ഒരു വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും വീടുപണിയെ പറ്റി ഒരു ധാരണ ഉണ്ടാക്കി വയ്ക്കുകയും, അതിൽ ഉൾപ്പെടുന്ന സാധാരണ ചിലവുകളെ പറ്റി മാത്രം ചിന്തിക്കുകയുമാണ് പലരും ചെയ്യുന്നത്.
എന്നാൽ വീട് പണിയിൽ നമ്മൾ അറിയാതെ പോകുന്ന പല ചിലവുകളും ഉണ്ട്.
പണി മുഴുവൻ പൂർത്തിയായി കഴിഞ്ഞ് ചിലവ് കണക്കാക്കുമ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള അധിക ചിലവിനെ പറ്റി പലരും അറിയുന്നത്.
അതുകൊണ്ടുതന്നെ വീടിനെപ്പറ്റി പ്ലാൻ ചെയ്യുമ്പോൾ തന്നെ പണിയിൽ ഉൾപ്പെടുന്നതും അല്ലാത്തതുമായ ചെലവുകളെ പറ്റി കൃത്യമായ ധാരണ ഉണ്ടാക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്.
എസ്റ്റിമേറ്റും അധിക ചിലവും
പ്രധാനമായും രണ്ടു രീതിയിലാണ് വീട് നിർമ്മാണത്തിന് കോൺട്രാക്ട് നൽകുന്നത്. ആദ്യത്തെ രീതി ഫുൾ ഫിനിഷ് കോൺട്രാക്ട് ആണ്.
അതായത് വീട് നിർമ്മാണത്തിന് ആവശ്യമായ മെറ്റീരിയലുകൾ ഉൾപ്പെടെ ബിൽഡേഴ്സ് തന്നെ തിരഞ്ഞെടുത്ത് വീട്ടുടമയ്ക്ക് കീ നൽകുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്.
രണ്ടാമത്തെ രീതിയായ ലേബർ കോൺട്രാക്ടിൽ മെറ്റീരിയലുകൾ വീട്ടുടമ വാങ്ങി നൽകുകയും ലേബേഴ്സിനെ വെച്ച് പണിയെടുപ്പിക്കുകയും ചെയ്യുന്നു.
മറ്റു പല രീതികളും വീട് നിർമ്മാണത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും പ്രധാനമായും ഈ രണ്ടു രീതികൾ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ രണ്ട് രീതികളിലും ബഡ്ജറ്റിൽ ഉൾപ്പെടാത്ത ചിലവുകൾ വരുന്നുണ്ട്.
വീട് പണിയിലെ കണക്കിൽ പെടാത്ത ചിലവുകൾ
ആദ്യത്തെ രീതിയായ ഫുൾ ഫിനിഷ് കോൺട്രാക്ട് നൽകിയാലും പണി പൂർത്തിയായി കഴിഞ്ഞ് 10 മുതൽ 50 ശതമാനം വരെ അധിക ചിലവ് കണക്കാക്കേണ്ടി വരും. അതല്ല ലേബർ കോൺട്രാക്ട് നൽകുകയാണെങ്കിലും ഇത്തരത്തിൽ അധിക ചിലവ് വരാറുണ്ട്.
ഇവയിൽ തന്നെ ആദ്യത്തെ കാര്യം ഡിസൈനിങ് അല്ലെങ്കിൽ പ്ലാനിന് നൽകേണ്ടി വരുന്ന കോസ്റ്റ് ആണ്. കൺസ്ട്രക്ഷൻ ആവശ്യങ്ങൾക്ക് ഉള്ള മെറ്റീരിയലുകൾ മാത്രമാണ് ചിലവിൽ എല്ലാവരും ഉൾപ്പെടുത്തുന്നത്.
എന്നാൽ വീടിന്റെ പ്ലാൻ വരയ്ക്കുന്നതിന് വരുന്ന ചിലവ് ഇതിൽ ഉൾപ്പെടുന്നില്ല. വീട് നിർമ്മാണത്തിന് ആവശ്യമായ പ്ലാൻ വരച്ച് മുൻസിപ്പാലിറ്റി അല്ലെങ്കിൽ പഞ്ചായത്തിൽ നിന്നും അതിന്റെ സാങ്ഷൻ ലഭിക്കുന്നതിനുള്ള ചിലവ് ഉൾപ്പെടെ കണക്കാക്കേണ്ടതുണ്ട്.
ഇതിന് ആവശ്യമായ ട്രാൻസ്പോർട്ടേഷൻ, മറ്റ് ഫീസ് ഇനത്തിൽ ഉൾപ്പെടുന്ന ചിലവുകൾ എന്നിവ അഡീഷണൽ കോസ്റ്റ് ആയി തന്നെ കണക്കാക്കണം.
ലേബര്‍ കോൺട്രാക്ടില്‍ വരുന്ന അധിക ചിലവുകള്‍
ലേബർ കോൺട്രാക്ട് തിരഞ്ഞെടുക്കുമ്പോൾ സ്ട്രക്ചർ വർക്കുകൾ മാത്രമാണ് അതിൽ ഉൾപ്പെടുന്നത്. അതുകൊണ്ടുതന്നെ ടൈലിങ്, പ്ലംബിങ്, പെയിന്റിംഗ് എന്നീ വർക്കുകൾ അഡീഷണൽ ചിലവ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
അതായത് സ്ട്രക്ചറൽ വർക്ക് കഴിഞ്ഞാൽ വരുന്ന ഫ്ലോറിങ്ങിന് ആവശ്യമായ മെറ്റീരിയലുകൾ , എത്ര ടൈൽ എടുക്കണം, പെയിന്റ് അടിക്കുന്നതിന് ആവശ്യമായ ചിലവ് എന്നിവയെല്ലാം അഡീഷണൽ കോസ്റ്റ് ആണ്.
അതുപോലെ വീട്ടിൽ ഉപയോഗിക്കുന്ന കട്ടിള, ജനൽ, ഡോറുകൾ എന്നിവയെല്ലാം ലേബർ കോൺടാക്ട് അഡീഷണൽ കോസ്റ്റിൽ ആണ് ഉൾപ്പെടുന്നത്.
വീടുപണി മുഴുവൻ പൂർത്തിയാക്കുന്നതിന് ആവശ്യമായ തുകയുടെ 10 മുതൽ 50 ശതമാനം വരെ അധികം വീട് നിർമ്മാണം പൂർത്തിയായതിനുശേഷം ആവശ്യമായി വരും എന്നത് ലേബർ കോൺട്രാക്ടിലും മുൻകൂട്ടി കാണണം.
വീട് നിർമ്മാണത്തിന് പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ ചിലപ്പോൾ മരങ്ങൾ വെട്ടേണ്ടതായും, സ്ഥലം നിരപ്പാക്കേണ്ടതും ആവശ്യമായി വരാറുണ്ട്.
ഇതിന് ജെസിബി പോലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ചിലവ് അഡീഷണൽ ആയിത്തന്നെ കണക്കു കൂട്ടണം.ഇത് വീട് നിർമ്മാണത്തിന് തിരഞ്ഞെടുക്കുന്ന പ്ലോട്ടിന് അനുസരിച്ചാണ് കണക്കാക്കുന്നത്.
മെറ്റീരിയല്‍ കൊസ്റ്റും അധിക ചിലവുകളും
വീട് നിർമ്മാണത്തിൽ കോമ്പൗണ്ട് വാൾ, ലെവലിങ് എന്നിവക്ക് ഉള്ള ചിലവ് പലപ്പോഴും ഉൾപ്പെടുത്താറില്ല.
പലപ്പോഴും ഫൗണ്ടേഷൻ പണി പൂർത്തിയാകുമ്പോൾ അതിനകത്ത് മണ്ണ് ഫിൽ ചെയ്ത് നൽകേണ്ടതായി വരും. ഫൗണ്ടേഷൻ 45 സെന്റി മീറ്ററിന് മുകളിൽ ഉയർത്തി കഴിഞ്ഞാലാണ് ഇത്തരത്തിൽ മണ്ണ് നിറക്കേണ്ടി വരിക.
ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും മണ്ണ് പുറത്തു നിന്നും വാങ്ങേണ്ട തായി വരും. മണ്ണ് എവിടെ നിന്ന് കൊണ്ട് വരുന്നു എന്നതിന് അനുസരിച്ച് ചിലവും വർദ്ധിക്കും.
ട്രാൻസ്പോർട്ടേഷൻ കോസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ അധികമായി ചിലവഴിക്കേണ്ടി വരും.
ലേബർ കോൺട്രാക്ട് ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഷട്ടറിങ് മെറ്റീരിയലുകളെ പറ്റി നേരത്തെ തന്നെ ചോദിച്ച് അറിയണം. സാധാരണയായി സ്ക്വയർഫീറ്റിന് 350 രൂപ മുതൽ 400 രൂപ വരെ ഈടാക്കുന്ന പണികളിൽ ഷട്ടർ കോസ്റ്റ് ഉൾപ്പെടെയാണ് നൽകേണ്ടി വരുന്നത്.
കെട്ടിട നിർമ്മാണത്തിന് ആവശ്യമായ സിമന്റ്, ബ്രിക്ക് എന്നിവ ലേബർ കോൺട്രാക്ടിൽ പർച്ചേസ് ചെയ്യുമ്പോൾ ആവശ്യമായ ട്രാൻസ്പോർട്ടേഷൻ കോസ്റ്റ് അഡീഷണൽ ആയിത്തന്നെ കണ്ടെത്തണം.
സാധാരണ ഫുൾ ഫിനിഷ്ഡ് കോൺട്രാക്ടിൽ ഇത്തരം ചിലവുകൾ വീട് നിർമ്മിക്കുന്ന ആൾക്ക് അറിയേണ്ടി വരുന്നില്ല.
വാട്ടർ പ്രൂഫിംഗ് വർക്കുകൾ പലപ്പോഴും രണ്ട് രീതിയിലുള്ള കോൺട്രാക്ട് വർക്കുകളിലും ഉൾപ്പെടുന്നില്ല. അത് വീട് നിർമ്മിക്കുന്ന ആൾ തന്നെ ചിലവഴിക്കേണ്ട കോസ്റ്റ് ആയാണ് കണക്കാക്കുന്നത്.
നിർമ്മാണം പൂർത്തിയായ ശേഷം എത്ര കോട്ട് പുട്ടി നൽകണം എന്നതും, പ്രൈമർ ഉപയോഗിക്കണോ എന്നതും വീട്ടുടമയുടെ ആവശ്യാനുസരണം ആണ് തീരുമാനിക്കുക. വീട്ടുടമയുടെ ആവശ്യ പ്രകാരം പ്രൈമർ,പുട്ടി എന്നിവ അടിക്കുമ്പോൾ അതിനുള്ള അധിക ചിലവും എസ്റ്റിമേറ്റിൽ കണക്കാക്കണം.
സ്റ്റെയർകേസ് റെയിലിന് ഉപയോഗപ്പെടുത്തുന്ന മെറ്റീരിയൽ സ്റ്റെയിൻലെസ് സ്റ്റീൽ ആണെങ്കിൽ അവ തന്നെ വ്യത്യസ്ത ക്വാളിറ്റിയിൽ ലഭ്യമാണ്.202,304 എന്നിവയെല്ലാം ഇത്തരത്തിൽ വ്യത്യസ്ത ക്വാളിറ്റിയിൽ ഉൾപ്പെടുന്ന സ്റ്റെയിൻലെസ് സ്റ്റീൽ റെയിലുകൾ ആണ്.
ഇതിൽ വീട്ടുടമയുടെ നിർദ്ദേശാനുസരണം മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ അതിന് പ്രത്യേക കോസ്റ്റ് നൽകേണ്ടിവരും.
ബാത്റൂമിൽ ഉപയോഗിക്കുന്ന വാതിലുകൾ പ്രധാനമായും സിന്റെക്സ്,FRP പോലുള്ള മെറ്റീരിയലുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അതിന് അധിക ചിലവ് വരുന്നതാണ്.
ഇങ്ങനെ ചെയ്യുന്നത് വഴി ഡോറിൽ വെള്ളം തട്ടിയാലും വലിയ പ്രശ്നങ്ങൾ ഒന്നും സംഭവിക്കില്ല. എന്നാൽ ഇവ പലപ്പോഴും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താൻ പലരും മറന്നു പോകുന്ന കാര്യങ്ങളാണ്.
ഇന്റീരിയർ വർക്കിന് ആവശ്യമായ മെറ്റീരിയലുകൾ ക്വാളിറ്റി അനുസരിച്ച് മാറ്റം വരുന്നതാണ്. സാധാരണയായി ഒരു നോർമൽ മെറ്റീരിയൽ തിരഞ്ഞെടുക്കുന്ന ചിലവാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തുക.
ഇവയിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും അഡീഷണൽ കോസ്റ്റ് ആയി പിന്നീട് മാറും.
വീട് നിർമ്മാണത്തിൽ സെപ്റ്റിക് ടാങ്ക്, റെയിൻ വാട്ടർ സ്റ്റോറേജ്,വേസ്റ്റ് മാനേജ്മെന്റ് എന്നിവക്കായി പ്രത്യേക ചിലവ് കണക്കാക്കേണ്ടതുണ്ട്.
വീട് വെക്കുന്ന പ്രദേശത്ത് കിണർ ഇല്ലെങ്കിൽ കിണർ കുഴിക്കുന്നതിനും, ഇലക്ട്രിക് കണക്ഷൻ എടുക്കുന്നതിന് ആവശ്യമായ ചിലവുകൾ ആകെ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താറില്ല.
പലപ്പോഴും വളരെ ചെറിയ കാര്യങ്ങൾ ആയി വീട് നിർമ്മാണത്തിൽ കരുതുന്ന കാര്യങ്ങൾ ആയിരിക്കും പിന്നീട് അധിക ചിലവ് രൂപത്തിൽ എത്തുക.
അതുകൊണ്ടുതന്നെ തീർച്ചയായും വീട് പണിക്ക് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ അധിക ചിലവുകൾ കൂടി ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.