നിർമ്മാണ ചിലവ് കുറക്കാന്‍ പിശുക്കാണോ?വീട് നിർമ്മാണം വളരെയധികം ചിലവേറിയ കാര്യമാണെന്ന് എല്ലാവർക്കും അറിയാം.
ഇന്ന് മിക്ക ആളുകളും ആഡംബരം നിറഞ്ഞ വീടുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുമ്പോഴും വീട് നിർമ്മാണത്തിന്റെ ചില ഘട്ടങ്ങളിലെങ്കിലും ചിലവ് ചുരുക്കാനായി ചില പിശുക്കൻ മാർഗങ്ങൾ പരീക്ഷിച്ചു നോക്കാറുണ്ട്.
സത്യത്തിൽ ഇവ ചിലവ് ചുരുക്കാനായി ചെയ്യുന്നതാണെങ്കിലും ഭാവിയിൽ വലിയ ഭാരമാവും എന്നത് പലരും ചിന്തിക്കുന്നില്ല.
ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ക്വാളിറ്റി കുറച്ചും, കുറഞ്ഞ നിരക്കിൽ പ്ലാൻ വരയ്ക്കുന്നവരെ കണ്ടെത്തിയും വീട് നിർമ്മിക്കുന്നവർ കുറവല്ല.
ഇന്ന് എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കാം എന്നതിനാൽ വീടിന് ആവശ്യമായ പ്ലാൻ പോലും ഗൂഗിളിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്തെടുക്കുന്നവരും നിരവധിയാണ്.
എന്നാൽ പലപ്പോഴും ഇവയിൽ സംഭവിക്കുന്ന ചെറിയ പാകപ്പിഴകൾ ഭാവിയിൽ വലിയ നഷ്ടങ്ങളിലേക്കാണ് നയിക്കുക എന്ന കാര്യം ആരും ചിന്തിക്കുന്നില്ല.
അനാവശ്യ ആഡംബരങ്ങളെ ഒഴിവാക്കി നിർത്തിയാൽ വീട് നിർമ്മാണത്തിൽ പിശുക്ക് കാണിക്കേണ്ടതില്ല എന്നതാണ് സത്യം. പിശുക്ക് കാണിച്ച് വീട് നിർമ്മിച്ചാൽ സംഭവിക്കാവുന്ന അബദ്ധങ്ങളെ പറ്റി ഒന്ന് മനസിലാക്കിയിരിക്കാം.
നിർമ്മാണ ചിലവ് കുറക്കാന്‍ പിശുക്കാണോ ചില വസ്തുതകൾ അറിഞ്ഞിരിക്കാം.
വളരെ നിസാരമായി വീടുപണിയെ കാണുന്ന നിരവധി പേരാണ് ഉള്ളത്. അത്തരത്തിലുള്ള ഒരു ചിന്താഗതി വച്ച് ഒരിക്കലും വീട് പണിയെ സമീപിക്കരുത്.
വളരെയധികം ശ്രദ്ധയും സമയവും നൽകി ചെയ്യേണ്ട ഒന്നാണ് വീട് നിർമ്മാണം. ജീവിതത്തിൽ മിക്ക ആളുകളും ഒരിക്കൽ മാത്രം നിർമിക്കുന്ന വീടിന് ആഡംബരം പൂർണമായും ഒഴിവാക്കേണ്ടതില്ല.
അതേസമയം ആവശ്യങ്ങൾ അറിഞ്ഞു കൊണ്ട് അവചെ യ്യുക എന്നതിലാണ് പ്രധാനം.
കൈയിൽ ധാരാളം പണമുള്ള ആളുകൾക്ക് വീട് നിർമ്മാണം അത്ര വലിയ തലവേദന സൃഷ്ടിക്കുന്ന കാര്യമല്ല എങ്കിലും സാധാരണക്കാരനായ ഒരാൾക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ പണം കണ്ടെത്തുക എന്നത് പലപ്പോഴും ഒരു വലിയ കടമ്പ തന്നെയാണ്.
മുഴുവൻ പണവും കൈവശം എടുക്കാൻ ഇല്ലെങ്കിൽ ബാങ്ക് ലോൺ കണ്ടെത്തേണ്ടതും, മറ്റ് മാർഗങ്ങൾ കണ്ടെത്തേണ്ടതും അത്ര ചെറിയ കാര്യമായി തള്ളിക്കളയേണ്ട.
അതേസമയം ആർക്കിടെക്നോട് തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകളിൽ കുറച്ച് ക്വാളിറ്റി കുറച്ചാണെങ്കിലും വീട് ഉദ്ദേശിച്ച രീതിയിൽ നിർമ്മിച്ചു നൽകാൻ ആവശ്യപ്പെടുന്നവരും കുറവല്ല.
മെറ്റീരിയൽ ക്വാളിറ്റിയുടെ കാര്യത്തിൽ കോംപ്രമൈസ് വേണ്ട
വീട് നിർമ്മാണത്തിൽ പിശുക്ക് കാണിക്കാൻ പലരും തിരഞ്ഞെടുക്കുന്ന വഴികളിൽ ഒന്ന് കമ്പി, ഫ്ളോറിങ് മെറ്റീരിയൽ, പ്ലംബിംഗ് മെറ്റീരിയൽ, ഇലക്ട്രിക്കൽ വയറിങ് മെറ്റീരിയൽ എന്നിവയുടെ ക്വാളിറ്റി കുറയ്ക്കുക എന്നതാണ്.
ചിലപ്പോൾ ഫ്ലോറിങ് മെറ്റീരിയൽ, പ്ലംബിംഗ് മെറ്റീരിയൽ എന്നിവയുടെ ക്വാളിറ്റി കുറച്ചാൽ അവ കുറഞ്ഞ കാലയളവിനുള്ളിൽ കേടു വന്നു പോകും എന്നത് മാത്രമാണ് ദോഷമെങ്കിൽ വയറിങ് മെറ്റീരിയൽ,കമ്പി എന്നിവയുടെ കാര്യത്തിൽ പിശുക്ക് കാണിച്ചാൽ അത് നിങ്ങളുടെ ജീവന് തന്നെ ആപത്തായേക്കാം.
വിലക്കുറവിൽ ലഭിക്കുന്ന കമ്പിക്ക് ക്വാളിറ്റിയും കുറവായിരിക്കും എന്നത് ചിന്തിക്കണം. അത്തരത്തിലുള്ള കമ്പി ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന് എത്രമാത്രം ഈടും ഉറപ്പും ലഭിക്കുമെന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു.
വയറിങ് മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോഴും കാര്യങ്ങൾ വ്യത്യസ്തമല്ല. ശരിയായ രീതിയിൽ ഇലക്ട്രിക്കൽ വർക്ക് ചെയ്തിട്ടില്ല എങ്കിൽ ഷോട്ട് സർക്യൂട്ട് പോലുള്ള അപകടങ്ങൾ ഭാവിയിൽ ഉണ്ടാക്കുക വലിയ നഷ്ടങ്ങൾ ആയിരിക്കും.
കമ്പിയോടൊപ്പം തന്നെ തിരഞ്ഞെടുക്കുന്ന സിമന്റ്, മണൽ, കട്ട എന്നിവയുടെ ക്വാളിറ്റിയിലും വളരെ വലിയ പ്രാധാന്യമുണ്ട്.
കോൺക്രീറ്റ് മിക്സ് ചെയ്യുമ്പോൾ അതിൽ ഉപയോഗപ്പെടുത്തുന്ന മെറ്റീരിയലുകളുടെ അളവ് ശരിയായ രീതിയിൽ അല്ല എങ്കിൽ കെട്ടിടങ്ങൾ പൊളിഞ്ഞു വീഴാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല.
വീടിനകത്ത് നൽകുന്ന ആഡംബരത്തിന്റെ കാര്യത്തിൽ കുറച്ച് പിശുക്ക് കാണിച്ചാലും നിർമ്മാണത്തിന്റെ കാര്യത്തിൽ പിശുക്ക് ഒഴിവാക്കുന്നതാണ് സുരക്ഷിതം.
നിർമ്മാണ ചിലവ് കുറക്കാന്‍ പിശുക്കാണോ? അതിനുള്ള ഉത്തരം ഇപ്പോൾ ലഭിച്ചു കാണുമെന്ന് പ്രതീക്ഷിക്കുന്നു.