വീടിനെ പറ്റിയുള്ള വ്യത്യസ്ത ആശയങ്ങൾ.സ്വന്തമായി ഒരു വീട് നിർമ്മിക്കുന്നതിന് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടായിരിക്കും.

പ്രത്യേകിച്ച് സ്വന്തം പേരിൽ ഒരു വീട് വേണമെന്ന് എല്ലാ മലയാളികളും ആഗ്രഹിക്കുന്ന കാര്യമാണ്.

പലരുടെയും ആശയങ്ങൾ വ്യത്യസ്തമാണെങ്കിലും ഉദ്ദേശലക്ഷ്യം വീടെന്ന സ്വപ്നം പൂർത്തീകരിക്കുക എന്നതാണ്.

കേരളത്തിൽ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ അതിന് പറയുന്ന വ്യത്യസ്ത കാരണങ്ങളെ പറ്റി ഒന്ന് വിശകലനം ചെയ്യാം.

വീടിനെ പറ്റിയുള്ള വ്യത്യസ്ത ആശയങ്ങൾ ഇവയെല്ലാമാണ്.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി തങ്ങൾ നിർമിക്കുന്ന വീടിന് വലിപ്പവും ആഡംബരവും വേണമെന്ന് നിർബന്ധം പിടിക്കുന്നവരാണ് മിക്ക മലയാളികളും.

ആഡംബരം നിറച്ച് പണിയുന്ന വലിയ വീട്ടിൽ അതിനനുസരിച്ചുള്ള മറ്റ് സൗകര്യങ്ങളും വേണമെന്ന് നിർബന്ധം പിടിക്കുന്ന ഇത്തരം ആൾക്കാർ വീടിന് പുറത്തേക്കുള്ള ലോകം അധികം എക്സ്പ്ലോർ ചെയ്യാൻ താല്പര്യപ്പെടുന്നുമുണ്ടാകില്ല.

മാത്രമല്ല മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി കൂടുതൽ പണം ചിലവഴിക്കാൻ താല്പര്യമില്ലാത്തതു കൊണ്ട് തന്നെ പുറത്തുനിന്നും വാങ്ങുന്ന ഭക്ഷണങ്ങൾ യാത്രകൾ എന്നിവയെല്ലാം പരമാവധി ഒഴിവാക്കുകയും ചെയ്യും.

കയ്യിൽ നിറയെ കാശുണ്ടെങ്കിലും അത് വീട് നിർമ്മാണത്തിന്റെ കാര്യത്തിൽ മാത്രം ഉപയോഗപ്പെടുത്താൻ താല്പര്യപ്പെടുന്ന ഇത്തരം ആളുകൾ ഏറി പോയാൽ പണം ചിലവഴിക്കുന്നത് വീട്ടിലേക്ക് ആവശ്യമായ ഒരു വാഹനം വാങ്ങുന്നതിന് മാത്രമായിരിക്കും.

ഇത്തരം ആളുകളിൽ തന്നെ ജീവിതരീതിയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ ഉള്ളവരുമുണ്ട്. കാഴ്ചയ്ക്ക് വേണ്ടി മാത്രം ഒരു ആഡംബര ഭവനം പണിയുകയും എന്നാൽ അതിനകത്ത് ആവശ്യത്തിന് സൗകര്യങ്ങൾ ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ എന്നിവയൊന്നും വാങ്ങി ഉപയോഗിക്കാൻ താല്പര്യം പെടാത്തവരും.

പുറംമോടിയിൽ മാത്രം വിശ്വസിക്കുന്ന ഇത്തരക്കാർ കാഴ്ചയിൽ സമ്പന്നത നിലനിർത്തുന്നതിൽ വളരെയധികം ജാഗരൂഗരായിരിക്കും.

ഇങ്ങിനെ പണിയുന്ന കൂടുതൽ വീടുകളും ആഡംബരം കാണിക്കുന്നതിന് വേണ്ടി മാത്രം നിർമ്മിക്കുന്നവയാണ്.

അതുകൊണ്ടുതന്നെ കൂടുതൽ കടബാധ്യത ഉണ്ടാക്കി വെക്കാൻ മാത്രമാണ് ഈ ഒരു രീതി കൊണ്ട് സാധിക്കുന്നത്.

തങ്ങളുടെ പക്കലുള്ള പണത്തിന് അനുസരിച്ച് വീട് നിർമ്മിച്ചാൽ മറ്റുള്ളവരുടെ മുന്നിൽ ചെറുതായി പോകുമോ എന്ന ഭയമാണ് ആഡംബര വീടുകൾ നിർമ്മിക്കാൻ പലരെയും പ്രേരിപ്പിക്കുന്ന കാരണം.

ചെറിയ വീടും ആഗ്രഹപൂർത്തീകരണവും

ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് വേണമെന്ന് കരുതുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ഇത്തരം ആളുകൾ വീടിനു വേണ്ടി കാലങ്ങളോളം പ്രത്യേകമായി ഇൻവെസ്റ്റ്മെന്റ് ഉണ്ടാക്കി വയ്ക്കുകയും അതോടൊപ്പം തന്നെ മറ്റ് സന്തോഷങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നു.

ഈയൊരു രീതി തിരഞ്ഞെടുക്കുന്നത് വഴി ജീവിതത്തിലെ മറ്റ് സന്തോഷങ്ങൾ കെടുത്തി കളയേണ്ടി വരുന്നുമില്ല.

കാലങ്ങളായി കാത്തു സൂക്ഷിച്ച പണം വീട് നിർമ്മാണത്തിന് സമയമാകുമ്പോൾ എടുത്ത് ഉപയോഗപ്പെടുത്താനും അതിൽ നിന്നും ബാക്കി കണ്ടെത്തേണ്ട തുകയ്ക്ക് മാത്രം ഹോം ലോൺ പോലുള്ള കാര്യങ്ങളെ ആശ്രയിക്കുകയും ചെയ്യാം.

കൂടുതൽ ആഡംബരം നൽകി വീട് പണിയുന്നതിനോട് ഇത്തരക്കാർക്ക് താല്പര്യമുണ്ടാകില്ല. അതിന് പകരം ആവശ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ചെറിയ വീട്ടിലും സന്തോഷം കണ്ടെത്താം എന്ന് ചിന്തിക്കും.

കൈയിൽ പണം ഉണ്ടെങ്കിലും ജോലി ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വേണ്ടി പുറം നാടുകളിൽ പോയി താമസമാക്കേണ്ടവരുടെ എണ്ണവും നമ്മുടെ നാട്ടിൽ കുറവല്ല.

ഇത്തരം ആളുകൾ ജോലിയിൽ നിന്നും റിട്ടയർമെന്റ് ആയി തിരികെ സ്വന്തം നാട്ടിലേക്ക് എത്തുമ്പോൾ മാത്രമാണ് സ്വന്തമായി ഒരു വീട് എന്ന കാര്യത്തെപ്പറ്റി ആലോചിക്കുന്നത്.

വീട് നിർമ്മിക്കാനാവശ്യമായ പണം കൈവശം ഉള്ളതു കൊണ്ട് ഇത്തരക്കാർക്ക് വീട് നിർമ്മിക്കാൻ മറ്റു രീതികളെ ആശ്രയിക്കേണ്ടി വരുന്നുമില്ല.

റിട്ടയർമെന്റിന് ശേഷമുള്ള വിശ്രമ ജീവിതം നയിക്കുന്നതിന് ആവശ്യമായ ശാന്തമായ അന്തരീക്ഷം, അതിനവശ്യമായ സൗകര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് വീട് നിർമ്മിക്കണം എന്നത് മാത്രമായിരിക്കും ഇവരുടെ ഒരേ ഒരു ഡിമാൻഡ്.

അതേസമയം കാലങ്ങളായി വാടക വീട്ടിൽ താമസിച്ച് റെന്റ് കൊടുക്കുന്ന പണം EMI അടച്ച് ഒരു വീട് സ്വന്തമാക്കാൻ താല്പര്യപ്പെടുന്നവരും കുറവല്ല.

ഇത്തരക്കാർ വീടെന്ന സ്വപ്നത്തിൽ നിന്നും പുറകോട്ട് നിൽക്കുന്നതിന്റെ ഒരു പ്രധാന കാരണം ഇനിഷ്യൽ ഇൻവെസ്റ്റ്മെന്റ് കണ്ടെത്താൻ സാധിക്കാത്തതായിരിക്കും.

സത്യത്തിൽ കുറച്ച് കഷ്ടപ്പെട്ട് ഇനീഷ്യൽ ഇൻവെസ്റ്റ്മെന്റ് കണ്ടെത്തിക്കഴിഞ്ഞാൽ വാടക വീട് ഒഴിഞ്ഞു സ്വന്തം ഒരു വീട് നിർമ്മിക്കുന്നത് തന്നെയാണ് കൂടുതൽ നല്ലത്.

വീടിനെപ്പറ്റി പ്രത്യേക പ്ലാനിങ് ഒന്നും ഇല്ലാതെ പെട്ടെന്ന് വീട് നിർമിക്കാൻ ആരംഭിക്കുകയും പിന്നീട് അതിനായി പണം കണ്ടെത്താൻ ഓടി നടക്കുന്നവരും മലയായികൾക്കിടയിൽ കുറവല്ല.

വിദേശത്ത് ജോലി ചെയ്ത് തിരികെ നാട്ടിൽ വരുമ്പോഴേക്കും വീടുപണി പൂർത്തിയാക്കണമെന്ന് ആഗ്രഹിക്കുന്നവരും സ്വന്തം വീട് തന്നെയാണ് സ്വപ്നം കാണുന്നത്.

ഇത്തരത്തിൽ ഓരോരുത്തർക്കും വീട് പണിയാൻ ഓരോ കാരണങ്ങളാകും ഉണ്ടാവുക.

വീടിനെ പറ്റിയുള്ള വ്യത്യസ്ത ആശയങ്ങൾ ഓരോരുത്തർക്കും പറയാൻ ഓരോ കഥകൾ.