വീടുപണിയിൽ പതിവായി പറ്റുന്ന തെറ്റുകൾ;ഒഴിവാക്കാം ഇവ part – 1

വീട് പണി എന്നത് പലപ്പോളും ഒരു പരീക്ഷണം തന്നെയാണ്.നിരവധി ആളുകൾ ഈ പരീക്ഷണം മുൻപ് ചെയ്യ്ത് നോക്കിയിരിക്കുന്നത് കൊണ്ട് അവർക്ക് പറ്റിയ അബദ്ധങ്ങൾ ഇവിടെ കൊടുക്കുന്നു.ഒന്ന് വായിച്ച് മനസിലാക്കിയാൽ ഈ അബദ്ധങ്ങൾ പൂർണമായും ഒഴിവാക്കി നിങ്ങളുടെ പരീക്ഷണം വിജയം ഉറപ്പിക്കാനാകും

1 ആർക്കിടെക്ട് ആരായാലും വേണ്ടില്ല

ആർക്കിടെക്ടിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മിക്കവർക്കും തെറ്റു സംഭവിക്കാറുണ്ട്. എളുപ്പത്തിനു വേണ്ടി പലരും തങ്ങൾക്കെന്താണു വേണ്ടതെന്ന് ആലോചിക്കാതെ, അടുത്തുള്ള ആർക്കിടെക്ടിനെ സമീപിക്കും. അതുപോലെ, ആർക്കിടെക്ടിന് നിർമാണസംബന്ധിയായ ഏതാവശ്യങ്ങളും നിറവേറ്റിത്തരാനാകും എന്നു വിചാരിക്കുന്നതും ശരിയല്ല. ഓരോരോ മേഖലയിൽ സ്പെഷലൈസ് ചെയ്യുന്നവരായിരിക്കും ആർക്കിടെക്ടുമാർ. വലിയ ഹോസ്പിറ്റലുകൾ ചെയ്യുന്ന ഒരു ആർക്കിടെക്ടിന് നല്ല വീട് ചെയ്യാൻ പറ്റണമെന്നില്ല. മാത്രമല്ല, അവരുടെ താത്പര്യങ്ങളും വ്യത്യാസപ്പെടാം. സമകാലിക ഡിസൈൻ താത്പര്യമുള്ള ആർക്കിടെക്ട് പരമ്പരാഗത ഡിസൈനിൽ വൈദഗ്ധ്യം കാണിക്കണമെന്നില്ല. ഒരു ആർക്കിടെക്ട് ചെയ്യുന്ന കെട്ടിടങ്ങൾ കണ്ട്, അത് തങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസൃതമാണോ എന്നു മനസ്സിലാക്കി മാത്രം അദ്ദേഹത്തെ സമീപിക്കുക.


2 ബജറ്റിൽ പെടാത്ത കണക്കുകൾ

ആളുകൾ പലപ്പോഴും ആർക്കിടെക്ടിനെ സമീപിക്കുന്നത് സ്ക്വയർഫീറ്റ് റേറ്റ് എത്രയാണെന്ന് അന്വേഷിച്ചുകൊണ്ടായിരിക്കും. സ്ക്വയർഫീറ്റ് റേറ്റ് കേൾക്കുമ്പോൾ ഉടനെ അതും വീടിന്റെ സ്ക്വയർഫീറ്റും തമ്മിൽ ഗുണിച്ച് മൊത്തം ചെലവിനെപ്പറ്റി കണക്കുകൂട്ടും. എന്നാൽ ഇത് വീടിന്റെ പണിക്കു മാത്രമുള്ള റേറ്റ് ആണ്. ചുറ്റുമതിൽ, ഗെയ്റ്റ്, സ്ഥലമൊരുക്കൽ, കിണർ കുത്തൽ, ലാൻഡ്സ്കേപ്പിങ്, ഇന്റീരിയർ അലങ്കാരങ്ങൾ, വാട്ടർ/ ഇലക്ട്രിസിറ്റി കണക്ഷനുകൾ, ആർക്കിടെക്ടിന്റെ ഫീസ് തുടങ്ങിയ കാര്യങ്ങൾ ഇതിലുൾപ്പെടുന്നില്ല. അങ്ങനെ വരുമ്പോഴാണ് വീടുപണി ബജറ്റിന് അപ്പുറത്തേക്ക് പോകുന്നത്. ഇതെല്ലാം കണക്കിലെടുത്താൽ തന്നെ 50% വീടുപണി കൂടുതൽ മെച്ചപ്പെടുമെന്നുറപ്പ്.


3 കെട്ടിടഭാഗങ്ങൾ പൊളിക്കേണ്ടി വരിക

വീടുപണിതു കഴിഞ്ഞ് ഇന്റീരിയർ ചെയ്യുന്ന സമയത്താണ് പലർക്കും തങ്ങളുടെ തെറ്റ് മനസ്സിലാവാറുള്ളത്. കെട്ടിടം പണിതു കഴിഞ്ഞ് ഇന്റീരിയർ ചെയ്യാൻ തുടങ്ങുമ്പോൾ അടിസ്ഥാന പ്ലാനിൽ മാറ്റങ്ങൾ വേണ്ടി വരുമെന്ന് മനസ്സിലാവും. പലപ്പോഴും കെട്ടിടഭാഗങ്ങൾ പൊളിക്കേണ്ടി വന്നേക്കാം. അതുകൊണ്ട് വീട്ടിൽ ഉള്ള വസ്തുക്കളെയും വേണ്ടിവന്നേക്കാവുന്ന വസ്തുക്കളെയും പറ്റി ആദ്യമേ ഒരു ഐഡിയ ഇന്റീരിയർ ഡിസൈനർക്കു കൊടുക്കണം. വീട്ടിൽ താമസമാക്കിയതിനുശേഷമായിരിക്കും മാസ്റ്റർ ബെഡ്റൂമിലെ വാഡ്രോബിൽ സ്ഥലം തികയാതെ വരുന്ന കാര്യം പലരും മനസ്സിലാക്കുന്നത്.


4 ഇഷ്ടപ്പെട്ട ടൈൽ കിട്ടാനില്ല

ടൈൽ, സാനിറ്ററി മുതലായവയിൽ വളരെ പെട്ടെന്ന് ട്രെൻഡുകൾ മാറി മാറി വരും. കണ്ട് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പലരും, ഓർഡർ ചെയ്തിടും. അപ്പോൾത്തന്നെ അതു വാങ്ങിവയ്ക്കാതിരിക്കുന്ന പ്രവണതയുണ്ട്. പ്രവാസി മലയാളികൾ പോലുള്ളവർ പിന്നീടെപ്പോഴെങ്കിലും അതെടുക്കാൻ ചെല്ലുമ്പോഴേക്കും ആവശ്യത്തിന് എണ്ണം കിട്ടാതെ വരാറുണ്ട്. ടൈലിൽ കൂടുതൽ വേസ്റ്റേജ് വരുകയാണെങ്കിൽ എക്സ്ട്രാ ടൈൽ കിട്ടാനും ബുദ്ധിമുട്ടായിരിക്കും.


5 ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ

ചോർച്ച ഇപ്പോൾ സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. പലപ്പോഴും കോൺട്രാക്ടർമാർ ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിക്കുന്നതിനാൽ കരാറിലേർപ്പെടും മുമ്പ് ഉപയോഗിക്കുന്ന സാധനങ്ങൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്തുക. അവർ മുമ്പ് ചെയ്ത വീടുകളും കണ്ടിരിക്കണം.


6 സെറ്റ്ബാക്ക് ഒഴിച്ചിടാതെ അടിത്തറ

ചെറിയ സ്ഥലത്ത് വീട് പണിയുമ്പോൾ വശങ്ങളിൽ നിയമപ്രകാരമുള്ള സ്ഥലം ഒഴിച്ചിട്ടു വേണം അടിത്തറ കെട്ടാൻ. അടിത്തറയുടെ പണി തീർന്ന ശേഷം ഭിത്തി കെട്ടിത്തുടങ്ങുമ്പോഴാണ് പലയിടത്തും ആർക്കിടെക്ടോ എൻജിനീയറോ മേൽനോട്ടത്തിന് എത്തുക. അപ്പോഴേക്കും ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയിൽ എത്തിയിരിക്കും. നിയമം പാലിക്കാതെ വീടുനിർമാണം നടത്തിയാൽ അത് പൊളിച്ചു കളയുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അധികാരമുണ്ടെന്ന കാര്യം മറക്കരുത്.


7 വാരിക്കോരി സിമന്റ് തേക്കുക

സിമന്റിന്റെ അളവ് കൂട്ടിയാൽ തേപ്പിന് ഉറപ്പ് കൂടുമെന്നാണ് പലരുടെയും ധാരണ. അതുകൊണ്ടുതന്നെ ചാന്തിൽ ആവശ്യത്തിലധികം സിമന്റ് ചേർക്കുകയും ചെയ്യും. ഇതുകൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നതാണ് വാസ്തവം. മാത്രമല്ല, സിമന്റിന്റെ അളവ് കൂടിയാൽ പ്ലാസ്റ്ററിങ്ങിൽ പൊട്ടൽ വീഴുകയും ചെയ്യും. 1:3 അനുപാതത്തിലാണ് പ്ലാസ്റ്ററിങ്ങിന് സിമന്റും മണലും ചേർക്കേണ്ടത്. അന്യായവിലയുടെ സിമന്റ് വെറുതേ പാഴാക്കിക്കളയരുത്.


8 ഭിത്തി നനയ്ക്കാൻ പായൽവെള്ളം

തേപ്പിനു ശേഷം ഭിത്തി നനയ്ക്കാനായി അടുത്തുള്ള തോട്ടിൽ നിന്നും കുളത്തിൽ നിന്നുമെല്ലാം വെള്ളം പമ്പ് ചെയ്തെടുക്കുന്നത് സാധാരണയാണ്. പായൽ നിറഞ്ഞ വെള്ളം കൊണ്ട് ഭിത്തി നനച്ചാൽ പെയിന്റ് ചെയ്ത് കുറച്ചുനാൾ കഴിയുമ്പോഴേക്കും പലയിടത്തും പെയിന്റ് ഇളകുകയും അങ്ങിങ്ങായി പൂപ്പൽ പിടിച്ചതുപോലെ നിറംമാറ്റം ഉണ്ടാകുകയും ചെയ്യും. കുടിവെള്ളം വേണ്ടെങ്കിലും അത്യാവശ്യം പായലും ചെളിയുമില്ലാത്ത വെള്ളം വേണം നനപ്പിന് ഉപയോഗിക്കാൻ.


9 ബാത്റൂമിലെ വെള്ളം പുറത്തേക്ക്

ഒന്നാം നിലയുടെ കോൺക്രീറ്റിനായി സ്ലാബ് വാർക്കുന്ന സമയത്ത് മുകളിലെ ബാത്റൂമിന്റെ സ്ലാബ് ചരിഞ്ഞിരിക്കണമെന്ന കാര്യം പലരും ഓർക്കാറില്ല. 15 സെമീ ചരിവു വിട്ടില്ലെങ്കിൽ പിന്നീട് വെള്ളം പുറത്തേക്കു വരാൻ സാധ്യതയുണ്ട്. പല വീടുകളിലും കണ്ടിട്ടുള്ള പ്രശ്നമാണിത്. തട്ടടിക്കുമ്പോൾ ബാത്റൂമിന്റെ തട്ട് താഴ്ന്നിരിക്കണം.


10 സിങ്കിന്റെ സെക്കൻഡ് ബൗൾ വലതു ഭാഗത്ത്

അടുക്കളയിൽ സിങ്ക് പിടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം സിങ്കിൽ കഴുകുന്ന പാത്രങ്ങൾ വയ്ക്കേണ്ട ബൗൾ സിങ്കിന്റെ ഇടതുവശത്തായി പിടിപ്പിക്കണം എന്നതാണ്. വലതുവശത്ത് സ്ക്രബർ വയ്ക്കേണ്ടി വരും. ബൗൾ വലതുവശത്താണെങ്കിൽ കഴുകിയ പാത്രങ്ങൾ വയ്ക്കാൻ ബുദ്ധിമുട്ടാവും.


11 ഫർണിച്ചർ ഇട്ടാൽ ജനൽ തുറക്കില്ല

വാതിൽ, ജനൽ എന്നിവയ്ക്ക് ആനുപാതികമല്ലാത്ത രീതിയിലായിരിക്കും മിക്കവീടുകളിലും ഫർണിച്ചറിന്റെ സ്ഥാനം. പ്ലാനിങ് ഘട്ടത്തിലെ പിഴവുകളാണ് കാരണം. ഫർണിച്ചർ കൂടി ഉൾപ്പെട്ടതാണ് വീട്. ഒടുവിൽ ഫർണിച്ചർ ഇട്ടു കഴിയുമ്പോൾ വാതിലോ ജനാലയോ മറയുന്ന സംഭവങ്ങൾ ധാരാളം. അതുകൊണ്ട് വീടിന്റെ ഡിസൈൻ തീരുമാനിക്കുമ്പോൾ തന്നെ ഫർണിച്ചറിന്റെ ഡിസൈനും സ്ഥാനവും തീരുമാനിക്കണം.

CONTINUE…….

content courtesy : fb group