ഏതൊരു വീടും സ്വർഗമാക്കി മാറ്റാം.സ്വന്തം വീട് അത് ചെറുതോ വലുതോ ആയികൊള്ളട്ടെ, സുഖത്തോടും സമാധാനത്തോടും അവിടെ ജീവിക്കാൻ സാധിക്കുക എന്നതാണ് വലിയ കാര്യം.

ധാരാളം പണം മുടക്കി നിർമ്മിക്കുന്ന ആഡംബര വീടുകളിൽ പലപ്പോഴും ലഭിക്കാത്തതും അത് തന്നെയാണ്.

കടമെടുത്തും, കയ്യിലുള്ള കാശ് മുഴുവനായും ചിലവഴിച്ചും നിർമ്മിക്കുന്ന വീടുകൾ ഒരിക്കലും സ്വർഗമാകില്ല പകരം ദിവസവും കടം അടക്കേണ്ട കാര്യമോർത്ത് ജീവിക്കുന്ന നരകങ്ങളായി മാറുകയാണ് പതിവ്.

കൃത്യമായ പ്ലാനിങ്ങോടു കൂടി നിശ്ചിത ബഡ്ജറ്റിൽ ആവശ്യങ്ങൾ അറിഞ്ഞ് നിർമിക്കുന്ന വീടാണ് സ്വർഗം.

ഏതൊരു വീടും സ്വർഗമാക്കി മാറ്റാം ,അതിനുള്ള വഴികൾ ഇതാ.

കൈയിലുള്ള പണം മുഴുവനായും എടുത്ത് ഒരു വീട് നിർമ്മിക്കുക എന്ന ആശയം ഒരു കാരണവശാലും ചെയ്യാൻ പാടുള്ളതല്ല. തങ്ങളുടെ വരവും ചിലവും മനസിലാക്കിക്കൊണ്ട് വേണം വീട് നിർമ്മാണത്തെ സമീപിക്കാൻ.

അതു പോലെ തന്നെ വീട്ടുകാരുടെ ആവശ്യങ്ങളും അതിൽ അനാവശ്യങ്ങളായി തോന്നുന്ന കാര്യങ്ങളും മാറ്റിനിർത്തിക്കൊണ്ട് വീട് നിർമ്മിക്കുമ്പോഴാണ് അത് ഒരു ശരിയായ മാതൃകയിലുള്ള വീടായി മാറുന്നത്. ആഗ്രഹിച്ച രീതിയിൽ വീട് നിർമ്മിച്ച് പണം ബാക്കിയുണ്ടെങ്കിൽ ചെറിയ രീതിയിലുള്ള ആഡംബരങ്ങൾ നടത്തുന്നതിൽ യാതൊരു തെറ്റുമില്ല.

കാരണം ജീവിതത്തിൽ ആഗ്രഹിച്ചു മോഹിച്ചു വയ്ക്കുന്ന ആദ്യത്തെ വീടിനോട് എല്ലാവർക്കും പ്രിയം കുറച്ച് കൂടുതലായിരിക്കും. ചിലവ് ചുരുക്കാനായി ഒരു കാരണ വശാലും തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകളിൽ അല്ല കോംപ്രമൈസ് ചെയ്യേണ്ടത്.

അതേസമയം ഒഴിവാക്കിയാലും വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പുള്ള കാര്യങ്ങൾ നോക്കി വേണം ഒഴിവാക്കാൻ.

പഴയ വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ ടിവി, വാഷിംഗ് മെഷീൻ പോലുള്ള ഉപകരണങ്ങൾക്ക് വലിയ കേടുപാട് ഒന്നും ഇല്ല എങ്കിൽ പെട്ടെന്ന് അവ മാറ്റാതിരിക്കുന്നതാണ് നല്ലത്. അതിനു വേണ്ടി മാറ്റിവെച്ച തുക കൂടി നിർമ്മാണ പ്രവർത്തികൾക്ക് വേണ്ടി ഉപയോഗപ്പെടുത്താനും സാധിക്കും.

പലരും കരുതുന്നത് പുതിയ വീട്ടിലേക്ക് എല്ലാ സാധനങ്ങളും പുതിയത് തന്നെ വേണ്ടേ എന്നതാണ്.അതേസമയം പഴയ വീടുകളിൽ ഉപയോഗിച്ച് കേടാവാറായ ഗ്യാസ് സ്റ്റൗകൾ, ചിമ്മിനി, ഫാനുകൾ എന്നിവ ഉണ്ടെങ്കിൽ അത് പുതിയ വീട്ടിലേക്ക് കൊണ്ടു വരാതെ ഇരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.

കാരണം അവയിൽ പലതും കാലാവധി കഴിഞ്ഞു ഉപയോഗപ്പെടുത്തുന്നവയായിരിക്കും. അത്തരം സാധനങ്ങൾ മാറ്റി സ്ഥാപിച്ചാൽ ഉണ്ടാകുന്ന കേടുപാടുകൾ വലിയ ചിലവുകളിലേക്ക് വഴിവെച്ചേക്കാം.

കൃത്യമായ പ്ലാനിങ്ങിൽ അല്ല വീടുപണി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് എങ്കിൽ തുടക്കത്തിൽ വലിയ പ്രശ്നങ്ങൾ ഒന്നും സംഭവിക്കില്ല എങ്കിലും നിർമ്മാണം പൂർത്തിയായി അവിടെ താമസം തുടങ്ങി കഴിയുമ്പോൾ പല രീതിയിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം.

വീടിന്റെ പണി ഒരുവിധം പൂർത്തിയായി കഴിയുമ്പോഴേക്കും ചാടിക്കയറി അവിടെ താമസം തുടങ്ങേണ്ട.

കാരണം പ്ലംബിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ശരിയായ രീതിയിൽ ടെസ്റ്റ് ചെയ്ത് നോക്കാതെ താമസം തുടങ്ങിയാൽ ലീക്കേജ്, ബ്ലോക്ക് പോലുള്ള പ്രശ്നങ്ങൾ പുറകെ വരും.

വിദഗ്ധരായ ആളുകളുടെ സേവനം ഉപയോഗപ്പെടുത്താം.

വീടുപണിയെ പറ്റി മുഴുവൻ കാര്യവും തനിക്ക് അറിയാം എന്ന ധാരണയോടെ ഒരിക്കലും മുന്നോട്ട് പോകുന്നത് ശരിയായ രീതിയല്ല.

കാരണം വീടിന്റെ പ്ലോട്ടിന്റെ ഘടന മുതൽ വീടുനിർമാണത്തിനായി തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകളുടെ കാര്യത്തിൽ വരെ ഒരു എക്സ്പേർട്ട് ആയ ആളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിൽ തെറ്റില്ല.

വീട് നിർമ്മാണത്തെ പറ്റി ശരിയായ ധാരണ ഇല്ലെങ്കിൽ വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടങ്ങളിലേക്കാണ് അവ എത്തിക്കുക.

ഇന്ന് പലരും ചെയ്യുന്ന ഒരു വലിയ അബദ്ധം ബഡ്ജറ്റിൽ ഒതുക്കി വീട് പണിയുകയും പിന്നീട് ഇന്റീരിയർ വർക്കിന് വേണ്ടി കൂടുതൽ തുക ചിലവഴിക്കുകയും ചെയ്യുന്ന രീതിയാണ്.

സത്യത്തിൽ ആഡംബരം വീട്ടിനകത്ത് നിറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അവ ഒരു ശാശ്വതമായ കാര്യമാണെന്ന് തോന്നുന്നില്ല.

ഇന്റീരിയറിനു വേണ്ടി ഒരു ബഡ്ജറ്റ് തയ്യാറാക്കി അതിനുള്ളിൽ വരുന്ന ചിലവുകൾക്കുള്ളിൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതാണ് നല്ല രീതി.

ഡോറുകൾ,വിൻഡോ എന്നിവയിൽ ചിലവ് ചുരുക്കാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ സ്റ്റീൽ ഡോറുകൾ, വിൻഡോകൾ എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്.

അതല്ല കൂടുതൽ പണം ചിലവഴിക്കാൻ ബഡ്ജറ്റ് ഉണ്ട് എങ്കിൽ തടിയിൽ തീർത്ത കൊത്തുപണികളെല്ലാം ചെയ്ത ഡോറുകളും, ജനാലകളും തന്നെ തിരഞ്ഞെടുക്കാം.

മരത്തിൽ തന്നെ പ്ലൈവുഡ്,റോസ് വുഡ്,പോലുള്ള ഇമ്പോർട്ടഡ് മെറ്റീരിയലുകളും ഇന്ന് വിപണിയിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.

കാലാവസ്ഥയും പരിഗണിക്കാം

നമ്മുടെ നാട്ടിൽ വീട് നിർമ്മിക്കുമ്പോൾ കാലാവസ്ഥയ്ക്ക് പ്രത്യേക പരിഗണന കൊടുക്കേണ്ട ഒരു അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. പ്രളയം കൊണ്ടു പോയ വീടുകളും മണ്ണിടിച്ചിലിൽ നഷ്ടപ്പെട്ട വീടുകളും അതിനുള്ള തെളിവ് മാത്രമാണ്.

മഴയെയും,മഞ്ഞിനെയും, വെയിലിനേയും പ്രതിരോധിക്കാൻ തക്ക ഈടും ഉറപ്പും നൽകി വേണം വീട് പണിയാൻ.

തീരപ്രദേശങ്ങളോട് ചേർന്ന് വീട് നിർമ്മിക്കുമ്പോൾ സാധാരണ വീടുകളിൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ക്വാളിറ്റിയുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് തന്നെ വീട് നിർമ്മിക്കാനായി ശ്രദ്ധിക്കുക.

ഫ്ളോറിങ് മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോഴും എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ വീട് നിൽക്കുന്ന സ്ഥലത്തിന് യോജിക്കുന്ന രീതിയിലുള്ള മെറ്റീരിയൽ നോക്കി വേണം തിരഞ്ഞെടുക്കാൻ.

തീരപ്രദേശങ്ങളിലെല്ലാം ഉപ്പിന്റെ അംശം കൂടുതലുള്ളതു കൊണ്ടുതന്നെ മാർബിൾ പോലുള്ള മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ കറ പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

വീടിന് അകത്തും പുറത്തും നൽകുന്ന മെറ്റീരിയലുകൾ എല്ലാവിധ കാലാവസ്ഥകൾക്കും അനുയോജ്യമാണെന്ന് കാര്യം ഉറപ്പു വരുത്തി കഴിഞ്ഞാൽ പിന്നീട് ഏത് കാറ്റിനെയും മഴയെയും അവ പ്രതിരോധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഏതൊരു വീടും സ്വർഗമാക്കി മാറ്റാം ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ശ്രദ്ധിക്കുക വഴി.