വീട് പ്രകൃതി സൗഹാർദ്ദമാക്കാൻ.പ്രകൃതിയോട് ഇണക്കി വീട് നിർമിക്കുക എന്നത് പലരും ആഗ്രഹിക്കുന്ന കാര്യമാണെങ്കിലും അത് അത്ര എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നല്ല.

ഒരു വീട് നിർമ്മിക്കുന്നത് പൂർണ്ണമായും പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ആണെങ്കിൽ വീട് നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകൾ പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നതിന് കാരണമാകാൻ പാടില്ല.

അതായത് നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്ന മണൽ, ഫ്ലോറിങ് മെറ്റീരിയലുകൾ മരങ്ങൾ എന്നിവയെല്ലാം ഒഴിവാക്കേണ്ട അവസ്ഥ വരും.

അത്തരത്തിൽ ഒരു വീട് നിർമിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ പ്രായോഗികമാണോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു.

പഴയ വീടുകൾ പ്രകൃതി സൗഹാർദമായതിനു പിന്നിൽ പലതുണ്ട് കാര്യങ്ങൾ. വീട്ടിലെ തൊടിയിൽ നിന്നും ഒരു മരം മുറിക്കുമ്പോൾ അതിനു പകരമായി 10 മരങ്ങൾ നട്ട് വളർത്തുന്ന രീതിയാണ് ഉണ്ടായിരുന്നത്.

എന്നാൽ ഇന്ന് അതിനൊന്നും ആർക്കും സമയവും താൽപര്യവും ഇല്ല എന്നതാണ് സത്യം.

പ്രകൃതി സൗഹാർദ വീടുകൾ എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കാം.

വീട് പ്രകൃതി സൗഹാർദ്ദമാക്കാൻ.

പരിസ്ഥിതിയെ പൂർണ്ണമായും ഹനിക്കാത്ത വീടുകൾ ഇന്ന് നമ്മുടെ നാട്ടിൽ ഇല്ല എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.പഴയ കാലത്ത് കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ ഓടിട്ട വീടുകൾക്കായിരുന്നു കൂടുതൽ പ്രാധാന്യം.

വീടിനോട് ചേർന്ന് തന്നെ കുളം,കിണർ എന്നിവ ഉണ്ടായിരുന്നു. മാത്രമല്ല ഫ്ലോറിങ്ങിനായി ഇന്നത്തെ പോലെ ആരും മാർബിൾ, ഗ്രാനൈറ്റ് പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചിരുന്നില്ല.

ചാണകം മെഴുകിയ നിലങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് എങ്കിൽ പിന്നീട് അതിൽ വന്ന വലിയ ഒരു മാറ്റം കാവി ഉപയോഗിച്ച് കൊണ്ടുള്ള ഓക്സൈഡ് ഫ്ലോറുകൾ എന്നതായിരുന്നു.

ഇവയിൽ പ്രകൃതിയിൽ നിന്നും കൂടുതലായി എടുത്തിരുന്നത് വീടിന്റെ ഫർണിച്ചറുകൾക്കും കട്ടിള, ജനാലകൾ എന്നിവ നിർമിക്കുന്നതിനും ഉപയോഗിച്ചിരുന്ന മരങ്ങൾ മുറിക്കുന്നതായിരുന്നു.

നേരത്തെ പറഞ്ഞത് പോലെ ഒരു മരം മുറിക്കുമ്പോൾ അതിനു പകരമായി ഇരട്ടി മരങ്ങൾ വച്ചു പിടിപ്പിക്കുന്ന രീതിയും അന്ന് ഉണ്ടായിരുന്നതു കൊണ്ട് തന്നെ അത് പ്രകൃതിയെ വലിയ രീതിയിൽ ബാധിച്ചിരുന്നില്ല എന്നതാണ് സത്യം.

ഏകദേശം 70 കാലഘട്ടങ്ങളിൽ മണ്ണ് ഉപയോഗിച്ച് നിർമ്മിച്ചിരുന്ന വീടുകൾക്ക് പകരമായി സിമന്റ് ഉപയോഗപ്പെടുത്തിയുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ എന്ന ആശയം നിലവിൽ വന്നത്.

തുടർന്ന് കോൺക്രീറ്റിൽ തീർത്ത വീടുകളിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് കാണാൻ സാധിച്ചത്. ഫ്ലോറിങ്ങിനായി ടൈൽ, മൊസൈക് പോലുള്ള മെറ്റീരിയലുകൾ എല്ലാവരും കൂടുതലായി ഉപയോഗിച്ചു തുടങ്ങി.

എന്നിരുന്നാലും ഇവ പ്രകൃതിയിൽ വലിയ രീതിയിലുള്ള ആഘാതങ്ങൾ ഒന്നും സൃഷ്ടിച്ചിരുന്നില്ല. വീടിന്റെ ഭിത്തി നിർമ്മിക്കുന്നതിനായി വീടിനോട് ചേർന്ന് തന്നെ ചെങ്കൽ ക്വാറികൾ ഉണ്ടായിരുന്നു.

മറ്റൊരു രീതി ഇഷ്ടിക തിരഞ്ഞെടുക്കുന്നത് ആയിരുന്നു. പ്രധാനമായും പുറംനാടുകളിൽ നിന്നും വന്നിരുന്ന ഇഷ്ടികകൾ ആണ് വീട് നിർമ്മാണത്തിൽ ഉപയോഗപ്പെടുത്തിയിരുന്നത്.

കോൺക്രീറ്റ് കെട്ടിടങ്ങളോട് പ്രിയം വർദ്ധിച്ചപ്പോൾ.

കാലം മാറിയതോടെ ആളുകൾ വീടിന് ഈടും ഉറപ്പും ലഭിക്കുന്നതിന് കോൺക്രീറ്റ് തന്നെ വേണമെന്ന രീതിയിലേക്ക് എത്തിച്ചേർന്നു. കോൺക്രീറ്റ് നൽകുന്ന ഉറപ്പ് മറ്റൊരു മെറ്റീരിയലിനും നൽകാൻ സാധിക്കില്ല എന്ന വിശ്വാസമാണ് ഇത്തരത്തിലുള്ള ഒരു രീതിയിലേക്ക് ആളുകളെ കൊണ്ടെത്തിച്ചത്. എന്നാൽ ഇന്ന് അതിന് ചില മാറ്റങ്ങൾ വന്നു പ്രകൃതിക്കും, പരിസ്ഥിതിക്കും ഹാനികരമല്ലാത്ത രീതിയിൽ വീട് നിർമ്മിക്കണമെന്ന ആഗ്രഹിക്കുന്നവർ പഴയകാല മഡ് പ്ലാസ്റ്ററിങ്‌ രീതികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. അതോടൊപ്പം തന്നെ വീടിന് ചുറ്റുപാടും മരങ്ങൾ വച്ചു പിടിപ്പിക്കാനും ഇടക്കാലത്ത് ആളുകൾക്കിടയിൽ പ്രിയം നേടിയെടുത്ത ഇന്റർലോക്ക് കട്ടകൾ വീടിന്റെ മുറ്റത്ത് പാകുന്നതും ഒഴിവാക്കി.

നാച്ചുറൽ സ്റ്റോണുകൾ ഉപയോഗപ്പെടുത്തി വീടിന്റെ മുറ്റമൊരുക്കാനും,സ്വാഭാവികമായ പച്ചപ്പ് കൊണ്ട് വീടിനകത്തേക്ക് തണുപ്പ് എത്തിക്കാനും പലരും താല്പര്യപ്പെട്ടു തുടങ്ങി. റൂഫിങ്ങിനായി ഓട് തിരഞ്ഞെടുക്കുന്നു ണ്ടെങ്കിലും കോൺക്രീറ്റിന് മുകളിൽ ട്രസ് വർക്ക് ചെയ്ത് ഓട് നൽകുന്ന രീതിയാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത് എന്ന് മാത്രം. വീടിന്റെ ഭാരം എത്രമാത്രം കുറയ്ക്കാൻ സാധിക്കുന്നുവോ അത്രയും കുറയ്ക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ വീടിന്റെ മുകൾഭാഗത്ത് നാനോ റൂഫിംഗ് പോലുള്ള ടൈലുകളും, ഭിത്തികളിൽ വി ബോർഡ്, ഫ്രീ ഫാബ് മെറ്റീരിയലുകളും കൂടുതലായും ഉപയോഗപ്പെടുത്തുന്നുണ്ട്.ഇത്തരം വീടുകൾ പ്രകൃതി സൗഹാർദമാണോ എന്ന് ചോദിച്ചാൽ പൂർണ്ണമായും അല്ല എന്ന് പറയാൻ സാധിക്കില്ല. കാരണം പ്രകൃതിയെ ചൂഷണം ചെയ്ത് എടുക്കുന്ന മണൽ, ഭിത്തി കെട്ടാൻ നിർമ്മിക്കുന്ന ചെങ്കല്ല് ഇഷ്ടികകൾ എന്നിവ ഉപയോഗിക്കാത്തത് കൊണ്ട് തന്നെ വലിയ നഷ്ടമൊന്നും പരിസ്ഥിതിയിൽ ഉണ്ടാക്കുന്നില്ല. വീടിന്റെ പുറം ഭാഗത്ത് മാത്രമല്ല അകത്തും പ്രകൃതി സൗഹാർദമാക്കാൻ പലരും തിരഞ്ഞെടുക്കുന്നത് ഇൻഡോർ പ്ലാന്റുകൾ ആണ്. ഇവ കാഴ്ചയിൽ ഭംഗി നൽകുകയും അതേ സമയം വീട്ടിലുള്ളവർക്ക് നല്ല വായു ശ്വസിക്കാനും വഴിയൊരുക്കുന്നു.

വീട് പ്രകൃതി സൗഹാർദ്ദ മാക്കാൻ ചെറിയതല്ലാത്ത വലിയ മാറ്റങ്ങൾ അനിവാര്യമാണ് എന്ന് ചുരുക്കം.