വീടുപണിയിൽ പതിവായി പറ്റുന്ന തെറ്റുകൾ;ഒഴിവാക്കാം ഇവ

വീട് പണി എന്നത് പലപ്പോളും ഒരു പരീക്ഷണം തന്നെയാണ്.നിരവധി ആളുകൾ ഈ പരീക്ഷണം മുൻപ് ചെയ്യ്ത് നോക്കിയിരിക്കുന്നത് കൊണ്ട് അവർക്ക് പറ്റിയ അബദ്ധങ്ങൾ ഇവിടെ കൊടുക്കുന്നു.ഒന്ന് വായിച്ച് മനസിലാക്കിയാൽ ഈ അബദ്ധങ്ങൾ പൂർണമായും ഒഴിവാക്കി നിങ്ങളുടെ പരീക്ഷണം വിജയം ഉറപ്പിക്കാനാകും

മുകളിൽ ഒരു ബെഡ്റൂമിനായി രണ്ടുനില

മൂന്ന് ബെഡ്റൂം വേണം. താഴെ രണ്ട്, മുകളിൽ ഒന്ന്. പൂതിയ വീട് പണിയുന്നവരിൽ നല്ലൊരു ശതമാനത്തിന്റെ ആവശ്യമാണിത്. നിർമാണച്ചെലവ് കുതിച്ചുയർത്തുന്ന ഒരു അപകടം ഈ കോംബിനേഷനിൽ പതിയിരിപ്പുണ്ടെന്ന് മിക്കവരും ഓർക്കാറില്ല. മുകളിൽ ഒരു ബെഡ്റൂം മാത്രമായിരിക്കും വീട്ടുകാരന് ആവശ്യം. എന്നാൽ ഇതുമാത്രമായി ഒരിക്കലും പണിയാനാകില്ല. സ്റ്റെയർകെയ്സ്, അത് എത്തിച്ചേരുന്നിടത്ത് ചെറുതെങ്കിലും ഒരു ഫാമിലി ലിവിങ് സ്പേസ് എന്നിവകൂടി നിർമിച്ചാലേ മുകളിൽ ബെഡ്റൂം പണിയാനാകൂ. എന്തെങ്കിലും വഴിയുണ്ടെങ്കിൽ മൂന്നാമത്തെ ബെഡ്റൂമും താഴത്തെ നിലയിൽ തന്നെ പണിയുകയാണ് ഇതിനുള്ള പ്രതിവിധി. ആദ്യം പറഞ്ഞ രീതിയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞത് 200 സ്ക്വയർഫീറ്റ് എങ്കിലും ലാഭിക്കാം. സ്റ്റെയർകെയ്സിനായി നയാപൈസ മുടക്കേണ്ടി വരികയുമില്ല.


ടൈൽ തോന്നുപടി മുറിക്കുക

ടൈൽ ഏറ്റവുമധികം പാഴാകുന്ന മേഖലയാണ് സ്റ്റെയർകെയ്സ് പടികൾ. ഇവിടെ വിരിക്കുന്ന ടൈലിൽ ഭൂരിപക്ഷവും മുറിക്കേണ്ടി വരും എന്നതാണ് പ്രധാന കാരണം. മുഴുവൻ പടികളുടെയും അളവെടുത്ത് നഷ്ടം ഏറ്റവും കുറയുന്ന പാറ്റേൺ കണ്ടെത്തി അതിനനുസരിച്ചു വേണം ടൈൽ മുറിക്കാൻ.


വാർക്കയുടെ നനയ്ക്കൽ തണുപ്പൻ മട്ടിൽ

മേൽക്കൂര വാർത്ത ശേഷം 24 മണിക്കൂറിനുള്ളിൽ തന്നെ നനച്ചു തുടങ്ങുന്നതാണ് നല്ലത്. നമ്മുടെ നാട്ടിൽ സാധാരണരീതിയിൽ രാവിലെ കോൺക്രീറ്റിങ് തുടങ്ങും. വൈകുന്നേരത്തിന് മുമ്പ് പൂർത്തിയാകുകയും ചെയ്യും. പിറ്റേന്ന് പത്ത് മണിക്ക് തൊഴിലാളികളെത്തി വെള്ളം കെട്ടിനിർത്താനുള്ള തട തയാറാക്കി നനച്ചു തുടങ്ങുമ്പോഴേക്കും സമയം ഉച്ചയോടടുക്കും. അപ്പോഴേക്കും കോൺക്രീറ്റിലെ ഈർപ്പം നഷ്ടപ്പെടുകയും ചെറിയ പൊട്ടലുകൾ രൂപപ്പെടുകയും ചെയ്യാൻ സാധ്യതയുണ്ട്. ഇതാണ് പിന്നീട് ചോർച്ചയിലേക്കും മറ്റും നയിക്കുന്നത്. വാർത്തതിനു ശേഷം പിറ്റേദിവസം രാവിലെ തന്നെ മേൽക്കൂര നനയ്ക്കാൻ തുടങ്ങണം.


അവസാനഘട്ടത്തിലെ നെട്ടോട്ടമോടൽ

വീടുപണിയുന്നവരിൽ 90 ശതമാനത്തിനും സംഭവിക്കുന്ന പാളിച്ചയാണിത്. ഫിനിഷിങ് സ്റ്റേജിൽ എത്തുമ്പോഴേക്കും കൈയിലെ പണം മുഴുവൻ തീരും. ഇന്റീരിയറും ഫർണിച്ചറും ഒക്കെ എങ്ങനെയെങ്കിലും തട്ടിക്കൂട്ടുകയേ പിന്നെ വഴിയുള്ളൂ. ഫിനാൻഷ്യൽ പ്ലാനിങ്ങിലെ പിഴവ് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഫിനിഷിങ് ജോലികൾക്ക് ആവശ്യമായ തുക ആദ്യമേ തന്നെ നീക്കിവെക്കണം. ബജറ്റ് കൈപ്പിടിയിൽ ഒതുങ്ങുന്നില്ലെങ്കിൽ വീടിന്റെ വലുപ്പവും ആർഭാടവും കുറയ്ക്കണം. അവസാനം എങ്ങനെയെങ്കിലും ഒപ്പിച്ചുവയ്ക്കാം എന്ന ചിന്തയോടെ വീടുപണിക്കിറങ്ങരുത്.


സിങ്ക് വാങ്ങുന്നതിനു മുമ്പ് കിച്ചൻ സ്ലാബ് മുറിക്കുക

അടുക്കളയിലേക്കുള്ള സിങ്ക് വാങ്ങി കൃത്യമായ അളവെടുത്തതിനു ശേഷം മാത്രം കിച്ചൻ സ്ലാബ് മുറിക്കുക. ഇല്ലെങ്കിൽ മുറിച്ച അളവിനനുസരിച്ചുള്ള സിങ്ക് അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടിവരും.
27 തോന്നുന്നിടത്ത് പൈപ്പും ലൈറ്റും ബാത്റൂമിൽ ടാപ്പ് പിടിപ്പിക്കുന്നത് തറനിരപ്പിൽ നിന്നും 65 – 70 സെമീ എങ്കിലും ഉയരത്തിലായിരിക്കണം. എങ്കിലേ ഇതിനു കീഴിൽ വലിയ ബക്കറ്റ് വച്ച് വെള്ളം പിടിക്കാനാകൂ. ടവൽ ഹോൾഡർ, സോപ്പ് ഹോൾഡർ എന്നിവയും ആനുപാതികമായ ഉയരത്തിൽ വേണം പിടിപ്പിക്കാൻ. കുളിക്കുമ്പോൾ സൗകര്യപ്രദമായി എടുക്കാൻ കഴിയുന്ന വശത്തായിരിക്കണം ഇവ പിടിപ്പിക്കേണ്ടത്. ലൈറ്റ് സ്വിച്ചുകൾക്കും ഇതു ബാധകമാണ്. ബെഡ്റൂമിൽ കട്ടിലിനു മുകളിലായി വരുന്ന വിധത്തിലായിരിക്കണം ഫാൻ പിടിപ്പിക്കാൻ. തോന്നുംപടി പിടിപ്പിച്ചാൽ പിന്നീട് വിയർക്കേണ്ടി വരും.

നടുമുറ്റം പണിത് ഗ്ലാസ് കൊണ്ട് മൂടുക

വെറുതെ ഫാഷന്റെ പേരിൽ നടുമുറ്റവും സ്കൈലൈറ്റ് ഓപ്പണിങ്ങുകളും നൽകുന്നത് മണ്ടത്തരമല്ലാതെ മറ്റൊന്നുമല്ല. വീടിനുള്ളിൽ ആവശ്യത്തിനു വെളിച്ചം എത്തിക്കുകയും വായുപ്രവാഹം സുഗമമാക്കി തണുപ്പ് പകരുകയുമാണ് നടുമുറ്റത്തിന്റെ ഉദ്ദേശ്യം. എന്നാൽ, നടുമുറ്റം പണിത് അതിനു മുകൾഭാഗം ഗ്ലാസും പോളികാർബണേറ്റ് ഷീറ്റുമൊക്കെയിട്ട് അടയ്ക്കുമ്പോൾ അത് വീട്ടിനുള്ളിലെ ചൂട് കൂട്ടുകയേ ഉള്ളൂ. ഇതിനെല്ലാം വേണ്ടി വരുന്ന ചെലവ് വേറെയും.


കാർപോർച്ചിന് ഡബിൾഹൈറ്റ്

ഡബിൾഹൈറ്റിൽ കാർപോർച്ച് പണിയുന്നതുകൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവുമില്ല. പണവും സ്ഥലവും നഷ്ടമെന്നു മാത്രം. സ്ക്വയർഫീറ്റിന് രണ്ടായിരവും മൂവായിരവും മുടക്കി കാർപോർച്ച് പണിയണമോ എന്ന കാര്യം പുനരാലോചിക്കണം. മുകൾനിലയിൽ രണ്ടും മൂന്നും ബാൽക്കണി പണിയുന്നതും ഇതുപോലെ തന്നെയാണ്. ഉപയോഗിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ബാൽക്കണി നിർമിക്കുക.


ബാത്റൂം ഭിത്തിയിൽ ഈർപ്പം

സ്പേസർ വച്ച് ആവശ്യത്തിന് അകലം വിട്ടശേഷം വേണം ബാത്റൂമിന്റെ ചുവരിൽ ടൈൽ ഒട്ടിക്കാൻ. സാധാരണ ജോയ്ന്റ് ഫില്ലറിനു പകരം എപ്പോക്സി ജോയ്ന്റ് ഫില്ലർ ഉപയോഗിക്കുകയും വേണം. വെള്ളം ഉള്ളിലേക്ക് ഇറങ്ങി ചുവരിൽ ഈർപ്പം പിടിക്കുന്നത് തടയാൻ ഇതാണ് മാർഗം.


അടിത്തറയ്ക്ക് ആർസിസി ബെഡ് നിർബന്ധം

വാനം കുഴിച്ച ശേഷം ആർസിസി ബെഡ് നിർമിച്ച് അതിനു മുകളിലേ അടിത്തറ കെട്ടൂ എന്ന് നിർബന്ധം പിടിക്കുന്നവരുണ്ട്. നല്ല ഉറപ്പുള്ള മണ്ണാണെങ്കിൽ ഇതിന്റെ യാതൊരാവശ്യവുമില്ല എന്നതാണ് വാസ്തവം. അനാവശ്യമായി പണം ചെലവാക്കുന്നത് തടയാൻ ഇത് സഹായിക്കും. കരിങ്കല്ല് കൊരുത്ത് കെട്ടുന്നത് അടിത്തറയുടെ ബലം കൂട്ടും.


സമതലത്തിലേ വീടു പണിയൂ

പ്ലോട്ട് നിരപ്പാക്കി വീടു പണിതാലേ സമാധാനം കിട്ടൂ എന്ന രീതിയിൽ പെരുമാറുന്നവരുണ്ട്. പരിസ്ഥിതിയോട് ചെയ്യുന്ന ക്രൂരതയാണത്. പ്ലോട്ടിന്റെ തനിമ നിലനിർത്തി അതിനനുസരിച്ചു വീട് രൂപകൽപന ചെയ്യുകയാണ് സംസ്കാരസമ്പന്നർ ചെയ്യേണ്ടത്. പ്ലോട്ടിലെ സസ്യജാലങ്ങളോടും മരങ്ങളോടുമൊക്കെ അർഹിക്കുന്ന ബഹുമാനം കാട്ടണം. അതല്ലാതെ ജെസിബി കൊണ്ടുവന്ന് എല്ലാം ഇടിച്ചുനിരത്തി കോൺക്രീറ്റ് കൂടൊരുക്കുന്ന രീതി പ്രാകൃതമെന്ന് തിരിച്ചറിയണം.

courtesy : fb group