സൺഷേഡ് നിർമ്മാണം ചിലവ് ചുരുക്കാൻ. മഴക്കാലത്ത് നമ്മുടെ നാട്ടിലെ വീടുകളിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം ശക്തമായ മഴയിൽ വീട്ടിനകത്തേക്ക് വെള്ളം അടിച്ചു കയറുന്ന അവസ്ഥയാണ്.

ഇത് ഒഴിവാക്കുന്നതിനാണ് സൺഷേഡുകൾ നിർമ്മിച്ച് നൽകുന്നത്. മഴക്കാലത്ത് വെള്ളം വീഴുന്ന പ്രശ്നങ്ങൾ മാത്രമല്ല വീട്ടിനകത്തേക്ക് കൂടുതലായി എത്തുന്ന ചൂടിനെ പ്രതിരോധിക്കുന്നതിലും സൺഷേഡ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

എന്നാൽ ശരിയായ രീതിയിൽ അല്ല ഇവ നിർമ്മിച്ചു നൽകുന്നത് എങ്കിൽ അതുകൊണ്ട് കാര്യമായ പ്രയോജനങ്ങൾ ഒന്നും ഇല്ല.

മാത്രമല്ല വീടിന്റെ നിർമ്മാണ രീതിക്ക് അനുസൃതമായി വേണം ഏത് രീതിയിലുള്ള സൺഷേഡ് ആണ് തിരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കാനും.

സൺ ഷേഡ് തന്നെ വ്യത്യസ്ത രീതികളിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. അവയുടെ നിർമ്മാണ രീതി, ചിലവ് ചുരുക്കാനുള്ള മാർഗങ്ങൾ എന്നിവയെല്ലാം അറിഞ്ഞിരിക്കാം.

സൺഷേഡ് നിർമ്മാണം ചിലവ് ചുരുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ.

പ്രധാനമായും രണ്ട് രീതിയിലാണ് നമ്മുടെ നാട്ടിൽ സൺഷേഡുകൾ നിർമ്മിച്ചു നൽകുന്നത്. ഒന്ന് സ്ലോപായ രീതിയിൽ രണ്ടാമത്തേത് ഫ്ലാറ്റായി കിടക്കുന്ന സൺഷേഡുകളും.

ഇവയിൽ തന്നെ മിക്ക വീടുകളിലും കൂടുതലായി കണ്ടു വരുന്നത് സ്ലോപ്പ് രീതിയിലുള്ള സൻഷേഡ് ആണ്.

നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ കാലാവസ്ഥ അനുസരിച്ച് മഴയ്ക്കും വെയിലിനും ഒരേ രീതിയിൽ പ്രാധാന്യം ഉള്ളതു കൊണ്ട് തന്നെ സൺ ഷേഡ് നിർമ്മിക്കുമ്പോഴും അത്തരം കാര്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ടാണ് നിർമ്മിക്കേണ്ടത്.

സൺ ഷേഡ് നിർമ്മിക്കുമ്പോൾ പലരും ചെയ്യുന്ന കാര്യം വീടിന് ചുറ്റും ഒരേ അളവിൽ നിർമ്മിച്ചു നൽകുക എന്നതാണ്.

എന്നാൽ യഥാർത്ഥത്തിൽ വീടിന്റെ ഡോറുകൾ അല്ലെങ്കിൽ വിൻഡോ വരുന്ന ഭാഗങ്ങളിൽ മാത്രം സൺഷേഡ് നൽകേണ്ട ആവശ്യകതയെ വരുന്നുള്ളൂ.

ഇവ കാഴ്ചയിൽ വീടിന് ഒരു അഭംഗി ആയിരിക്കും എന്ന് കരുതി ഒരു പ്രത്യേക ഷേപ്പ് നൽകി വീടിനു ചുറ്റും നൽകുന്ന രീതിയാണ് നമ്മുടെ നാട്ടിൽ ഉപയോഗപ്പെടുത്തുന്നത്.

ആവശ്യമുള്ള ഭാഗത്തും അല്ലാത്തിടത്തും ഇവ വാർത്ത് നൽകുന്നതു കൊണ്ട് ഉണ്ടാകുന്ന ഒരേയൊരു കാര്യം മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് അതിൽ നിന്നും പ്രാണികളും മറ്റും ഉണ്ടാകുന്നു എന്നത് മാത്രമാണ്.

ഫ്ലാറ്റ് സൺഷേഡ് ഉപയോഗപ്പെടുത്തുമ്പോൾ

ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമായി സൺഷേഡ് നൽകുമ്പോൾ ഫ്ലാറ്റ് ടൈപ്പ് രീതിയാണ് കൂടുതൽ നല്ലത്. ഇവ കാഴ്ചയിൽ വലിയ രീതിയിലുള്ള അഭംഗിയൊന്നും നൽകുന്നില്ല.

എന്നാൽ ഇവക്ക് മുകളിൽ മാത്രമായി വെള്ളം പോകുന്നതിന് പൈപ്പുകൾ ഇട്ടു നൽകിയതു കൊണ്ട് വലിയ പ്രയോജനമില്ല.

ഫ്ലാറ്റ് സൺഷേഡുകൾ നിർമ്മിക്കുമ്പോൾ അതിന്റെ ടോപ്പ് ലെവലിൽ ചെറിയ ഒരു സ്ലോപ്പ് നൽകി താഴെ ഭാഗത്തായി വാട്ടർ കട്ടിംഗ് നൽകിയാൽ മതി.

ഇങ്ങിനെ ചെയ്യുന്നത് വഴി വെള്ളം കെട്ടി നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനായി സാധിക്കും.

നമ്മുടെ നാട്ടിൽ കാലങ്ങളായി വീടിന് ചുറ്റും സൺഷേഡ് നിർമ്മിച്ചു നൽകുന്ന രീതിയാണ് നിലനി ൽക്കുന്നത് എന്നതുകൊണ്ട് തന്നെ അതിൽ നിന്നും പൂർണമായ ഒരു മാറ്റം കൊണ്ടു വരാൻ ആരും ആഗ്രഹിക്കുന്നുണ്ടാവില്ല.

ഇനി അതല്ല ആർക്കിടെക്റ്റിന്റെ നിർദ്ദേശാനുസരണം സ്ലോപ്പ് ടൈപ്പ് രീതിയാണ് നൽകേണ്ടത് എങ്കിൽ ആ രീതി തന്നെ തിരഞ്ഞെടുക്കാം. എന്നാൽ ഏത് രീതി തിരഞ്ഞെടുത്താലും ശരിയായ രീതിയിൽ നിർമ്മിച്ചു നൽകുക എന്നതിലാണ് കാര്യം.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സൺഷേഡ്,ഭിത്തി എന്നിവ തമ്മിൽ ജോയിൻ ചെയ്യുന്ന ഭാഗം കർവ് ആയി നൽകാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ വെള്ളം ശരിയായ രീതിയിൽ താഴേക്ക് പതിക്കുകയും അത് കെട്ടി നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യാം.

സൺഷേഡുകൾ പല തരം

നേരത്തെ പറഞ്ഞതു പോലെ ഫ്ലാറ്റ് ടൈപ്പ്, സ്ലോപ്പ് ടൈപ്പ് സൺഷേഡുകൾ തന്നെ വ്യത്യസ്ത ഷേപ്പുകളിൽ നിർമ്മിച്ച് നൽകാവുന്നതാണ്. സി ടൈപ്പ് രീതിയിൽ സൺ ഷേഡ് നിർമ്മിച്ചു നൽകുന്ന രീതിയും ഇപ്പോൾ കൂടുതലായി കണ്ടു വരുന്നുണ്ട്. ഇങ്ങിനെ ചെയ്യുന്നത് വഴി രണ്ട് ഭാഗത്ത് നിന്നും ശക്തമായ കാറ്റ് അടിക്കുന്നതിനെ പ്രതിരോധിക്കാൻ സാധിക്കും.

ഇനി അതല്ല ബോക്സ് ടൈപ്പ് രീതിയിലാണ് സൺ ഷേഡ് നിർമ്മിച്ച് നൽകുന്നത് എങ്കിൽ അവ വീടിന് കാഴ്ചയിൽ ഒരു പ്രത്യേക ഭംഗി നൽകുകയും ചെയ്യും.

അതായത് കണ്ടമ്പററി സ്റ്റൈലിൽ എല്ലാം നിർമിക്കുന്ന വീടുകളിൽ ബേ വിൻഡോകൾ എല്ലാം ഇത്തരത്തിൽ താഴേക്ക് കൂടി എടുത്ത് ഒരു ബോക്സ് രൂപത്തിൽ നൽകുന്ന രീതിയിൽ പരീക്ഷിക്കാം. സ്ലോപ്പ് രീതിയിലുള്ള സൺഷേഡും വീടിന്റെ ചുറ്റും നൽകാതെ ആവശ്യമുള്ള ഭാഗങ്ങളിൽ മാത്രം നിർമ്മിച്ച് അതിനു മുകളിൽ റൂഫിംഗ് ടൈൽ എല്ലാം പാകി നൽകാവുന്നതാണ്. ഇത് വീടിന് ഒരു പ്രത്യേക ലുക്ക് നൽകുകയും ചെയ്യും.

സ്ലോപ്പ് ചെയ്യുമ്പോൾ 10 സെന്റീമീറ്റർ എങ്കിലും താഴേക്ക് നൽകുന്ന രീതിയിൽ ആണ് ചെയ്യുന്നത് എങ്കിൽ അത് കൂടുതൽ ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്.

വീടിനു ചുറ്റും നൽകുന്നതിനേക്കാൾ ആവശ്യമുള്ള ഭാഗങ്ങളിൽ മാത്രം സൺഷേഡ് നൽകുന്നതു കൊണ്ട് പലതുണ്ട് ഗുണങ്ങൾ. അതായത് വാട്ടർ പ്രൂഫിങ്, റൂഫിംഗ് ടൈൽ, കോൺക്രീറ്റ് ചിലവ് എന്നിവയിലെല്ലാം കുറവ് കൊണ്ടുവരാനായി സാധിക്കും.

സൺ ഷേഡ് നിർമ്മാണത്തിന് ഏത് രീതിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിലും അതിൽ വാട്ടർ കട്ടിംഗ് നിർബന്ധമായും നൽകാൻ ശ്രദ്ധിക്കുക.

അല്ലെങ്കിൽ തൊട്ടടുത്ത വീടുകളിലേക്ക് വെള്ളം വീണ് പ്രശ്നമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ചോർച്ച പോലുള്ള പ്രശ്നങ്ങളിൽ നിന്നും വീടിന് പരിരക്ഷ ഉറപ്പാക്കണമെന്ന് ഉണ്ടെങ്കിൽ പ്ലാസ്റ്ററിംഗ് വർക്ക് ചെയ്യുന്നതിന് മുൻപായി സൺഷേഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വാട്ടർ പ്രൂഫിങ് ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക.

ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ സൺഷേഡ് നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന ചിലവ് ചുരുക്കാനും അവ നൽകുന്നത് കൊണ്ടുള്ള ഗുണങ്ങൾ വീടിന് ലഭിക്കുകയും ചെയ്യും.

സൺഷേഡ് നിർമ്മാണം ചിലവ് ചുരുക്കാൻ ഈ കാര്യങ്ങൾ കൂടി പരീക്ഷിച്ചു നോക്കാവുന്നതാണ്.