തല തിരിഞ്ഞ വീട്, തെങ്കാശിയിലെ ഈ ഒരു വീടിനും പറയാനുണ്ട് കഥകൾ.

പലപ്പോഴും ഓരോ വ്യക്തിക്കും വീടെന്ന സങ്കൽപം പലതായിരിക്കും. തങ്ങളുടെ അഭിരുചികൾ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു വീട് നിർമ്മിക്കണം എന്നതാണ് പലരും ആഗ്രഹിക്കുന്ന കാര്യം. ഇത്തരത്തിൽ കാഴ്ചകൾ കൊണ്ട് വളരെയധികം വ്യത്യാസം നിലനിർത്തിക്കൊണ്ട് നിർമ്മിച്ച തെങ്കാശിയിലെ ‘ കാസാ ഡി അബ്ദുള്ള ‘ എന്ന വീടിന്റെ പ്രത്യേകതകൾ വിശദമായി മനസ്സിലാക്കാം.

എടുത്തുപറയേണ്ട പ്രത്യേകതകൾ

നിർമ്മിക്കുന്നത് ഒരു വീടാണ് എങ്കിലും കാഴ്ചക്കാർക്ക് അതൊരു വീടാണ് എന്ന് തോന്നാത്ത രീതിയിൽ നിർമ്മിക്കണം എന്നതായിരുന്നു വീട്ടുടമയുടെ ആഗ്രഹം. അതായത് ഒന്നിൽ കൂടുതൽ തവണ നോക്കുന്നവരുടെ കാഴ്ച വീട്ടിലേക്ക് പിടിച്ചു പറ്റും എന്നത് തന്നെയാണ് വീടിന്റെ വിജയം. വീട്ടുകാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു കൊണ്ട് ഒരു പ്ലാൻ വരച്ചു നല്കാൻ ആർക്കിടെക്ട് സുബൈർ നൈനാരും തയ്യാറായി. തമിഴ്നാട്ടിലെ തെങ്കാശി യിലുള്ള വെൽക്കം നഗർ ഹൗസിംഗ് ബോർഡ് കോളനിയിലാണ് ഈ തല തെറിച്ച വീട് സ്ഥിതി ചെയ്യുന്നത്

നിർമാണശൈലി

വീടിന്റെ നിർമ്മാണ ശൈലിയിൽ പിന്തുടർന്നത് ഡീകൺസ്ട്രക്ടീവിസം രീതിയാണ്. സാധാരണ ഒരു വീട് എന്ന സങ്കൽപത്തെ പൂർണ്ണമായും അട്ടിമറിച്ചുകൊണ്ട് ഉള്ള ഒരു രീതിയാണ് ഇവിടെ പിന്തുടരുന്നത്. മറ്റ് നിർമ്മാണ രീതികളിൽ നിന്നും വ്യത്യസ്തമാക്കുന്ന ആകൃതിയും രൂപവും തന്നെയാണ് ഇവിടെ എടുത്തു പറയേണ്ട പ്രത്യേകത.

വീടിന് ഹൈലൈറ്റ് ചെയ്യുന്ന ഘടകം പുറത്തേക്ക് ഉന്തി നിൽക്കുന്ന രീതിയിൽ നൽകിയിട്ടുള്ള രണ്ട് ക്യൂബുകൾ ആണ്. ഇവയിൽ തന്നെ ഒരെണ്ണം വലത്തോട്ട് ചെരിഞ്ഞു നിൽക്കുമ്പോൾ മറ്റേത് ഇടത്തോട്ടാണ് ചെരിഞ്ഞു നിൽക്കുന്നത്. പലപ്പോഴും വീട് കാണുന്നവർക്ക് ഇത് അബദ്ധത്തിൽ പറ്റി പോയതാണോ എന്ന സംശയം ഉണ്ടാകും. ഒന്നിൽ കൂടുതൽ തവണ കൂട്ടിയും, ഗുണിച്ചും വീടിന്റെ സവിശേഷതകൾ മനസ്സിലാക്കി വരുമ്പോഴേക്കും അവയുടെ നിർമ്മാണ രീതിയെ പറ്റിയാണ് പലർക്കും സംശയം ഉണ്ടാകുന്ന കാര്യം.

വീടിന്റെ സൗകര്യങ്ങൾ

നേരത്തെ പറഞ്ഞതുപോലെ പുറത്തേക്ക് ഉന്തി നിൽക്കുന്ന രണ്ട് ക്യൂബുകളിൽ താഴത്തെ നിലയിൽ വരുന്ന ക്യൂബിൽ ആണ് പ്രധാന കിടപ്പ് മുറി നൽകിയിട്ടുള്ളത്. പുറത്തേക്ക് ചരിവ് നിലനിർത്തുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തി യിട്ടുള്ളത് എങ്കിലും ഏതൊരു സാധാരണ വീട്ടിലും കാണുന്നതു പോലെ ഉള്ള ബെഡ്റൂം തന്നെയാണ് ഇവിടെയും കാണാൻ സാധിക്കുക. ഇവിടെ ചരിവുള്ള ഇടമായി എടുത്തു പറയേണ്ടത് ജനാലയുടെ ഭാഗം മാത്രമാണ്.

ഫ്ലോറിങ്, സീലിംഗ് വർക്കുകൾ എല്ലാം തന്നെ ഒരു സാധാരണ വീട്ടിൽ നൽകിയിട്ടുള്ളത് പോലെ തന്നെയാണ് ഇവിടെയും കാണാൻ സാധിക്കുക. അതായത് പുറത്തേക്കുള്ള ചെരുവ് അകത്തേക്ക് ഒരു രീതിയിലും ബാധിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. അതേസമയം രണ്ടാമത്തെ ക്യൂബിന് അകത്തായി നൽകിയിട്ടുള്ളത് ഒരു റിക്രിയേഷൻ ഏരിയയാണ്. ഇവയുടെ ഉൾഭാഗവും കുറച്ച് ചരിഞ്ഞ രീതിയിലാണെന്ന് പെട്ടെന്ന് കാഴ്ചക്കാർക്ക് തോന്നും. വീടിന്റെ പുറംഭാഗത്ത് നൽകിയിട്ടുള്ള ഭിത്തിയിൽ നിന്നും ഒരു മീറ്റർ വ്യത്യാസത്തിൽ ഫ്ലോറിങ് ചെയ്തിട്ടുണ്ട്. അതേസമയം സാധാരണ വീടുകളിൽ കാണുന്ന അതേ ഫ്ലോറിംഗ് തന്നെയാണ് ഇവിടെയും ഉപയോഗപ്പെടുത്തി യിട്ടുള്ളത്.

ആർക്കിടെക്ടിന് പറയാനുള്ളത്

കാഴ്ചയിൽ വളരെയധികം കൗതുകങ്ങൾ നിറഞ്ഞു നിൽക്കുന്ന ഈ ഒരു വീട് നിർമിക്കാൻ അത്ര എളുപ്പമായിരുന്നില്ല എന്നതാണ് ആർക്കിടെക്ടിന്റെ ഭാഷ്യം. വീടിന്റെ ക്യാൻഡി ലിവർ നിർമിക്കാനായി മുഴുവൻ സമയവും പണിക്കാരുടെ കൂടെ ചിലവഴിക്കേണ്ടി വന്നു. മാത്രമല്ല ആദ്യമായാണ് വീട് നിർമ്മാണത്തിൽ ഇത്തരത്തിലുള്ള ഒരു പരീക്ഷണം സുബൈർ നടത്തുന്നതും. 30ഡിഗ്രി ചെരിവ് നൽകി കൊണ്ടാണ് ബെഡ്റൂം ഉൾപ്പെടുന്ന ക്യൂബ് നിർമ്മിച്ചിട്ടുള്ളത്. ഇത്തരത്തിൽ ചരിവ് വരുത്തി കൊണ്ട് നിർമ്മിക്കുന്ന ക്യൂബുകൾ അറിയപ്പെടുന്നത് റെക്റ്റി ലീനിയർക്യൂബുകൾ എന്നാണ് . കാൻഡി ലിവറിൽ ചെറിയ വിള്ളലുകൾ ഉണ്ടായത് ആദ്യം നിർമ്മിച്ചത് മുഴുവനായും പൊളിച്ചു കളയേണ്ട അവസ്ഥയുണ്ടാക്കി. അതേസമയം 48 ഡിഗ്രി ചെരുവിലാണ് രണ്ടാമത്തെ ക്യൂബിൽ സ്ഥിതിചെയ്യുന്ന റിക്രിയേഷൻ ഏരിയ ഉണ്ടാക്കിയെടുത്തത്. വ്യത്യസ്ത ഘട്ടങ്ങളിലായി നിർമ്മിച്ചെടുത്ത വീടിന് യാതൊരുവിധ അലങ്കാരപ്പണികളും ചെയ്തിട്ടില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം.

വെറും നാല് സെന്റ് സ്ഥലത്ത് 2000 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്.വീടിന്റെ മധ്യഭാഗത്തായി ഒരു കോർട്യാർഡ് സജ്ജീകരിച്ച് നൽകിയത് വീടിന് കൂടുതൽ ഭംഗി നൽകുന്നു. വീടിന്റെ അകത്തേക്ക് നല്ല രീതിയിൽ വായുവും വെളിച്ചവും നൽകുന്നതിന് കോർട്ടിയാർഡ് ഉപയോഗ പെടുത്താം. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ വീടിനകത്ത് എല്ലാ സമയത്തും നല്ല തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. കാഴ്ചയിൽ മാത്രമല്ല നിർമ്മാണ രീതിയിലും കൗതുകങ്ങൾ ഒളിപ്പിച്ചു കൊണ്ടാണ് തെങ്കാശിയിലെ ഈ തലതിരിഞ്ഞ വീട് നിർമ്മിച്ചിട്ടുള്ളത്.