കുളിമുറികൾക്കും വന്നു അടിമുടി മാറ്റം. പഴയ കുളി മുറികളുടെ മുഖം മാറിത്തുടങ്ങിയിരിക്കുന്നു.

ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഏരിയ തന്നെയാണ് ബാത്റൂം, ടോയ്ലറ്റ് എന്നിവ. മലയാളികൾക്കിടയിൽ കുളിമുറികളെ പറ്റി ഒരു പ്രത്യേക ധാരണ തന്നെ ഉണ്ടായിരുന്നു.

എന്നാൽ അതിനെയെല്ലാം പൊളിച്ചടുക്കി അടിമുടി മാറ്റത്തോടെയാണ് ഇന്ന് കുളിമുറികൾ മലയാളി വീടുകളിൽ സ്ഥാനം ഉറപ്പിക്കുന്നത്.

മുൻകാലങ്ങളിൽ പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ട ഒരിടം എന്ന രീതിയിൽ മാത്രം ബാത്ത്റൂമുകളെ കണക്കാക്കിയിരുന്നു.

എന്നാൽ ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി ഏറ്റവും വൃത്തിയുള്ളതും, കൂടുതൽ കാലംനില നിൽക്കുന്ന രീതിയിലും ബാത്ത്റൂമുകൾ സജ്ജീകരിക്കാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.

കാലം മാറുന്നതിനനുസരിച്ച് കുളിമുറി എന്നതിൽ നിന്നും എല്ലാ അർത്ഥത്തിലും ബാത്റൂം എന്ന ആശയത്തിലേക്ക് ഉള്ള ഒരു ചുവടുവെയ്പായി ഇതിനെ കണക്കാക്കാം.

ക്ലൈന്റ് ഹോം എന്ന കൺസെപ്റ്റ് നിലവിൽ വന്നതോടെ ബാത്ത് റൂമുകളും ടോയ്‌ലറ്റുകളും ന്യൂജനറേഷൻ ആയി മാറി. സാധാരണ വീടുകളിൽ 30 മുതൽ 40 സ്ക്വയർ ഫീറ്റ് എന്ന കണക്കിൽ ഉണ്ടായിരുന്ന ബാത്ത്റൂമുകൾക്ക് ഇപ്പോൾ100 മുതൽ 150 സ്ക്വയർ ഫീറ്റ് എന്ന അളവ് ഉപയോഗപ്പെടുത്തി തുടങ്ങി.

അതോടൊപ്പം തന്നെ ബാത്ത്റൂമുകൾ രൂപകല്പന ചെയ്യുന്ന രീതിയിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. ബാത്റൂമിനോട് ചേർന്ന് തന്നെ ഒരു വാഷ്ബേസിൻ സെറ്റ് ചെയ്യുകയും, പുറത്ത് ഒരു ഡ്രസ്സ് ഏരിയ, റസ്റ്റ് ഏരിയ എന്നിവ കൂടി നൽകുന്നതിലൂടെ ബാത്ത്റൂമുകളുടെ രൂപം തന്നെ മാറുന്നു.

മുൻകാലങ്ങളിൽ പ്രധാനമായും വാഷ്ബേസിൻ സെറ്റ് ചെയ്യുന്നതിനായി കണക്കാക്കിയിരുന്നത് ഒന്നരയടി മുതൽ രണ്ടടി വലിപ്പമായിരുന്നു എങ്കിൽ ഇന്ന് അത് 4 മുതൽ 5 അടി എന്ന അളവിൽ മാറിക്കഴിഞ്ഞിരിക്കുന്നു. ബാത്റൂമിൽ ഉപയോഗിക്കുന്ന ആക്സസറീസിലും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്.

ഉപയോഗിക്കുന്ന ടോയ്‌ലെറ്റുകൾ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി കൂടുതൽ ഹൈജീനിക്ക് രീതിയിൽ ഉപയോഗപ്പെടുത്താനാണ് മിക്ക ആളുകളും ആഗ്രഹിക്കുന്നത്.

ക്ലോസറ്റുകളിൽ കൺസീൽഡ് ടൈപ്പ്, ജാക്കൂസി, ബാത്ത് ടബ്ബ്, വ്യത്യസ്ത രീതിയിലുള്ള ഷവവർ എന്നിവകൂടി നൽകുന്നതിലൂടെ ബാത്റൂമുകൾ പൂർണ്ണ അർത്ഥത്തിൽ മോഡേണായി മാറുന്നു.

ഓപ്പൺ മോഡൽ ബാത്ത്റൂമുകൾ

പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവർ ബാത്റൂമിലും അത്തരം മാറ്റങ്ങൾ കൊണ്ടു വരുന്നുണ്ട്. കൂടുതൽ വെളിച്ചവും, വായുസഞ്ചാരവും ബാത്‌റൂമിന് അകത്തേക്ക് ലഭിക്കുന്നതിനായി ഓപ്പൺ രീതിയിൽ സെറ്റ് സെറ്റ് ചെയ്യാൻ പലരും ആഗ്രഹിക്കുന്നു.

ഇവയിൽ തന്നെ വാഷ്ബേസിൻ ഏരിയ, കുളിക്കാൻ ഉപയോഗിക്കുന്ന ഭാഗം എന്നിവ ഓപ്പണായി നൽകി ക്ലോസറ്റ് ഏരിയ മാത്രം ഫൈബർ അല്ലെങ്കിൽ ഗ്ലാസ് വാതിൽ ഉപയോഗിച്ച് മറയ്ക്കുന്ന രീതിയാണ് മോഡേൺ ട്രെൻഡ്.

ഇങ്ങനെ ചെയ്യുന്നത് വഴി സ്വകാര്യത ഉറപ്പു വരുത്തുകയും അതേസമയം കൂടുതൽ പ്രകാശവും വായുവും ബാത്റൂം ഏരിയയിലേക്ക് ലഭിക്കുകയും ചെയ്യുന്നു.

വാഷ്ബേസിനിൽ തന്നെ കൗണ്ടർടോപ്പ് ഗ്രാനൈറ്റ് ഉപയോഗപ്പെടുത്തി വ്യത്യസ്ത ഡിസൈനിലും ആകൃതിയിലും ഉള്ളവ തിരഞ്ഞെടുക്കാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.

വാഷ്ബേസിനോട്‌ ചേർന്നു തന്നെ ഒരു വലിയ മിറർ, ഡ്രസിങ് ഏരിയ എന്നിവ സജ്ജീകരിച്ച് നൽകുന്നു. അതോടൊപ്പം തന്നെ കോസ്മെറ്റിക്സുകൾ സൂക്ഷിക്കുന്നതിനായി ഒരു പ്രത്യേക ഷെൽഫ് നൽകുന്നവരും ഉണ്ട്.

ഷവർ തിരഞ്ഞെടുക്കുമ്പോൾ വലിയ പാനൽ ഉപയോഗപ്പെടുത്തി ഉള്ളവയാണ് മോഡേൺ ട്രെൻഡിൽ വരുന്നത്. ആവശ്യാനുസരണം ചൂട് തണുപ്പ് വെള്ളം ലഭിക്കുന്ന രീതിയിൽ ഷവർ സജ്ജീകരിക്കാൻ സാധിക്കും.

കുളിമുറികൾക്ക് നൽകുന്ന വെന്റിലേഷൻ

ഒരു കാലത്ത് ജലലഭ്യത, വായു സഞ്ചാരം എന്നിവ ലഭിക്കുന്നതിനായി പുഴകളിലും കുളങ്ങളിലും പോയി കുളിക്കുകയാണ് മിക്ക ആളുകളും ചെയ്തിരുന്നത്.

എന്നാൽ മോഡേൺ രീതിയിൽ ഇതിന് ചെറിയ ഒരു മാറ്റം നൽകിക്കൊണ്ട് കൂടുതൽ വെന്റിലേറ്റഷൻ,പ്രകാശം എന്നിവ ബാത്റൂമിലേക്ക് ലഭിക്കുന്ന രീതിയിൽ വലിയ ജനാലകൾ നൽകുന്നുണ്ട്.

ബാത്റൂം സ്വകാര്യത ഉറപ്പു വരുത്തുന്നതിനു വേണ്ടി ജനാലകളുടെ അടിഭാഗത്ത് ഫ്രോസൺ ഗ്ലാസ്, തടിയിൽ തീർത്ത ലൂവർ ഡിസൈൻ എന്നിവയിൽ ഏതെങ്കിലും ഒന്നാണ് ഉപയോഗപ്പെടുത്തുന്നത്.

ബാത്റൂമിൽ നൽകുന്ന വെന്റിലേഷൻ ഭിത്തിയുടെ മുകൾ ഭാഗത്തേക്ക് വരുന്ന രീതിയിൽ സെറ്റ് ചെയ്ത് പറഗോള ഉപയോഗപ്പെടുത്തുന്ന രീതിയും ഇപ്പോൾ കണ്ടുവരുന്നുണ്ട്.

ബാത്റൂമിന്റെ ഒരു ഭാഗത്തേക്ക് പച്ചപ്പ് നിലനിർത്തുന്നതിനായി ഗ്രീൻ കോർട്ട്‌യാർഡ് രീതി ഉപയോഗപ്പെടുത്താനും മിക്ക ആളുകളും ഇഷ്ടപ്പെടുന്നു. ഇത്തരത്തിൽ അടിമുടി മാറ്റങ്ങളാണ് മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ന്യൂജൻ ബാത്റൂമുകളിൽ വന്നിട്ടുള്ളത്.

കാലം മാറുന്നതിനനുസരിച്ച് കുളിമുറികളും മുഖം മിനുക്കി മോഡേൺ ആയി മാറിയിരിക്കുന്നു എന്നത് ഇതിൽ നിന്നും വ്യക്തമാണ്.