കടുത്ത വേനലിലും ചൂടാകാത്ത വീട് നിർമിക്കാൻ.

കടുത്ത വേനലിലും ചൂടാകാത്ത വീട് നിർമിക്കാൻ.നമ്മുടെ നാട്ടിൽ ചൂടിനെ അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഉഷ്ണമേഖലയെ അടിസ്ഥാനപ്പെടുത്തിയുള്ള കാലാവസ്ഥ കാരണം ചൂട് കൂടുതലും തണുപ്പ് മിതമായ രീതിയിലുമുള്ള ഒരു അന്തരീക്ഷണമാണ് കൂടുതലായും കേരളത്തിൽ കണ്ടു വരുന്നത്.

അതുകൊണ്ടുതന്നെ വേനൽകാലങ്ങളെ അതി ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പകലും രാത്രിയും ഒരേ രീതിയിൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ മുഴുവൻ സമയവും ഏസി, ഫാൻ എന്നിവ ഉപയോഗിച്ചാൽ ഉയർന്ന് വരുന്ന കറണ്ട് ബില്ലിനും ഉത്തരം പറയേണ്ടി വരും.

ഇത്തരം സാഹചര്യങ്ങളിൽ പ്രകൃതിക്ക് അനുകൂലമായ രീതിയിൽ ഒരു വീട് പണിയുക എന്നത് മാത്രമാണ് ശാശ്വതമായ പരിഹാരം.

ചൂടിനെ നിയന്ത്രിച്ചു കൊണ്ട് ഏത് കടുത്ത വേനൽ കാലത്തും ജീവിക്കാൻ സാധിക്കുന്ന രീതിയിൽ ഒരു വീട് നിർമിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

കടുത്ത വേനലിലും ചൂടാകാത്ത വീട് നിർമിക്കാൻ.

വീട് നിർമിക്കുമ്പോൾ ഒരു കാലാവസ്ഥയ്ക്ക് മാത്രം അനുയോജ്യമായ രീതിയിൽ നിർമ്മിച്ചാൽ അത് മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ ചൂടിനെയും തണുപ്പിനെയും ഒരേ രീതിയിൽ പ്രതിരോധിക്കുകയും അതേസമയം നല്ല രീതിയിൽ ഉൾക്കൊള്ളാൻ സാധിക്കുകയും ചെയ്യുന്ന രീതിയിൽ വേണം വീട് പണിയാൻ.

വീടിനായി തിരഞ്ഞെടുക്കുന്ന പ്ലോട്ട്,ചുറ്റുപാടുമുള്ള അന്തരീക്ഷം എന്നിവയ്ക്കെല്ലാം വീടിന്റെ അന്തരീക്ഷം നിർണയിക്കുന്നതിൽ വളരെയധികം പ്രാധാന്യമുണ്ട്.

തുറന്ന പ്രദേശത്താണ് വീട് നിർമ്മിക്കുന്നത് എങ്കിൽ കാറ്റിനും വെളിച്ചത്തിനും പഞ്ഞമുണ്ടാകില്ല. അതേ സമയം വെയിലിന്റെ ചൂട് ഏത് രീതിയിലായിരിക്കും വീട്ടിലേക്ക് അടിക്കുക എന്ന കാര്യത്തിനാണ് ശ്രദ്ധ നൽകേണ്ടത്.

കേരളത്തിന്റെ കാലാവസ്ഥ അനുസരിച്ച് തെക്ക്-പടിഞ്ഞാറ് ദിശകളിൽ ആണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്.

അതുകൊണ്ടുതന്നെ ആ ഒരു ചൂടിനെ എങ്ങനെ പ്രതിരോധിക്കാൻ സാധിക്കും എന്നതാണ് ചിന്തിക്കേണ്ട കാര്യം.

പൂർണമായും ദിശയെ അടിസ്ഥാനമാക്കി വീട് പണിയുക എന്നത് പ്രായോഗികമായ കാര്യമല്ല.

കാരണം വീടിന് മുൻവശത്തു കൂടി ഒരു റോഡ് പോകുന്നുണ്ടെങ്കിൽ എല്ലാവർക്കും അതിന് അഭിമുഖമായ രീതിയിൽ വീട് നിർമിക്കാനായിരിക്കും താല്പര്യം.

ചൂട് കുറയ്ക്കാനായി പരീക്ഷിക്കാവുന്ന കാര്യങ്ങൾ

വീടിന്റെ തെക്ക് കിഴക്ക് ഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിൽ വീട് നിർമിക്കുകയാണെങ്കിൽ ഒരു പരിധിവരെ ചൂട് കുറയ്ക്കാനായി സാധിക്കും.

ഇപ്പോൾ വളരെയധികം ട്രെൻഡിങ് ആയതും അതേസമയം കാഴ്ചയിൽ ഭംഗി നൽകുന്നതുമായ ജാളി ബ്രിക്കുകൾ ഇത്തരം ഭാഗങ്ങളിൽ നൽകുകയാണെങ്കിൽ ചൂട് ഒരു പരിധി വരെ കുറക്കാവുന്നതാണ്.

വീടിനോടു ചേർന്നുള്ള തുറസ്സായ ഭാഗങ്ങളിൽ നിന്നും ആവശ്യത്തിന് കാറ്റും വെളിച്ചവും വീട്ടിനകത്തേക്ക് എത്തിക്കുന്നതിലും ഇവ വഹിക്കുന്ന പങ്ക് വലുതാണ്.

ജാളി ബ്രിക്കുകൾ തിരഞ്ഞെടുക്കുന്നതിൽ നിന്നും പലരെയും പിന്തിരിപ്പിക്കുന്ന കാര്യം അവ വീടിനകത്തേക്ക് സുരക്ഷ നൽകുമോ എന്നതും, ചെറു ജീവികളും പ്രാണികളും വീട്ടിനകത്തേക്ക് പ്രവേശിക്കുമോ എന്നതുമാണ്. എന്നാൽ ജാളി ബ്രിക്കിനൊപ്പം നല്ല ബലത്തിൽ ഉള്ള കമ്പികൾ ഉൾഭാഗത്ത് വരുന്ന രീതിയിൽ നൽകുകയാണെങ്കിൽ സുരക്ഷയുടെ കാര്യത്തിൽ പേടി വേണ്ട. വാളിനോട് ചേർന്ന് വലിയ മരങ്ങളോ ചെടികളോ ഉണ്ടെങ്കിൽ അവ വീട്ടിനകത്തേക്ക് വളർന്ന ഭാഗം മാത്രം മുറിച്ച് കളയുകയാണെങ്കിൽ പ്രാണികളെയും മറ്റും ഒഴിവാക്കാനായി സാധിക്കും. ജാളി ബ്രിക്ക് വാളുകൾ ഉപയോഗിക്കുന്നത് വഴി ഏതു ശക്തമായ ചൂടും വീട്ടിനകത്തേക്ക് പ്രവേശിക്കുന്നത് ശക്തമായി തന്നെ തടയും.

പച്ചപ്പിന് പ്രാധാന്യം നൽകുമ്പോൾ

വീട്ടിനകത്തേക്ക് തണുപ്പ് എത്തണമെങ്കിൽ ചെടികൾ വേണമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട. അതു കൊണ്ടുതന്നെ വീടിനു പുറത്തു മാത്രമല്ല വീട്ടിനകത്തും ഒരു ഗ്രീൻ സ്പേസ് തയ്യാറാക്കി നൽകാനായി ശ്രദ്ധിക്കുക. വീട്ടിനകത്ത് കോർട്ട്‌യാർഡ് സെറ്റ് ചെയ്തു നൽകുമ്പോൾ ഡബിൾ ഹൈറ്റ് രീതി പരീക്ഷിച്ചു അകത്ത് നിറയെ അടുക്കളയിലേക്ക് ആവശ്യമായ ചെടികൾ, ഔഷധ ചെടികൾ എന്നിവ വച്ചു പിടിപ്പിക്കാം. വീടിനകത്ത് ഒരു ഗ്രീൻ സ്പേസ് നൽകുന്നത് വഴി അകത്തേക്കു പ്രവേശിക്കുന്ന വായു നല്ല രീതിയിൽ ശുദ്ധീകരിക്കപ്പെടുന്നതാണ്. കോർട്ട്‌യാർഡ് മാത്രമല്ല ബെഡ്റൂം, സ്റ്റെയർകേസ് എന്നീ ഭാഗങ്ങളിലും പച്ചപ്പിന് പ്രാധാന്യം നൽകി കൊണ്ട് ചെടികൾ നൽകാവുന്നതാണ്. കൂടുതൽ സ്വകാര്യത ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം ഗ്രീൻ സ്പേസ് നൽകുമ്പോൾ അതിനു പുറകിലായി ഒരു ഗ്ലാസ് ഡോർ നൽകാവുന്നതാണ്. ഇവ തന്നെ സ്ലൈഡിങ് രീതിയിലാണ് നൽകുന്നത് എങ്കിൽ ആവശ്യമുള്ള സമയങ്ങളിൽ കുറച്ചുനേരത്തേക്ക് ഡോർ പൂർണമായും ഓപ്പൺ ചെയ്ത് ഇടാനും സാധിക്കും.

കൂടുതൽ വെളിച്ചം ലഭിക്കണമെന്ന് ആവശ്യപ്പെടുന്ന വീട്ടുകാർ മനസ്സിലാക്കേണ്ട ഒരു പ്രധാന വസ്തുത എത്രമാത്രം വെളിച്ചം വീട്ടിനകത്ത് വരുന്നുവോ അതിനനുസരിച്ച് ചൂടും വീടിനകത്ത് നിലനിൽക്കും എന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ കടന്നു വരുന്ന ചൂടിനെ ശരിയായ രീതിയിൽ പുറത്തേക്ക് കടത്തി വിടാനുള്ള മാർഗങ്ങളും വീട്ടിനകത്ത് ഉണ്ടായിരിക്കണം.അകത്തേക്കു പ്രവേശിക്കുന്ന ചൂടുള്ള വായുവിനെ പുറത്തേക്ക് തള്ളുന്നതിന് ഉപയോഗപ്പെടുത്താവുന്ന മികച്ച രീതി’ സ്റ്റാക്ക് ഇഫക്ട് ‘ആണ്. ഈ ഒരു രീതി പരീക്ഷിക്കുമ്പോൾ ഗാർഡനുകൾ സെറ്റ് ചെയ്തു നൽകേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. വീടിനകത്തെ ചൂടിനെ നല്ല രീതിയിൽ വലിച്ച് പുറത്തു കളയുന്നതിനായി പരീക്ഷിക്കാവുന്ന മറ്റൊരു രീതിയാണ് സ്കൈലൈറ്റ് ഓപ്പണിങ്.ഇവ നൽകുന്നതു വഴി പ്രയോജനം രണ്ടാണ് . അടുക്കളയിൽ നിന്നും ചൂടിനെ പുറത്തേക്ക് വലിച്ചു കളയുന്ന ഒരു ചിമ്മിനി പ്രവർത്തിക്കുന്ന അതേ രീതിയിൽ വീട്ടിനകത്തെ ചൂടിനെ പുറംതള്ളുകയും, വീടിന്റെ മുകൾ ഭാഗത്തു നിന്നും നല്ല രീതിയിൽ വീട്ടിനകത്തേക്ക് വെളിച്ചം എത്തിക്കുകയും ചെയ്യും.

പലപ്പോഴും വീടിനകത്ത് ചൂട് കൂടുന്നതിനുള്ള കാരണം കോൺക്രീറ്റിംഗ് രീതി പരീക്ഷിക്കുന്നത് കൊണ്ടാണ് എന്ന് പലരും പരാതിപ്പെടാറുണ്ട് എങ്കിലും നമ്മൾ തിരഞ്ഞെടുക്കുന്ന വീടിന്റെ പ്ലാൻ ശരിയാണ് എങ്കിൽ ചൂടെന്ന പ്രശ്നത്തെ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.

കടുത്ത വേനലിലും ചൂടാകാത്ത വീട് നിർമിക്കാൻ പരീക്ഷിക്കാം ഈ വഴികൾ.