നിലവിൽ പഴയ കെട്ടിടം ഉള്ളിടത്ത് പുതിയ ബിൽഡിംഗ് പണിയുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ??

വീട് നിർമ്മാണത്തെ പറ്റിയുള്ള ഉള്ള അനവധി വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ ലേഖനങ്ങളിൽ ഇന്ന് അൽപം സങ്കീർണമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. നിങ്ങൾ വീട് വെക്കാൻ തിരഞ്ഞെടുത്ത സ്ഥലത്ത് ഇതിനുമുമ്പ് ഒരു കെട്ടിടം നിലനിൽക്കുന്നു എങ്കിൽ, അങ്ങനെയുള്ള ഒരിടത്ത് വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്.

നേരത്തെ ഉണ്ടായിരുന്ന കെട്ടിടം പൂർണമായും പൊളിക്കുകയോ അല്ല ഭാഗികമായി പൊളിക്കുകയോ ചെയ്യുന്നു എങ്കിലും ഈ പറയുന്ന നടപടിക്രമങ്ങൾ ആവശ്യമായി വരുന്നു. നേരത്തെ ഉണ്ടായിരുന്ന കെട്ടിടത്തിന്റെ രീതി വട്ടങ്ങൾ നിങ്ങളുദ്ദേശിക്കുന്ന പുതിയ സൗകര്യങ്ങളുമായി ചേർന്നു പോകണമെന്നില്ല. അതുപോലെ തന്നെയാണ് ഫൗണ്ടേഷൻ കാര്യങ്ങളും മറ്റ് വശങ്ങളും.

ആദ്യമായി പറയട്ടെ, ഒരു കെട്ടിട നിർമ്മാണവും നടത്താത്ത ഒരു സ്ഥലത്തേക്കാളും എന്തുകൊണ്ട് ഈ സ്ഥലം നിങ്ങൾ പ്രിഫർ ചെയ്യുന്നു എന്നുള്ളതിന് വ്യക്തമായ കാരണം നിങ്ങളുടെ ഉള്ളിൽ ഉണ്ടാവണം എന്നുള്ളത് ആണ് ഒരു അടിസ്ഥാന കാര്യം. കാരണം ഒരു നിർമ്മാണം നടത്താത്ത ഒരു വസ്തുവിൽ നിർമാണം നടത്തുന്ന പോലെ അല്ല നേരത്തെയുള്ള നിർമാണത്തിന്റെ അവശിഷ്ടങ്ങൾ ബാക്കിയുള്ള ഒരു പ്ലോട്ടിൽ വീട് പണിയുന്നത്.

ഇത് മാത്രമല്ല, വീട് നിർമാണവുമായി ബന്ധപ്പെട്ട് എന്ത് തീരുമാനം എടുക്കുമ്പോഴും അതിൻറെ പിന്നിൽ വ്യക്തമായ കാരണങ്ങൾ നിങ്ങളുടെ മനസ്സിൽ എങ്കിലും ഉണ്ടായിരിക്കണം. ഇത്രേം പറഞ്ഞുകൊണ്ട് നമുക്ക് നടപടിക്രമങ്ങളിലേക്ക് ഒന്നു കണ്ണോടിക്കാം

നിലവിൽ പഴയ കെട്ടിടം (existing building) ഉള്ളിടത്ത് പുതിയ ബിൽഡിംഗ് പണിയുന്നതിനുള്ള  മാർഗരേഖ

  • 1) ആദ്യമായി, വാങ്ങിക്കുന്ന പ്ലോട്ടിൻറെ നാലുവശത്തും ഉള്ള അതിർത്തികൾ കൃത്യമായി മനസ്സിലാക്കുക എന്നതാണ്. വെറുതെ മനസിലാക്കിയാൽ മാത്രം പോര, അതുകൊണ്ട് ഒരു ലേഔട്ട് ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്  ആദ്യം ചെയ്യേണ്ടത്.
  • 2)  ഇനി ചെയ്യേണ്ടത് പഴയ ബിൽഡിംങ്ങിലേക്ക് എടുത്തിരിക്കുന്ന ഇലക്ട്രിക്, പ്ലംബിംഗ് കണക്ഷനുകളും അതിൻറെ കേബിളുകളും, പൈപ്പുകളും വരുന്ന ലേഔട്ട് കൃത്യമായി നിർണയിക്കുക എന്നതാണ്. 

മാത്രമല്ല, ബിൽഡിങ് പൊളിക്കുന്നതിനു മുന്നേ തന്നെ ഈ പറഞ്ഞ ഓരോ വകുപ്പിലെയും സർക്കാർ ഡിപ്പാർട്ട്മെൻറ് അധികാരികളുമായി ബന്ധപ്പെട്ട് അതുമായി ബന്ധപ്പെട്ട് ഒരു അപകടവും നിലനിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം ഈ കണക്ഷനുകൾ  ഡിസ്കണക്റ്റ് ചെയ്യേണ്ടതുമാണ്.

  • 3) അടുത്തത് പൊളിച്ചു മാറ്റൽ ഘട്ടമാണ്. പുതിയ ബിൽഡിങ്ങിൻറെ പ്ലാൻ അനുസരിച്ച് പഴയ ബിൽഡിംഗിൻറെ  ഏതൊക്കെ ഭാഗങ്ങൾ ആണ് പൊളിക്കേണ്ടത് എന്ന് നിർണയിച്ച ശേഷം  പൊളിച്ചു മാറ്റുക എന്നുള്ളതാണ്.
  • 4)  പൊളിച്ചു മാറ്റിയ ഭാഗങ്ങൾ ക്ലിയർ ചെയ്തു കൊണ്ട് ആ പ്ലോട്ട് കോംപാക്ട് ചെയ്തു ലെവൽ ചെയ്ത് എടുക്കുക എന്നുള്ളതാണ് അടുത്ത സ്റ്റെപ്പ്.
  • 5) ഇതിനു ശേഷം സോയിൽ ടെസ്റ്റ് നടത്തി,  പ്ലോട്ടിലെ മണ്ണിന്റെ കണ്ടീഷൻ മനസ്സിലാക്കുക.
  • 6) Soil ടെസ്റ്റിലെ റിപ്പോർട്ട് അനുസരിച്ച് ബിൽഡിങ്ങിന് അനുയോജ്യമായ ഫൗണ്ടേഷൻ ഏതെന്ന് നിശ്ചയിക്കുകയും അതിനാവശ്യമായ എർത്ത് വർക്ക് ചെയ്തെടുക്കുക എന്നുള്ളതാണ് അടുത്ത സ്റ്റെപ്പ്.
  • 7)  ബിൽഡിങ്ങിന് അനുയോജ്യമായ ഫൗണ്ടേഷൻ കൊടുക്കുന്നതിനോടൊപ്പം തന്നെ നിശ്ചയമായും ആൻറി ടെർമൈറ്റ് ട്രീറ്റ്മെൻറ് കൂടെ ചെയ്തു  പോകേണ്ടതാണ്. കാരണം ഒരു തവണ ഉപയോഗിച്ചു പോയ ഫൗണ്ടേഷൻറെ ഭാഗങ്ങളും നിങ്ങൾ ഉപയോഗിക്കുന്നു എന്നുള്ളതുകൊണ്ടാണ് ഇത് നിർബന്ധമാകുന്നത്.
  • 8)  ബിൽഡിങ്ങിന് അനുയോജ്യമായ ഫൗണ്ടേഷനും കൂടി ചെയ്തു കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ പുതിയ പ്ലാൻ പ്രകാരം പുതിയ കെട്ടിടത്തിന്റെ പണികൾ സന്തോഷമായി തുടങ്ങാം!!