വീടു നിർമാണത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് അടിത്തറയുടെ നിർമാണവും വീട് വാർക്കലും. അടിത്തറയുടെ നിർമാണത്തിൽ പിഴവു പറ്റിയാൽ വീട് താഴേക്ക് ഇരുന്നു പോകാനുള്ള സാധ്യതകൾ ഏറെയാണ്. അതുകൊണ്ട് അടിത്തറ ബലത്തോടെയും ഉറപ്പോടെയും നിർമിക്കണം. മണ്ണിന് ഉറപ്പു പോരെങ്കിൽ പൈലിങ് നിർബന്ധമായും ചെയ്യുക.

അടിത്തറ നിർമിക്കുമ്പോൾ മാത്രമല്ല ശ്രദ്ധിക്കാനുള്ളത് അടിത്തറ നിർമിച്ച ശേഷവും അടിത്തറ നികത്തുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിലും വീട് ഇരുത്താൻ സാധ്യതയുണ്ട്. മാത്രമല്ല, ചിതൽ ശല്യം, ഈർപ്പം പിടിക്കുക പോലുള്ള പ്രശ്നങ്ങളും ഈ ഘട്ടത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഉണ്ടാകാം.

പ്രാദേശികമായി ഏറ്റവും സുലഭമായ മെറ്റീരിയൽ ഏതാണോ അത് തറ നികത്താൻ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.

ഫൗണ്ടേഷൻ നിറയ്ക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയലുകളും പ്രത്യേകതയും.

മണ്ണ്

ഏറ്റവുമധികംപേർ തറ നിറയ്ക്കാൻ ഉപയോഗിക്കുന്നത് മണ്ണാണ്. ഇതിൽ തന്നെ ചുവന്ന മണ്ണാണ് ഏറ്റവും മികച്ചത്. പണ്ടുകാലത്ത് ചരൽ കൂടുതലുള്ള മേൽമണ്ണ് മാത്രമാണ് തറ നിറയ്ക്കാൻ ഉപയോഗിച്ചിരുന്നത്. ഈർപ്പത്തിന്റെ അംശം വളരെ കുറവായിരിക്കുമെന്നതാണ് മേൽമണ്ണിന്റെ ഗുണം. എന്നാൽ ഇന്ന് മേൽമണ്ണ് സുലഭമല്ല. കഴിവതും ഏറ്റവും മുകളിലെ മണ്ണ് പാളികൾ ഉപയോഗിക്കാൻ ശ്രമിക്കുക.

ഈർപ്പമുള്ള മണ്ണ്, പഴയ തടിക്കഷണങ്ങൾ, ദ്രവിച്ച വേരുകൾ ഇവയെല്ലാമുണ്ടെങ്കിൽ ചിതലിന്റെ മുട്ടകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതെല്ലാം നീക്കംചെയ്തതിനുശേഷമാണ് ഉപയോഗിക്കുന്നതെങ്കിൽ ചിതൽ ശല്യം കുറയാൻ സാധ്യതയുണ്ട്. മണ്ണ് ഉപയോഗിക്കുമ്പോഴും ഇടയിൽ കല്ലുകളും കട്ടകളും കൂടുതൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഇടയിൽ വായു അറകൾ ഉണ്ടെങ്കിൽ വീട് കാലക്രമത്തിൽ ഇരുന്നുപോകാൻ സാധ്യതയുണ്ട്.

മണ്ണ് ഇടുകയാണെങ്കിലും ഏറ്റവും മുകളിലുള്ള രണ്ട്-മൂന്ന് ഇഞ്ച് കനത്തിൽ പാറപ്പൊടി നിറയ്ക്കുന്നത് ചിതൽ കുറയ്ക്കാൻ സഹായിക്കും.

പാറപ്പൊടി

ഏറ്റവും ചെലവു കുറഞ്ഞതും ചിതൽ ശല്യമില്ലാത്തതുമായ സംവിധാനമാണ് ഇത്. പാറ പൊടിച്ച് മണൽ നിർമിക്കുമ്പോൾ ലഭിക്കുന്ന പൊടിയാണ് തറ നിറയ്ക്കാൻ ഉപയോഗിക്കുന്നത്. പ്രാദേശികമായി വ്യത്യാസമുണ്ടാകുമെങ്കിലും ഒരു ലോഡ് ഏകദേശം 600-800 രൂപയ്ക്ക് ലഭിക്കും.

മണൽ

കടലിനോട് അടുത്ത പ്രദേശങ്ങളിലും മണൽ ലഭ്യത കൂടുതലുള്ള പ്രദേശങ്ങളിലും തറയിൽ നിറയ്ക്കാൻ മണൽ ഉപയോഗിക്കാറുണ്ട്. പഴയ പല വീടുകളും പൊളിക്കുമ്പോൾ ‘പുതിയ വീടു പണിയാൻ ആവശ്യമായ മുഴുവൻ മണലും തറയിൽനിന്നു കിട്ടി’ എന്നു കേൾക്കാറില്ലേ? പണ്ട് തറയിൽ നിറയ്ക്കുന്ന മണലാണിങ്ങനെ ലഭിക്കുന്നത്.

വായു അറകളോ ചിതലോ ഉണ്ടാകുന്നില്ല എന്നതാണ് മണലിന്റെ ഏറ്റവും വലിയ ഗുണം. അടുത്ത തലമുറയ്ക്ക് ഉപയോഗിക്കുകയും ചെയ്യാം. പക്ഷേ, മണൽ ഉപയോഗിക്കുന്നത് ചെലവ് കൂട്ടുമെന്നതിനാൽ മണ്ണ് ഉപയോഗിക്കുന്നവരാണ് കൂടുതൽ.

വെട്ടുകൽപ്പൊടി

വെട്ടുകല്ല് കൂടുതൽ ലഭിക്കുന്ന സ്ഥലങ്ങളിൽ വെട്ടുകൽപ്പൊടി ഈ ആവശ്യത്തിനുപയോഗിക്കാവുന്നതാണ്. എന്നാൽ ഇടയ്ക്ക് വിടവുകൾ വരാതെ ഇടിച്ചു നിരപ്പാക്കിവേണം ഉപയോഗിക്കാൻ. പൊടിഞ്ഞ ഇഷ്ടികയും ഈ ആവശ്യത്തിന് ഉപയോഗിക്കുകയാണെങ്കിൽ ഇതേ കാര്യം തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഇഷ്ടിക വേവിച്ചെടുത്തതിനാൽ ചിതൽ ശല്യം കുറയും.

കെട്ടിടങ്ങളുടെ വേസ്റ്റ്:

പഴയ വീട് പൊളിക്കുമ്പോൾ ബാക്കിയാകുന്ന വേസ്റ്റ് ഫൗണ്ടേഷൻ നിറയ്ക്കാൻ ഉപയോഗിക്കാറുണ്ട്. പക്ഷേ, ഇടിച്ച് കട്ടകൾ ഉടച്ചായിരിക്കണം ഉപയോഗിക്കേണ്ടത്. മാത്രമല്ല, തടിയുടെ പൊടിപോലുമില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ഏറ്റവും ചെലവു കുറവുള്ള മാർഗങ്ങളിലൊന്നാണിത്. മാത്രവുമല്ല, പ്രകൃതിയോടു യോജിച്ചതുമാണ്.

തറയിൽ നിറയ്ക്കുന്നത് ഏത് നിർമാണസാമഗ്രിയാണെങ്കിലും ‘പെസ്റ്റ് ട്രീറ്റ്മെന്റ്’ ചെയ്യുന്നത് അടിത്തറ കൂടുതൽ സുരക്ഷിതമാക്കും. തറ ഇടിച്ച് ഉറപ്പിച്ചതിനു ശേഷം മണ്ണിൽ പലയിടത്തായി നിരവധി കുഴികൾ ഉണ്ടാക്കി വിപണിയിൽ ലഭിക്കുന്ന ചിതൽനാശിനി നിറയ്ക്കുന്നു. ഇത് മണ്ണിൽ ആഴ്ന്നിറങ്ങി മുഴുവൻ സ്ഥലത്തും പരക്കും. പിറ്റേന്ന് കോൺക്രീറ്റ് ചെയ്ത് നിലം ഭദ്രമാക്കാം. പ്രകൃതിദത്തമായ വഴികൾ വേണമെന്നുള്ളവർക്ക് ചരൽ നിറഞ്ഞ മേൽമണ്ണ് ഉപയോഗിച്ച് അടിത്തറ നിറയ്ക്കാം.

പ്രത്യേകം ശ്രദ്ധിക്കാൻ

  • തറയിൽ നിറയ്ക്കാൻ മേൽമണ്ണും പാറപ്പൊടിയും മികച്ചത്.
  • മണ്ണിനു മുകളിൽ പാറപ്പൊടിയിടുന്നത് ചിതലിനെ തടയും.
  • മെറ്റീരിയൽ ഏതാണെങ്കിലും വായു അറകളില്ലാതെ ഇടിച്ചു നിരപ്പാക്കണം.
  • തടിയുടെയോ മരത്തിന്റെയോ കഷണങ്ങൾ ഉണ്ടെങ്കിൽ എടുത്തുമാറ്റണം.

courtesy : fb group