വീടുനിർമ്മാണത്തിൽ GFRG പാനലുകൾ ഗുണം ചെയ്യുമോ?

വീട് നിർമ്മാണത്തിനായി പല രീതികളും ഉപയോഗപ്പെടുത്തുന്ന വരാണ് നമ്മൾ മലയാളികൾ. അത് ഡിസൈനിന്റെ കാര്യത്തിൽ മാത്രമല്ല ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, നിർമ്മാണ രീതി എന്നിവയുടെ കാര്യത്തിലും വ്യത്യസ്ഥ പരീക്ഷണങ്ങൾ നടത്തി നോക്കാൻ പലരും ഇഷ്ടപ്പെടുന്നുണ്ട്. മിക്ക ആളുകളുടെയും ആവശ്യം ചിലവ് കുറച്ച് എങ്ങിനെ ഒരു വീട് നിർമിക്കാം എന്നതായിരിക്കും. ഇതിന് ആവശ്യമായ വ്യത്യസ്ത മെറ്റീരിയലുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. എന്നാൽ അവയിൽ മികച്ച ക്വാളിറ്റിയിൽ ഉള്ള ഉൽപ്പന്നങ്ങൾ കണ്ടെത്തുക എന്നതാണ് പ്രയാസമേറിയ കാര്യം. ചിലവ് കുറച്ച് വീട് പണിയാൻ ആഗ്രഹിക്കുന്ന പലരും ഉപയോഗപ്പെടുത്തുന്ന ഒരു മെറ്റീരിയലാണ് GFRG പാനലുകൾ. അതേസമയം ഇത്തരത്തിലുള്ള ഒരു മെറ്റീരിയലിനെപ്പറ്റി വലിയ ധാരണ ഇല്ലാത്തവരും നമുക്ക് ചുറ്റുമുണ്ട്. അവർക്കായി GFRG പാനലുകൾ ഉപയോഗിക്കുന്ന രീതി, ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ, ദോഷങ്ങൾ എന്നിവയെല്ലാം കൃത്യമായി മനസിലാക്കാം.

എന്താണ് GFRG പാനൽ?

ഗ്ലാസ്,ഫൈബർ, റീ ഇൻഫോഴ്‌സ്ഡ് ജിപ്സം എന്നതാണ് GFRG യുടെ പൂർണ്ണ രൂപം.GFRG നിർമിക്കുന്നത് ജിപ്സം, വൈറ്റ് സിമന്റ്, കെമിക്കലുകൾ,ഗ്ലാസ് ഫൈബർ എന്നിവ പ്രത്യേക അളവിൽ സംയോജിപ്പിച്ചു കൊണ്ടാണ്. ഇത്തരത്തിൽ നിർമ്മിച്ചെടുക്കുന്ന വസ്തു ഒരു അലുമിനിയം പാനലിന് മുകളിൽ അപ്ലൈ ചെയ്താണ് GFRG പാനലുകൾ നിർമ്മിച്ചെടുക്കുന്നത് .

നിർമ്മാണ രീതി

സാധാരണ നീതിയിൽ കോൺക്രീറ്റ് ഉപയോഗിച്ച് വീട് നിർമിക്കുമ്പോൾ അവിടെ സിമന്റ്, മണൽ, ജെല്ലി എന്നിവയ്ക്ക് വേണ്ടിയും കൂടാതെ ഭിത്തികൾ നിർമ്മിക്കുന്നതിന് ആവശ്യമായ ബ്ളോക്കുകൾക്ക് വേണ്ടിയും വലിയ രീതിയിൽ മെറ്റീരിയൽ കോസ്റ്റ് ആവശ്യമായി വരും. അതേസമയം GFRG മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നത് എങ്കിൽ മെറ്റീരിയൽ കോസ്റ്റ് 80 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുന്നു.

സാധാരണ രീതിയിൽ വീടിനുള്ള ഫൗണ്ടേഷൻ നിർമ്മിച്ച് വ്യത്യസ്ത അളവുകളിൽ ജിഎഫ്ആർജി പാനലുകൾ നിർമ്മിച്ച ശേഷം ക്രെയിൻ ഉപയോഗിച്ച് ഫിക്സ് ചെയ്യുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. പാനലുകൾ കൃത്യമായി ഫിക്സ് ചെയ്ത് അവയ്ക്ക് ഉള്ളിൽ നൽകിയിട്ടുള്ള ഹോളുകളിൽ സ്റ്റീൽ റോഡുകൾ കയറ്റി കോൺക്രീറ്റ് ചെയ്യുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ആദ്യം വാൾ പാനലുകൾ നൽകുകയും തുടർന്ന് അതിനു മുകളിൽ റൂഫിംഗ് പാനലുകൾ ഫിക്സ് ചെയ്തു നൽകുകയും ചെയ്യുന്നു. രണ്ട് സ്ലാബുകൾ ക്കും ഇടയിലുള്ള ഗ്യാപ്പ് ഫിൽ ചെയ്യുന്നതിനായി ഭീം റോഡുകൾ ഉപയോഗപ്പെടുത്തുന്നു. മുകളിലുള്ള സ്ലാബ് കൂടി ഫിക്സ് ചെയ്ത് കഴിഞ്ഞാൽ ജിപ്സം കോൺക്രീറ്റ് റൂഫിന് മുകളിൽ നൽകണം. ശേഷം സാധാരണ വീടുകളിൽ ചെയ്യുന്നതുപോലെ ഇലക്ട്രിക്കൽ വർക്കുകൾ, ആശാരി പണികൾ എന്നിവയെല്ലാം ചെയ്ത് നൽകാം.

ഗുണങ്ങൾ

  • GFRG മെറ്റീരിയലുകൾ എക്കോ ഫ്രണ്ട്‌ലി ആയാണ് അറിയപ്പെടുന്നത്.
  • മെറ്റീരിയൽ റീസൈക്കിൾ ചെയ്യാൻ സാധിക്കും.
  • സിമന്റിന്റെ ചിലവ് കുറയ്ക്കാൻ സാധിക്കുമെന്ന് മാത്രമല്ല അവ നിർമിക്കുന്നത് കൊണ്ടുള്ള പൊലൂഷനും ഒഴിവാക്കാനായി സാധിക്കും.
  • 8 ഹെക്ടർ വരെയുള്ള ഭൂകമ്പത്തെ പ്രതിരോധിക്കാനുള്ള ശേഷി ഇവക്കുണ്ട്.
  • ഏകദേശം 3 മുതൽ 4 മണിക്കൂർ സമയം 1000 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂട് താങ്ങാനുള്ള കഴിവ് പാനലുകൾക്കുണ്ട്.
  • വീടിനകത്ത് തണുപ്പ് നൽകുന്നതിന് സഹായിക്കുന്നു.
  • സാധാരണ ഭിത്തികളിൽ നിന്നും വ്യത്യസ്തമായി തിക്ക്നെസ് കുറവാണ്.
  • വീടിന്റെ കാർപ്പെറ്റ് ഏരിയ കൂട്ടുന്നതിന് സഹായിക്കും.
  • പ്ലാസ്റ്ററിഗ്,പെയിന്റിംഗ് കോസ്റ്റ് കുറയ്ക്കാനായി സാധിക്കും.
  • ചോർച്ച സാധ്യത കുറയ്ക്കുന്നു. അതോടൊപ്പം വാട്ടർപ്രൂഫ് മെറ്റീരിയലുകൾ ഉപയോഗിക്കേണ്ടി വരുന്നില്ല.
  • വീടുകളുടെ ലൈഫ് ടൈമായി പറയുന്നത് 80 വർഷം മുതൽ 100 വർഷം വരെയാണ്.
  • 40 മുതൽ 45 ഡെസിബൽ വരെയുള്ള ശബ്ദം അബ്സോർബ് ചെയ്യുന്നതിനുള്ള കഴിവ് പാനലുകൾക്ക് ഉണ്ട്.
  • രണ്ടു നിലകളുള്ള ഒരു കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്നതിന് വെറും 30 ദിവസം മാത്രമാണ് ആവശ്യമായി വരുന്നുള്ളൂ.

ദോഷങ്ങൾ

  • നിർമാണ സ്ഥലത്ത് പാനലുകൾ ഫിറ്റ് ചെയ്യുന്നതിന് ഒരു ക്രെയിൻ ആവശ്യമായി വരും.
  • വീടിന്റെ ഇരുവശങ്ങളിലും ക്രൈൻ വരുന്നതിന് ആവശ്യമായ വഴി ഉണ്ടായിരിക്കണം.
  • വീടുകൾക്കിടയിൽ ഗ്യാപ്പ് ഉള്ള സ്ഥലങ്ങളിൽ മാത്രമാണ് ജിഎഫ്ആർജി പാനലുകൾ ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളൂ.
  • വലിയ രീതിയിൽ ഡിസൈനുകൾ പ്ലാൻ ചെയ്യാത്ത വീടുകളിൽ മാത്രമാണ് ജിഎഫ്ആർജി പാനലുകൾ ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളൂ.
  • സ്കിൽഡ് ലേബേഴ്സിനെ ഉപയോഗപ്പെടുത്തി മാത്രമാണ് വീട് നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.
  • വീടിന്റെ പ്ലാൻ കൃത്യമായി നൽകിയില്ല എങ്കിൽ പാനലിൽ വലിപ്പ വ്യത്യാസം വരാനുള്ള സാധ്യതയുണ്ട്.

ചിലവ് കുറച്ച് വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷനാണ് GFRG പാനലുകൾ എന്നാൽ അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.അല്ലാത്തപക്ഷം പിന്നീട് വീടിന്റെ നിർമ്മാണ ചിലവ് കൂടുന്നതിനു കാരണമാകും.