തെയും താസിൽദാർക്കാണ് ലക്ഷ്വറി ടാക്സ് പിരിക്കുന്നതിനുള്ള അവകാശം.

താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ ലക്ഷ്വറി ടാക്സ് അടയ്ക്കാൻ സാധിക്കുന്നതാണ്.

5000 സ്ക്വയർ ഫീറ്റിന് മുകളിലാണ് വീടിന്റെ വിസ്തീർണ്ണം വരുന്നത് എങ്കിൽ 7,500 രൂപയാണ് ലക്ഷ്വറി ടാക്സ് ആയി അടയ്ക്കേണ്ടി വരുന്നത്. അതേസമയം 7500 സ്ക്വയർ ഫീറ്റിന് മുകളിൽ വലിപ്പമുള്ള വീടുള്ള ഒരാൾ അടക്കേണ്ടി വരുന്ന ലക്ഷ്വറി ടാക്സ് തുക 10,000 രൂപയാണ്.

വീട് നിർമ്മാണത്തിൽ ലക്ഷ്വറി ടാക്സിന് ലഭിക്കുന്ന ഇളവുകൾ.

ലക്ഷ്വറി ടാക്സ് ഈടാക്കുന്നതിൽ വീടുകൾക്ക് ഒരു പ്രത്യേക ഇളവ് നിയമത്തിൽ അനുശാസിക്കുന്നുണ്ട്. അത് മനസ്സിലാക്കി വീട് പ്ലാൻ ചെയ്യുകയാണെങ്കിൽ ടാക്സ് ഇനത്തിൽ ഒരു വലിയ തുക അടയ്ക്കേണ്ടി വരില്ല.

അതായത് വീടിന്റെ കാർപോർച്ച് ലക്ഷ്വറി ടാക്സ് ഇനത്തിൽ ഉൾപ്പെടുന്നില്ല. വീടിനോട് ചേർന്നോ, നിശ്ചിത അകലത്തിലോ ആയാണ് കാർപോർച്ച് സ്ഥിതിചെയ്യുന്നത് എങ്കിലും ഇത് ലക്ഷ്വറി ടാക്സ് വിഭാഗത്തിൽ ഉൾപ്പെടുന്നില്ല.

അതേ സമയം കാർപോർച്ചിനോട് ചേർന്ന് സെക്യൂരിറ്റി അല്ലെങ്കിൽ ഡ്രൈവർക്ക് താമസിക്കാനുള്ള ഒരിടം സെറ്റ് ചെയ്യുന്നുണ്ടെങ്കിൽ ആ ഭാഗത്തിന് ലക്ഷ്വറി ടാക്സ് നൽകേണ്ടി വരും.

വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി കന്നുകാലികളെ വളർത്തുന്ന തൊഴുത്ത് നിർമ്മിച്ചാൽ ലക്ഷ്വറി ടാക്സ് കൊടുക്കേണ്ടതില്ല. അതേസമയം വിൽപ്പനയ്ക്കായി വളർത്തുന്ന കന്നുകാലികളുടെ തൊഴുത്തിന് ടാക്സ് നൽകേണ്ടി വരും.

പഴയ വീട് റിനോവേറ്റ് ചെയ്താൽ ലക്ഷ്വറി ടാക്സ് നൽകേണ്ടി വരുമോ?

അതായത് മുൻപുള്ള വീടിനോട് ചേർന്ന് അധികമായി റൂം അല്ലെങ്കിൽ സ്ഥലം എടുത്തുകൊണ്ട് വീട് പുനർ നിർമിക്കുമ്പോൾ പഴയ സ്ഥലവും പുതിയ സ്ഥലവും കൂട്ടിയുള്ള ഏരിയ അനുസരിച്ച് ലക്ഷ്വറി ടാക്സ് നൽകേണ്ടിവരും. വീടിനോട് ചേർന്നുള്ള കോർറ്റിയാഡ് ഓപ്പണായി നൽകുമ്പോൾ അത് വീടിന്റെ ഏരിയയിൽ ഉൾപ്പെടുത്തുന്നില്ല.

പലർക്കും ഉള്ള ഒരു സംശയമാണ് സ്റ്റെയർകെയ്സ് ഭാഗം ലക്ഷ്വറി ടാക്സ് വിഭാഗത്തിൽ ഉൾപ്പെടുത്തുമോ എന്നത്. പലപ്പോഴും സ്റ്റെയർ കേസിന്റെ താഴ്ഭാഗം ഒഴിഞ്ഞു കിടക്കുകയാണ് എങ്കിലും മുകൾഭാഗത്തെ ഏരിയ വിസ്തീർണ്ണത്തിൽ ഉൾപ്പെടും. ലിവിങ് റൂം അല്ലെങ്കിൽ ഡൈനിങ് ഏരിയ യോടെ ചേർന്ന് ഡബിൾ വോയ്ഡ് നിർമ്മിച്ച് നൽകുമ്പോൾ ലക്ഷ്വറി ടാക്സ് നൽകേണ്ടതാണ്.

ലക്ഷ്വറി ടാക്സിൽ ഉൾപ്പെടാത്ത ഭാഗങ്ങൾ ഏതെല്ലാമാണ്?

വീടിന്റെ മുകൾവശം ഓപ്പൺ ടെറസ് രീതിയിൽ നൽകി അവിടെ ഒരു ട്രസ് വർക്ക് ചെയ്ത് നൽകുകയാണെങ്കിൽ അത് ലക്ഷ്വറി ടാക്സ് വിഭാഗത്തിൽ ഉൾപ്പെടുന്നില്ല. ചോർച്ച തടയുന്നതിനും തുണി അലക്കുന്നതിനുമുള്ള ഇടമായി സജ്ജീകരിക്കുന്ന ഷീറ്റ് ട്രസ്സ് വർക്ക് വീടിന്റെ ഏരിയയിൽ ഉൾപ്പെടുന്നില്ല. അതേസമയം താമസിക്കാനുള്ള സജ്ജീകരണങ്ങൾ ഈ ഭാഗത്ത് ഒരുക്കിയാൽ അതിന് ലക്ഷ്വറി ടാക്സ് നൽകേണ്ടിവരും.

ഭംഗിക്കുവേണ്ടി റൂഫ് വർക്കുകൾ,പറഗോള എന്നിവ നൽകുന്നത് ടാക്സ് വിഭാഗത്തിൽ ഉൾപ്പെടുന്നില്ല.അതേസമയം വീടിന് മുകൾ ഭാഗത്ത് ബാൽക്കണി ഏരിയ നൽകുന്നുണ്ടെങ്കിൽ അത് ലക്ഷ്വറി ടാക്സിൽ ഉൾപ്പെടുന്നുണ്ട്.

സ്വിമ്മിംഗ് പൂൾ വീട്ടിനു പുറത്താണ് നൽകുന്നത് എങ്കിൽ അത് ടാക്സ് വിഭാഗത്തിൽ ഉൾപ്പെടുന്നില്ല അതേസമയം വീട്ടിനകത്ത് സജ്ജീകരിക്കുന്ന സിമ്മിംഗ് പൂളിന് ചുമരുകൾ ഉള്ളതിനാൽ ലക്ഷ്വറി ടാക്സ് നൽകേണ്ടതുണ്ട്.

ഇത്രയും കാര്യങ്ങൾ പരിഗണിച്ചു കൊണ്ടാണ് വീടിന് ലക്ഷ്വറി ടാക്സ് നൽകണോ വേണ്ടയോ എന്നത് നിർണയിക്കപെടുക.