മാസ്റ്റർ ബെഡ്റൂം സെറ്റ് ചെയ്യുമ്പോള്‍.

പണ്ടുകാലങ്ങളിൽ വീട് നിർമിക്കുമ്പോൾ എത്ര ബെഡ്റൂമുകൾ വേണം എന്നതിന് മാത്രമാണ് പ്രാധാന്യം നൽകിയിരുന്നത്.

അതുകൊണ്ടുതന്നെ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് വീടിന്റെ ഓരോ ഭാഗങ്ങളിലായി വ്യത്യസ്ത വലിപ്പത്തിൽ ബെഡ്റൂമുകൾ സജ്ജീകരിച്ച് നൽകുകയാണ് ചെയ്തിരുന്നത്.

എന്നാൽ പിന്നീട് കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിച്ച് തുടങ്ങിയതോടെ കൃത്യമായ പ്ലാൻ അനുസരിച്ച് വീടിനുള്ള ബെഡ്റൂമുകൾ ഒരുക്കുക എന്ന രീതിയിലേക്ക് മാറി.

ഇവയിൽ തന്നെ വീട്ടിലെ പ്രധാന ബെഡ്റൂം എന്ന രീതിയിൽ ഒരു മാസ്റ്റർ ബെഡ്റൂം, ഗസ്റ്റ് ബെഡ് റൂം, കുട്ടികൾക്ക് വേണ്ടി കിഡ്സ് റൂം എന്നിങ്ങനെയെല്ലാം നൽകാൻ തുടങ്ങി.

എന്നാൽ ഒരു മാസ്റ്റർ ബെഡ്റൂം നൽകുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. ഇവയിൽ തന്നെ പലതും കാലങ്ങളായി ശാസ്ത്രമനുസരിച്ച് പിന്തുടർന്ന് വരുന്ന കാര്യങ്ങളുമുണ്ട്.

മാസ്റ്റർ ബെഡ്റൂം ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി മനസ്സിലാക്കാം.

മാസ്റ്റർ ബെഡ്റൂം ഒരുക്കുമ്പോൾ

പഴയ രീതികൾ അനുശാസിച്ചു കൊണ്ടാണ് മാസ്റ്റർ ബെഡ്റൂം ഒരുക്കുന്നത് എങ്കിൽ അതിന് അനുയോജ്യമായ സ്ഥലം തെക്ക്-കിഴക്ക് ഭാഗമാണ്.

ഇവയിൽത്തന്നെ തെക്ക് ഭാഗത്തേക്ക് വരുന്ന രീതിയിൽ ഹെഡ് ബോഡ് സജ്ജീകരിച്ച് നൽകുകയാണെങ്കിൽ കൂടുതൽ നല്ലതായി കണക്കാക്കുന്നു.

അതേസമയം രണ്ടാം സ്ഥാനമായി കിഴക്ക് ഭാഗത്തേക്ക് വരുന്ന രീതിയിൽ ഹെഡ് ബോഡ് സജ്ജീകരിച്ച് നൽകാവുന്നതാണ്.

മാസ്റ്റർ ബെഡ്റൂമിന്റെ ആകൃതി നോക്കുകയാണെങ്കിൽ റക്റ്റാങ്കിൾ ഷേപ്പ് ഫോളോ ചെയ്യുന്നതാണ് കൂടുതൽ നല്ലത്.

ബെഡ് തിരഞ്ഞെടുക്കുമ്പോൾ

മാസ്റ്റർ ബെഡ് റൂമിലേക്ക് ആവശ്യമായ ബെഡ് കിംഗ് സൈസ് അളവിലാണ് തിരഞ്ഞെടുക്കേണ്ടത്. അതായത് ബെഡിന്റെ വലിപ്പത്തിൽ ഏറ്റവും വലിയ അളവാണ് കിംഗ് സൈസിൽ ഉൾപ്പെടുന്നത്.

6 അടി വലിപ്പത്തിൽ ഒരു കട്ടിൽ നല്കി അതിന്റെ ഇരുവശങ്ങളിലും സൈഡ് ടേബിളുകൾ വരുന്ന രീതിയിൽ നൽകാവുന്നതാണ്.

സൈഡ് ടേബിളുകൾ നൽകുമ്പോൾ 2 അടിയെങ്കിലും വലിപ്പം ഉണ്ടായിരിക്കുന്നതാണ് നല്ലത്.

ഈ കണക്കുകൾ എല്ലാം കൂട്ടി മിനിമം 12അടി വീതി,10 അടി നീളം എന്ന കണക്കിൽ ആയിരിക്കണം മാസ്റ്റർ ബെഡ്റൂം ഉണ്ടായിരിക്കേണ്ടത്.

അതേ സമയം കുറച്ചുകൂടി പണം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാസ്റ്റർ ബെഡ്റൂമിന്റെ വലിപ്പം 12*14 എന്ന അളവിൽ എടുക്കാവുന്നതാണ്.

കിടക്ക തിരഞ്ഞെടുക്കുമ്പോൾ

മാസ്റ്റർ ബെഡ്റൂമിന് ആവശ്യമായ കിടക്ക തിരഞ്ഞെടുക്കുമ്പോൾ സാധാരണയായി 30 മുതൽ 40 സെന്റീമീറ്റർ അളവിലാണ് നൽകുന്നത്. അവയിൽ 8 ഇഞ്ച് വലിപ്പത്തിലുള്ള കുഷ്യനുകൾ ആണ് ഉപയോഗപ്പെടുത്തുന്നത്.

സ്പ്രിംഗ് ടൈപ്പ് കിടക്കകൾ 20 സെന്റീമീറ്റർ വലിപ്പത്തിലാണ് അളവ് ആരംഭിക്കുന്നത്. ഇവ തമ്മിൽ വരുന്ന ഹൈറ്റ് കണ്ടു കൊണ്ടു വേണം ബെഡ് തിരഞ്ഞെടുക്കാൻ. അതല്ല എങ്കിൽ കട്ടിലും കിടക്കയും ചേർന്നാൽ ഉണ്ടാകുന്ന ഹൈറ്റ് ബുദ്ധിമുട്ട് സൃഷ്ടിക്കും.

വിൻഡോ നൽകുമ്പോൾ

മാസ്റ്റർ ബെഡ്റൂമിൽ വിൻഡോ നൽകുമ്പോൾ കട്ടിലിന്റെ ഹെഡ്ബോഡിന് പുറകിൽ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങിനെ ചെയ്യുന്നത് വഴി ശരിയായ രീതിയിൽ ഹെഡ് ബോഡ് നൽകാൻ സാധിക്കാത്ത അവസ്ഥ വരും.

മാസ്റ്റർ ബെഡ്റൂമിലെ കട്ടിലിന് കൂടുതൽ ഭംഗി നൽകുന്നത് അവയുടെ പുറകിൽ നൽകുന്ന ഹെഡ് ബോഡുകൾ തന്നെയാണ്. ചെറിയ ജനാലകൾ നൽകുമ്പോൾ ഹെഡ് ബോർഡിന്റെ ഇരുവശങ്ങളിലുമായി നൽകുന്നതാണ് കൂടുതൽ ഉചിതം. അതേസമയം ഓപ്പോസിറ്റ് സൈഡിൽ വരുന്ന വലിയ ഭിത്തിയിൽ മൂന്നോ നാലോ പാളികൾ ഉള്ള ജനാലകൾ നൽകാവുന്നതാണ്. ഇത് റൂമിന് അകത്തേക്ക് ആവശ്യത്തിന് വായുസഞ്ചാരം നൽകുന്നതിന് സഹായിക്കുന്നു.

ബെഡ്റൂമിൽ ഫർണിച്ചറുകൾ, ടിവി യൂണിറ്റ് എന്നിവ നൽകുമ്പോൾ.

ചില വീടുകളിൽ മാസ്റ്റർ ബെഡ്റൂമിൽ തന്നെ ഒരു ടിവി യൂണിറ്റ് സെറ്റ് ചെയ്ത് നൽകാറുണ്ട്. ബെഡിൽ നിന്നും കാണാൻ സാധിക്കുന്ന രീതിയിലാണ് ടിവി ഫിറ്റ് ചെയ്ത് നൽകേണ്ടത്. കിടക്കുന്ന ഭാഗത്തു നിന്നും നാലടി ഉയരത്തിയാണ് ടിവി നൽകേണ്ടത്.

കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ ചെയറുകൾ ഇടാനായി ഒരു ഏരിയ സെറ്റ് ചെയ്ത് നൽകുന്നതിൽ തെറ്റില്ല. അതേസമയം റൂമിന്റെ വലിപ്പമനുസരിച്ച് വേണം ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ.

വാർഡ്രോബുകൾ നൽകുമ്പോൾ

വീട് പ്ലാൻ ചെയ്യുമ്പോൾ തന്നെ മാസ്റ്റർ ബെഡ്റൂമിൽ വാർഡ്രോബുകൾ സെറ്റ് ചെയ്യാനായി ഒരു പ്രത്യേക ഇടം നൽകാനായി ശ്രദ്ധിക്കണം. അങ്ങിനെ ചെയ്യുന്നത് വഴി അലമാരകൾ ഉള്ളിലേക്ക് നിൽക്കുന്ന രീതിയിൽ സെറ്റ് ചെയ്ത് നൽകാൻ സാധിക്കും.

അതേസമയം പ്ലാൻ ചെയ്യാതെ പിന്നീടാണ് വാർഡ്രോബുകൾ നൽകുന്നത് എങ്കിൽ അവ പുറത്തേക്ക് ഉന്തി നിൽക്കുന്ന രീതിയിലാണ് ഉണ്ടാവുക. ഇവ കൂടുതലായി സ്ഥലം ഉപയോഗപ്പെടുത്തുന്ന അവസ്ഥ ഉണ്ടാക്കുന്നു. വാർഡ്രോബുകൾ നൽകുമ്പോൾ സ്ലൈഡിങ് ടൈപ്പ് ഡോറുകൾ നൽകുകയാണെങ്കിൽ അവ കൂടുതൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുമെങ്കിലും പെട്ടെന്ന് ജാം ആകാനുള്ള അവസ്ഥ ഉണ്ടാകാറുണ്ട്.

ടോയ്ലറ്റ് നൽകുമ്പോൾ

മാസ്റ്റർ ബെഡ് റൂമിനോട് ചേർന്ന് ടോയ്ലറ്റ് നൽകാറുണ്ട്. ഇവയുടെ ഡോർ റൂമിന് അകത്തേക്ക് വരാതെ ഡ്രസ്സിങ് ഏരിയയിൽ നിന്നും പ്രവേശിക്കുന്ന രീതിയിൽ നൽകുകയാണെങ്കിൽ അതാണ് കൂടുതൽ നല്ലത്.

ഇങ്ങിനെ ചെയ്യുന്നതു വഴി ടോയ്‌ലറ്റിന് ഒരു പ്രൈവസി ലഭിക്കുകയും അതേസമയം ദുർഗന്ധം റൂമിലേക്ക് പരക്കാതെ ഇരിക്കുകയും ചെയ്യും. ബെഡ്റൂമിലേക്ക് പ്രവേശിക്കുന്ന ഡോർ ഓപ്പൺ ചെയ്ത ഉടനെ തന്നെ ഡ്രസിങ് ഏരിയ സെറ്റ് ചെയ്ത് നൽകുന്നതാണ് കൂടുതൽ നല്ലത്.

പെയിന്റ്,ലൈറ്റ്, കർട്ടൻ എന്നിവ തിരഞ്ഞെടുക്കുമ്പോൾ

മാസ്റ്റർ ബെഡ്റൂമിന് ആവശ്യമായ പെയിന്റ് ലൈറ്റ് കർട്ടൻ എന്നിവ തിരഞ്ഞെടുക്കുമ്പോൾ ബ്രൈറ്റ് കളറുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഉറങ്ങാനുള്ള ഒരിടം എന്ന രീതിയിലാണ് ബെഡ്‌റൂമുകളെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ പ്രകാശത്തിന്റെ അളവ് വളരെ കുറച്ചുമാത്രം ലഭിക്കേണ്ട ഒരിടമായി അത്തരം ഭാഗങ്ങളെ കണക്കാക്കാം.

കൂടാതെ ഡാർക്ക് നിറങ്ങളിൽ ടെക്സ്ചർ വർക്കുകൾ ചെയ്തു മാസ്റ്റർ ബെഡ്റൂം ഭംഗിയാക്കാവുന്നതാണ്. ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ ചെറിയ രീതിയിലുള്ള ടേബിൾ ലാമ്പുകൾ സജ്ജീകരിച്ച് നൽകാവുന്നതാണ്. കൂടാതെ ബെഡ്റൂമിൽ ചെറിയ ഫോൾസ് സീലിങ് വർക്കുകൾ ചെയ്തു സ്പോട്ട് ലൈറ്റുകൾ നൽകുന്നതും കൂടുതൽ ഭംഗി നൽകും. റൂമിലേക്ക് ഒട്ടും പ്രകാശം വരാൻ ഇഷ്ടപ്പെടാത്ത ആളുകൾക്ക് കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോഴും ഡാർക്ക് നിറങ്ങൾ ചൂസ് ചെയ്യാവുന്നതാണ്. ബെഡ്റൂമിലേക്ക് പ്രവേശിക്കുമ്പോൾ ഒരു പ്രത്യേക മൂഡ് നൽകുന്ന രീതിയിൽ നല്ല നിറങ്ങളിലുള്ള വാൾപേപ്പറുകൾ സെറ്റ് ചെയ്ത് നൽകുന്നതും നല്ലതാണ്.

ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്കും വീടിന്റെ മാസ്റ്റർ ബെഡ്റൂം സുന്ദരമാക്കാൻ സാധിക്കും.