വീട് നിർമാണവും അപ്രിയ സത്യങ്ങളും.വീടു പണി തുടങ്ങി വച്ചാൽ പൂർത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ പ്ലാനിങ് ഇല്ലാതെ ആരംഭിക്കുന്ന വീട് പണികൾ പിന്നീട് തലവേദന സൃഷ്ടിക്കുന്ന കാര്യമായി മാറാൻ നിസ്സാര കാരണങ്ങൾ മതി.

വീടുപണി മുന്നോട്ട് നീങ്ങാത്ത അവസ്ഥയിൽ പലരും നിർമാണത്തിനായി തിരഞ്ഞെടുത്ത സ്ഥലത്തിന്റെ പ്രശ്നങ്ങളെപ്പറ്റിയും, വാസ്തുവിനെ പറ്റിയുമെല്ലാം ഘോര ഘോരം പ്രസംഗിക്കുമെങ്കിലും അതിനുള്ള ശരിയായ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കാറില്ല എന്നതാണ് സത്യം.

വീട് വയ്ക്കാനായി മനസ്സിൽ ഒരു പ്ലാൻ മാത്രം ഉണ്ടായതു കൊണ്ട് യാതൊരു കാര്യവുമില്ല. കൃത്യമായ പ്ലാനിങ്, അതിനാവശ്യമായ പണം എന്നിവ കണ്ടെത്തുന്നതിനുള്ള പ്രയത്നങ്ങൾ കൂടി നടത്തേണ്ടതുണ്ട്.

പലപ്പോഴും ആവേശത്തിൽ തുടങ്ങുന്ന പല വീട് പണികളും എങ്ങുമെത്താത്ത അവസ്ഥ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളും ഇവയെല്ലാമാണ്. വീട് പണിയും അതുമായി ബന്ധപ്പെട്ട ചില അപ്രിയ സത്യങ്ങളും മനസ്സിലാക്കാം.

വീട് നിർമാണവും അപ്രിയ സത്യങ്ങളും. അറിഞ്ഞിരിക്കാം.

നിര്‍മാണവുമായി ബന്ധപ്പെട്ട്കൂടുതൽ പേർക്കും പറ്റുന്ന വലിയ അബദ്ധം എന്നു പറയുന്നത് വരവ് അറിയാതെ ചിലവ് നടത്തുന്നത് തന്നെയാണ്. സ്വന്തം ആവശ്യങ്ങൾ മനസിലാക്കി അതിനനുസരിച്ചുള്ള ഒരു പ്ലാനിൽ വേണം വീട് നിർമ്മിക്കാൻ.

ആ ഒരു പ്ലാനിൽ വീടുപണി പൂർത്തിയാക്കാൻ ആവശ്യമായ പണം നമ്മളെ കൊണ്ട് ഉണ്ടാക്കാൻ സാധിക്കുമോ എന്ന കാര്യവും ചിന്തിക്കേണ്ടിയിരിക്കുന്നു.

പലരും വീട് നിർമ്മാണത്തിനായി ഒരു ആർക്കിടെക്ടിനെ സമീപിക്കുമ്പോൾ എത്ര ബഡ്ജറ്റ് ആണ് മുന്നിൽ കാണുന്നത് എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം നൽകുന്നത് ബഡ്ജറ്റിന് പ്രാധാന്യം നൽകേണ്ട എന്നതാണ്.

പലപ്പോഴും ഇത്തരത്തിൽ നിർമ്മിക്കുന്ന വീടുകൾ ആണ് പിന്നീട് വലിയ ബാധ്യതകൾ ആയി മാറുന്നത്.

ആവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിയാൻ പോലും സാധിക്കാതെ നിർമ്മിക്കുന്ന ആഡംബര വീടുകൾ പിന്നീട് വിറ്റഴിക്കേണ്ട അവസ്ഥ വരികയോ, ജപ്തി ചെയ്തു പോവുകയോ ചെയ്യുമെന്ന കാര്യം അപ്പോൾ ആരും ഓർക്കുന്നില്ല.

വീട് നിർമാണത്തിൽ കൺസ്ട്രക്ഷൻ വർക്കുകളുടെ ചിലവ് മാത്രം കണക്ക് കൂട്ടി ബഡ്ജറ്റിൽ ഒതുക്കാമെന്ന് ചിന്തിക്കുന്നവരും കുറവല്ല.

അതിനു ശേഷം വരുന്ന ഇന്റീരിയർ വർക്കുകൾ, പെയിന്റിംഗ് പണി, മുറ്റം, ഗേറ്റ്, വീട്ടിലേക്ക് വാങ്ങേണ്ട ഫർണിച്ചറുകൾ എന്നിവയെപ്പറ്റി ഒന്നും ആരും അധികം ശ്രദ്ധ നൽകുന്നില്ല.

അതു കൊണ്ടു തന്നെപിന്നീട് ഇതിനായി പണം കണ്ടെത്താൻ നെട്ടോട്ടമോടുന്ന അവസ്ഥ വരുന്നു.

സത്യത്തിൽ പ്ലാൻ ആണോ പ്ലാനിങ് ആണോ ആവശ്യം?

കൃത്യമായ ഒരു പ്ലാനിങ് ഇല്ലാതെ വീട് നിർമ്മാണം ആരംഭിച്ചാൽ പിന്നീട് എത്ര വലിയ പ്ലാൻ ഉണ്ടായാലും അത് നടപ്പിലാക്കാൻ സാധിക്കണമെന്നില്ല.

അതുകൊണ്ടുതന്നെ ഇവിടെ മനസ്സിലാക്കേണ്ട കാര്യം വീട് നിർമിക്കുക എന്നത് കൊണ്ട് ഒരു പ്ലാൻ വരയ്ക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്, അതിനു മുൻപ് എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയുള്ള കൃത്യമായ പ്ലാനിങ് ആണ് ആവശ്യം.

തിരഞ്ഞെടുക്കുന്ന പ്ലാനിൽ ഒരു വീട് നിർമ്മിക്കാൻ എത്ര തുക ചിലവഴിക്കേണ്ടി വരും, അതിനാവശ്യമായ വരുമാനം കുടുംബത്തിൽ ഉണ്ടോ എന്ന കാര്യങ്ങൾക്കെല്ലാം പരിഗണന നൽകണം.

അതോടൊപ്പം തന്നെ കുടുംബാംഗങ്ങളുടെ ആശയങ്ങൾക്കും വില നൽകി വീടിന് എത്ര വലിപ്പം വേണം, ഒരു നില വീടാണോ ഇരുനില വീടാണോ നിർമിക്കാൻ ഉദ്ദേശിക്കുന്നത്, എത്ര റൂമുകൾ വേണം എന്നീ കാര്യങ്ങളെല്ലാം തീരുമാനിക്കാവുന്നതാണ്.

വീട് നിർമ്മിക്കാൻ ആവശ്യമായ മുഴുവൻ തുകയും കൈവശമില്ലെങ്കിൽ അതിന് എങ്ങിനെ ഒരു ബദൽ മാർഗം കണ്ടെത്താമെന്നും ഹോം ലോണിനെയാണ് ആശ്രയിക്കുന്നത് എങ്കിൽ ഏത് ബാങ്ക് തിരഞ്ഞെടുക്കണം എന്നും ചിന്തിക്കണം.

ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും കുറവ് പലിശ നൽകുന്ന ബാങ്ക് നോക്കി വേണം തിരഞ്ഞെടുക്കാൻ.

ആർക്കിടെക്ട് /ബിൽഡറുമായി സംസാരിക്കുമ്പോൾ

നിങ്ങളുടെ ആശയങ്ങൾ എല്ലാം ക്രോഡീകരിച്ച് ഒരു കൃത്യമായ പ്ലാനിങ് ഉണ്ടാക്കിയതിനു ശേഷം മാത്രം ഒരു ബിൽഡറെ സമീപിക്കുക.

തുടർന്ന് ആവശ്യങ്ങളെല്ലാം അറിയിച്ച് ഒരു പ്ലാൻ വരപ്പിച്ച ശേഷം അതിൽ വരുത്തേണ്ട മാറ്റങ്ങൾ പറഞ്ഞു ചെയ്യിപ്പിക്കാവുന്നതാണ്.

ഇത്തരം മാറ്റങ്ങൾ പ്ലാനിൽ ഉൾപ്പെടുത്തിയാൽ ചിലവ് കൂടുമോ എന്ന കാര്യവും ചോദിച്ചു മനസ്സിലാക്കാം.

വീടു പണി മുഴുവനായും കോൺട്രാക്ട് ആയാണ് നൽകുന്നത് എങ്കിൽ വീട്ടിനകത്ത് ഉപയോഗപ്പെടുത്തുന്ന ഫ്ലോറിങ് മെറ്റീരിയലുകൾ സാനിറ്ററി വെയിറുകൾ എന്നിവ ഏത് ബ്രാൻഡ് ആണ് ഉപയോഗിക്കുക എന്നീ കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കുക.

അതല്ല എങ്കിൽ പിന്നീട് ലോ ക്വാളിറ്റി മെറ്റീരിയലുകൾ നൽകി പറ്റിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

നിങ്ങൾ പറയുന്ന മെറ്റീരിയൽ തന്നെ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണദോഷങ്ങളെ പറ്റി ചോദിച്ച് മനസ്സിലാക്കാവുന്നതാണ്.

മറ്റുള്ള വീടുകളെ കണ്ട് അത്തരത്തിലുള്ള ഒരു വീട് നിർമ്മിക്കുക എന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകേണ്ടത് നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഒരു വീട് നിർമിക്കുക എന്നതാണ്.

പലപ്പോഴും സ്വന്തം വരുമാനം കൊണ്ട് നിർമ്മിക്കാൻ സാധിക്കാത്ത അത്രയും വലിപ്പത്തിലും ആഡംബരത്തിലും ഉള്ള വീടുകൾ നിർമ്മിക്കാൻ ശ്രമിക്കുമ്പോഴാണ് അവ ആജീവനാന്ത കാലത്തേക്ക് ബാധ്യതയായി മാറുന്നത്.

വീട് നിർമാണവും അപ്രിയ സത്യങ്ങളും മനസിലാക്കി ഇരുന്നാൽ അവ നിങ്ങൾക്കും ഉപകാരപ്പെട്ടേക്കാം.