വീട് നിർമ്മാണം വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു പ്രോസസ് ആണ്. അതുകൊണ്ടുതന്നെ ഓരോ ഘട്ടത്തിലും കൃത്യമായ ശ്രദ്ധ നൽകുക എന്നതിലാണ് പ്രധാന കാര്യം.
എന്നുമാത്രമല്ല ബിൽഡറുമായി ഓണർ ഉണ്ടാക്കുന്ന എഗ്രിമെന്റിൽ എല്ലാകാര്യങ്ങളും വ്യക്തമായി ഉൾക്കൊള്ളിക്കണം.
അല്ലാത്ത പക്ഷം ഭാവിയിൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും. ബിൽഡറുമായി എഗ്രിമെന്റ് എഴുതുമ്പോൾ അതിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
എന്താണ് കോൺട്രാക്ട് എഗ്രിമെന്‍റ്?
ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുമ്പോൾ ആദ്യം തന്നെ ബിൽഡറുമായി ഒരു കോൺട്രാക്ട് എഗ്രിമെന്റ് എഴുതണം. ഇവിടെ ഫസ്റ്റ് പാർട്ടി, സെക്കൻഡ് പാർട്ടി എന്ന രീതിയിലാണ് ബിൽഡർ, വീടിന്റെ ഓണർ എന്നിവരെ കണക്കാക്കുക. എഗ്രിമെന്റിൽ എത്ര ദിവസത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കി നൽകുമെന്ന കാര്യം ബിൽഡർ കൃത്യമായി ഉൾപ്പെടുത്തണം
.രണ്ട് പാർട്ടികളിടെയും അഡ്രസ്, ഏതെങ്കിലും ഒരു ഐഡി എന്നിവ എഗ്രിമെന്റിൽ ഉൾപ്പെടുത്താവുന്നതാണ്.ഇത്രയും കാര്യങ്ങളാണ് എഗ്രിമെന്റിന്റെ ആദ്യത്തെ പാരഗ്രാഫിൽ ഉൾപെടുത്തേണ്ടത്.
അതോടൊപ്പം തന്നെ മോഡ് ഓഫ് പെയ്മെന്റ് കൂടി സ്പെസിഫൈ ചെയ്യാം. വ്യത്യസ്ത ഘട്ടങ്ങളായി പണം നൽകുമ്പോൾ അത് കൃത്യമായി എഗ്രിമെന്റിൽ ഉൾപ്പെടുത്തണം. അതായത് ഓരോ ഘട്ടങ്ങളിലും എത്ര രൂപ ഓണർ ബിൽഡർക്ക് നൽകി എന്നതിന്റെ ഒരു പ്രൂഫ് ആയി ഇതിനെ കണക്കാക്കാം
വീടിന്‍റെ ഫൌണ്ടേഷൻ എഗ്രിമെന്‍റ് എങ്ങിനെ എഴുതണം?
ഒരു വീടിന്റെ സബ്സ്ട്രക്ചർ ആണ് ഫൌണ്ടേഷൻ.ഫൗണ്ടേഷൻ ഓരോ വീടിനും വ്യത്യസ്ത രീതിയിൽ ആയിരിക്കും ഉണ്ടാവുക. അതായത് സ്ഥലത്തിന്റെ മണ്ണിന് അനുസരിച്ച് പോലും ഫൗണ്ടേഷൻ നിർമാണത്തിൽ വ്യത്യാസം വരാം.
അതുകൊണ്ട് തുടക്കത്തിൽ തന്നെ ബിൽറോട് സംസാരിച്ച് ഏത് രീതിയിലുള്ള ഫൗണ്ടേഷനാണ് വീട് വയ്ക്കാനായി തിരഞ്ഞെടുത്ത സ്ഥലത്തിന് അനുയോജ്യമായിട്ടുള്ളത് എന്ന് അറിഞ്ഞിരിക്കുക.
അതായത് കല്ലുകൊണ്ട് ഫൗണ്ടേഷൻ നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന ചിലവല്ല സിമന്റ് കോട്ടിംഗ് നൽകി നിർമ്മിക്കുന്ന ഫൗണ്ടേഷന് നൽകേണ്ടി വരിക.
അതുകൊണ്ടുതന്നെ എത്ര അടിയിൽ ഫൗണ്ടേഷൻ കെട്ടണം, അതിന് ആവശ്യമായ മെറ്റീരിയൽ എന്തെല്ലാമാണ് എന്നിവയെല്ലാം ഫൗണ്ടേഷൻ എഗ്രിമെന്റിൽ ഉൾപ്പെടുത്താവുന്നതാണ്.
ലിന്റിൽ സ്ലാബ്, സൺഷെയ്ഡ് എന്നിവയുമായി ബന്ധപ്പെട്ട് എഗ്രിമെന്റിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ.
വീട് നിർമ്മാണത്തിൽ ലിന്റിലിനുള്ള പ്രാധാന്യം അത്ര ചെറുതല്ല. കാരണം വീട്ടിൽ ഉപയോഗിക്കുന്ന വാതിൽ, ജനൽ എന്നിവയെല്ലാം ലിന്റിലുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഓരോ ഭാഗങ്ങളിലും നൽകേണ്ട തിക്നെസ്സ്, വിഡ്ത്, ഉപയോഗിക്കുന്ന കമ്പി എന്നിവയ്ക്കെല്ലാം വളരെയധികം പ്രാധാന്യമുണ്ട്.
കൂടാതെ സൺഷേഡ് നൽകുമ്പോൾ ജനലിന്റെ ഏതെല്ലാം ഭാഗങ്ങളിലൂടെ കടന്നു പോകുന്നു എന്നത് എഗ്രിമെന്റിൽ ഉൾപ്പെടുത്തണം. ഉപയോഗിക്കുന്ന മെറ്റീരിയലുകൾ അളവ് എന്നിവ തുടക്കത്തിൽ തന്നെ കൃത്യമായി എഗ്രിമെന്റിൽ ഉൾപ്പെടുത്തിയാൽ ഭാവിയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല.
സാനിറ്ററി വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഗ്രിമെന്റിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ?
സാധാരണയായി സാനിറ്ററി ഐറ്റംസിന്റെ വിലയാണ് എഗ്രിമെന്റിൽ ഉൾപെടുത്താറുള്ളത്.
ഓരോ ഐറ്റത്തിനും തിരഞ്ഞെടുക്കുന്ന ബ്രാൻഡ്, വില എന്നിവ എഗ്രിമെന്റിൽ ഉൾപെടുത്തുന്നതാണ്.
ബാത്റൂം, കിച്ചൻ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന സിങ്ക്,വാഷ് ബേസിൻ,ക്ലോസെറ്റ് ഉൾപ്പെടെയുള്ള എല്ലാ ഐറ്റം വിവരങ്ങളും ഇവയിൽ ഉൾപ്പെടുന്നുണ്ട്.
ഇലക്ട്രിക്കൽ വർക്ക് എഗ്രിമെന്റിൽ ഉൾപ്പെടുത്തുന്ന രീതി .
മിക്ക വീടുപണികളിലും വളരെയധികം തർക്കം വരാറുള്ള ഒരു ഏരിയയാണ് ഇലക്ട്രിക്കൽ വർക്ക്. അതായത് ഓരോ റൂമിലും നൽകേണ്ട ലൈറ്റ് പോയിന്റ് കളുടെ എണ്ണം ഇവയിൽ തന്നെ വൺവേ ആണോ ടൂ വേ ആണോ എന്നിവയെല്ലാം കൃത്യമായി നൽകേണ്ടതുണ്ട്.
പലപ്പോഴും ഇവ കൃത്യമായി നൽകാത്തത് പണി പൂർത്തിയായി കഴിഞ്ഞു റീവർക്ക് ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.
കൂടാതെ ഉപയോഗിക്കുന്ന വയറിന്റെ ബ്രാൻഡ്,സ്വിച്ച് ബ്രാൻഡ് എന്നിവയെല്ലാം തന്നെ എഗ്രിമെന്റിൽ ഉൾപ്പെടുത്താവുന്നതാണ്.
പെയിന്‍റുങ്ങുമായി ബന്ധപെട്ട് എഗ്രിമെന്റിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ
ഓരോ വീടിന്റെയും ഇന്റീരിയർ,എക്സ്റ്റീരിയർ എന്നിവയിൽ ഉപയോഗിക്കുന്ന പെയിന്റ് വ്യത്യസ്തമാണ്. സാധാരണയായി വീട്ടിനകത്ത് രണ്ട് കോട്ട് പുട്ടി, ഒരു കോട്ട് പ്രൈമർ, രണ്ട് കോട്ട് എമൽഷൻ എന്നിവ നൽകുകയാണ് ചെയ്യുന്നത്.
എന്നാൽ വീട് പണിയുന്ന ആളുടെ നിർദ്ദേശാനുസരണം ഇവയിൽ മാറ്റം വരുത്താറുണ്ട്.അതു കൊണ്ട് ഓണർ തന്റെ ആവശ്യം കൃത്യമായി എഗ്രിമെന്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
കൂടാതെ പ്രത്യേക ടെക്സ്ചർ വർക്കുകൾ, നൽകുന്നുണ്ടെങ്കിൽ അത്, പെയിന്റിന്റെ നിറങ്ങൾ,ബ്രാൻഡ് എന്നിവ കൂടി എഗ്രിമെന്റിൽ ഉൾപ്പെടുത്താം.വീടിന്റെ പുറത്ത് എവിടെയൊക്കെ പുട്ടി ഇടണം, എത്ര കോട്ട് ആവശ്യമാണ് എന്നിവ കൂടി എഗ്രിമെന്റിൽ ചേർക്കാവുന്നതാണ്.
ഇവയ്ക്ക് പുറമേ പ്ലാസ്റ്ററിംഗ് വർക്കുകൾ , വീടിന്റെ ചുമരുകളുമായി ബന്ധപ്പെട്ട വർക്കുകൾ എന്നിവ കൂടി ആവശ്യാനുസരണം കോൺട്രാക്ട് എഗ്രിമെന്റിൽ ഉൾപ്പെടുത്താവുന്നതാണ്.
സാധാരണയായി എഗ്രിമെന്റിൽ ഉൾപ്പെടുത്താതെ പ്രശ്നങ്ങൾ വരുന്ന ഏരിയയാണ് കോമ്പൗണ്ട് വാൾ ,ഗേറ്റ് എന്നീ സ്ഥലങ്ങൾ.
അധികമായി ഏതെങ്കിലും വർക്കുകൾ കോൺട്രാക്ടറെ ഏൽപ്പിക്കുന്നുണ്ടെങ്കിൽ അവ എഗ്രിമെന്റിൽ കൃത്യമായി എഴുതി സൂക്ഷിക്കുകയാണെങ്കിൽ ഭാവിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.
സ്വന്തം വീടെന്നത് ഓരോരുത്തരുടെയും സ്വപ്നമാണ് അതുകൊണ്ടുതന്നെ വീടിന്റെ പണികൾ കൃത്യമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ നല്ല രീതിയിൽ ചെയ്യുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.