വീട് നിർമ്മാണം എപ്പോൾ തുടങ്ങണം?

വീട് നിർമ്മാണം എപ്പോൾ തുടങ്ങണം?ഈയൊരു തലക്കെട്ടിന് പല അർത്ഥങ്ങളും ഉണ്ട്. ഓരോരുത്തരും വീടെന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത് പല സാഹചര്യങ്ങളിൽ ആണ്.

ചിലർ വാടക കൊടുത്ത് മടുത്തു സ്വന്തമായി ഒരു വീട് നിർമ്മിക്കാം എന്ന് ചിന്തിക്കുമ്പോൾ മറ്റ് ചിലർ നല്ല ഒരു ജോലി കിട്ടിക്കഴിഞ്ഞാൽ വീട് നിർമാണത്തെപ്പറ്റി ചിന്തിച്ച് തുടങ്ങുന്നവരാണ്.

ഇനി ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു സാമ്പത്തിക സ്രോതസ്സ് എന്ന രീതിയിൽ പുതിയ വീട് വാങ്ങിച്ച് അത് വാടകയ്ക്ക് കൊടുത്തു വരുമാനം ഉണ്ടാക്കുന്നവരും ഉണ്ട്.

നമ്മുടെ നാട്ടിലെ വിദേശത്ത് ജോലി ചെയ്യുന്ന മിക്ക ആളുകളും ചിന്തിക്കുന്നത് നല്ല രീതിയിൽ ശമ്പളം കിട്ടുമ്പോൾ അത് ഒരു വീട് വയ്ക്കുന്നതിനായി ചിലവഴിച്ചാൽ നാട്ടിലെത്തി സുഖമായി ജീവിക്കാമല്ലോ എന്നതാണ്.

ഇത്തരത്തിൽ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉരുത്തിരിയുന്ന ആശയങ്ങളും അതോടൊപ്പം തന്നെ ശ്രദ്ധ നൽകേണ്ട ചില കാര്യങ്ങളും അറിഞ്ഞിരിക്കാം.

വീട് നിർമ്മാണം എപ്പോൾ തുടങ്ങണം?എന്തു കൊണ്ട്?

കാലങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന പല ആളുകളും ചിന്തിക്കുന്നുണ്ടാവുക വാടക കൊടുക്കുന്ന തുക ഉണ്ടെങ്കിൽ അത് ഇഎംഐ ആയി അടച്ച് ഒരു വീട് സ്വന്തമാക്കി കൂടെ എന്നായിരിക്കും.

സത്യത്തിൽ ഇത് പലർക്കും ചിന്തിക്കാവുന്ന ഒരു ആശയമാണെങ്കിലും ഒരു ഇനിഷ്യൽ ഇൻവെസ്റ്റ് മെന്റ് കൈയിൽ കരുതാതെ ഒരിക്കലും വീടും വാങ്ങാനായി സാധിക്കില്ല.

അതല്ലെങ്കിൽ വീട് നിർമ്മാണം ആരംഭിക്കാൻ സാധിക്കില്ല.

മുഴുവൻ തുകയും ലോണെടുത്ത് വീട് പണിത് പിന്നീട് ആ തുക അടച്ചു തീർക്കാൻ സാധിക്കാതെ കഷ്ടപ്പെടുന്ന എത്രയോ പേരെ നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും. കൃത്യമായ പ്ലാനിങ്ങോടു കൂടി ആരംഭിക്കേണ്ട ഒരു കാര്യമാണ് ഭവന നിർമ്മാണം.

അതല്ലെങ്കിൽ വീടെന്ന സ്വപ്നം പാതി വഴിയിൽ ഉപേക്ഷിച്ചു പോകേണ്ട അവസ്ഥ വരും.

വീട് വയ്ക്കാനായി പണം മാറ്റി വെച്ചാലും അത് ജീവിത രീതിയെ വലിയ രീതിയിൽ ബാധിക്കില്ല എന്ന് ഉറപ്പുള്ളവർക്ക് വീടുപണി എപ്പോൾ വേണമെങ്കിലും തുടങ്ങാം.

അതല്ലെങ്കിൽ വീടു പണിക്കുള്ള പണവും കുറച്ച് നാളത്തേക്കുള്ള വാടകയും മുൻകൂട്ടി കൈയിൽ കരുതിയിട്ടുണ്ടെങ്കിൽ പിന്നീട് വീട് പണിയുടെ വ്യത്യസ്ത ഘട്ടങ്ങളിലും വലിയ തലവേദന നേരിടേണ്ടി വരില്ല.

ലോണെടുത്ത് വീട് വയ്ക്കുമ്പോൾ.

വീട് നിർമ്മിക്കാൻ ആവശ്യമായ മുഴുവൻ തുകയും കൈയിൽ കരുതി വീട് വെക്കാൻ അല്ലെങ്കിൽ വാങ്ങാൻ ഒരുങ്ങുന്നവർ വളരെ കുറവായിരിക്കും.

അത്തരം സാഹചര്യങ്ങളിൽ എല്ലാവരും ഹോം ലോണുകളെയാണ് ആശ്രയിക്കുന്നത്. എല്ലാ മാസവും സ്ഥിര വരുമാനം ലഭിക്കുന്നവർക്ക് വലിയ ടെൻഷൻ ഒന്നും ഇല്ലാതെ ലോണെടുത്ത തുക ഇഎംഐ ആയി അടച്ചു തീർക്കാൻ സാധിക്കും.

എന്നാൽ സ്ഥിര വരുമാനം ഇല്ലാത്ത ആളുകൾക്ക് ബാങ്കുകളിൽ നിന്നും ലോൺ ലഭിക്കാനും ഏതെങ്കിലും സാഹചര്യത്തിൽ അവ മുടങ്ങി പോയാൽ അത്രയും വലിയ ഒരു തുക ഒരുമിച്ച് അടയ്ക്കാനും പലപ്പോഴും ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട്.

അതുകൊണ്ടു തന്നെ തിരഞ്ഞെടുക്കുന്ന ബാങ്ക്, അവർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ, പലിശ നിരക്ക് എന്നിവയെ പറ്റിയെല്ലാം ഒരു കൃത്യമായ ധാരണ ഉണ്ടാക്കിയതിനു ശേഷം മാത്രം അത്തരമൊരു പ്രോസസിലേക്ക് കടക്കുന്നതാണ് എപ്പോഴും നല്ലത്.

ആഡംബരം നിറച്ച് വീടു പണിയുമ്പോഴാണ് പലപ്പോഴും അത് കടക്കെണിയിൽ അവസാനിക്കുന്നത്. ആവശ്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ചുള്ള ഒരു പ്ലാൻ വരപ്പിച്ച് വീടു പണി നടത്തുകയാണെങ്കിൽ പിന്നീട് അത് ബാധ്യതയായി മാറില്ല.

പണം കടമെടുത്ത് വീട് നിർമ്മിക്കാൻ താല്പര്യമില്ലാത്തവർക്ക് വ്യത്യസ്ത ഘട്ടങ്ങളായി വീടുപണി പൂർത്തിയാക്കുന്ന രീതി ഉപയോഗപ്പെടുത്താം. അതായത് തുടക്കത്തിൽ കൈയിലുള്ള പണം ഉപയോഗിച്ച് പ്ലോട്ട് വാങ്ങിച്ച ശേഷം പിന്നീട് ഫൗണ്ടേഷൻ പണിക്കുള്ള പണം കണ്ടെത്തി പൂർത്തീകരിക്കാം.

വീണ്ടും ഒരു നിശ്ചിത കാലയളവ് ഗ്യാപ്പ് എടുത്ത് പണമുണ്ടാക്കിയ ശേഷം അടുത്ത ഘട്ടങ്ങളിലേക്ക് പ്രവേശിക്കാം.

പടിപടിയായി വീട് നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുകയാണെങ്കിൽ ഭാവിയിൽ കടം തിരിച്ചടിക്കേണ്ടതിനെ പറ്റി ആലോചിച്ച് ടെൻഷൻ അടിക്കേണ്ടി വരില്ല.

പേരിന് മാത്രം ആഡംബര വീടുകൾ പണിതിട്ട് വിദേശത്തു പോയി ജീവിക്കുന്ന നിരവധി ആളുകൾ നമ്മുടെ നാട്ടിലുണ്ട് എന്നതാണ് മറ്റൊരു സത്യം.

വർഷത്തിൽ ഒന്നോ രണ്ടോ തവണ വരുമ്പോൾ താമസിക്കുന്നതിന് വേണ്ടി ഇത്തരം ആഡംബര ഭവനങ്ങൾ പണിയുന്നവർ അത് അത്യാവശ്യമാണോ എന്ന കാര്യം ഒന്ന് ഇരുത്തി ചിന്തിക്കുന്നത് നല്ലതായിരിക്കും.

വീട് നിർമ്മാണം എപ്പോൾ തുടങ്ങണം? ഓരോരുത്തരുടെയും താൽപര്യങ്ങൾക്കും സാമ്പത്തിക സ്ഥിതിക്കും അനുസരിച്ചാണ് ഈ ഒരു ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തേണ്ടത്.