വാട്ടർ ഹീറ്റർ പ്രധാനമായും രണ്ട് തരമുണ്ട്.

  • ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ
  • സ്റ്റോറേജ് വാട്ടർ ഹീറ്റർ .


വെള്ളം ചൂടാക്കുക എന്നതാണ് രണ്ടിന്റെയും ദൗത്യമെങ്കിലും ഇവയുടെ പ്രവർത്തനങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്.

ഇൻസ്റ്റന്റ് വാട്ടർ

വാട്ടർഹീറ്ററിലൂടെ കടന്നുപോകുന്ന വെള്ളം ചൂടാക്കി ടാപ്പിലേക്കെത്തിക്കുന്നു എന്നതാണ് ഇൻസ്റ്റന്റ് വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ഇത്തരം വാട്ടർ ഹീറ്റർ ഒട്ടുംതന്നെ വെള്ളം സംഭരിച്ചു വയ്ക്കുന്നില്ല. വാട്ടർഹീറ്ററിനുള്ളിലെ കോയിൽ വെള്ളം ചൂടാക്കി നേരെ ടാപ്പിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്.

ഇൻസ്റ്റന്റ് വാട്ടർ ഹീറ്ററിൽ ഒരു ലീറ്റർ, മൂന്ന് ലീറ്റർ ശേഷിയുള്ള മോഡലുകൾ ആണ് വീടുകളിലേക്ക് കൂടുതൽ അനുയോജ്യം. ഒരേസമയം പരമാവധി മൂന്ന് ലീറ്റർ വെള്ളം ചൂടാക്കാൻ കഴിയും എന്നതാണ് മൂന്ന് ലീറ്റർ ശേഷി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 3000 വാട്ട്സ് വൈദ്യുതിയിലാണ് ഇത് പ്രവർത്തിക്കുക. വാട്ടർ ഹീറ്റർ ഒരു മണിക്കൂർ പ്രവർത്തിക്കാന് മൂന്ന് യൂണിറ്റ് വൈദ്യുതി വേണ്ടിവരും.

സ്വിച്ച് ഓണാക്കി രണ്ട് – മൂന്ന് മിനിറ്റിനു ശേഷമായിരിക്കും വെള്ളം ചൂടായിത്തുടങ്ങുക. 25 ഡിഗ്രിക്കും 45 ഡിഗ്രിക്കും ഇടയിലുള്ള താപനിലയിലായിരിക്കും വെള്ളം ലഭിക്കുക. ആവശ്യമായ താപനില ക്രമീകരിച്ചു വയ്ക്കാനുള്ള സൗകര്യം പല മോഡലുകളിലുമുണ്ട്. നിശ്ചിത താപനിലയിലെത്തുമ്പോൾ തനിയെ കട്ട് ഓഫ് ആകും.

ഒരു ലീറ്റർ ശേഷിയുള്ള ഇന്സ്റ്റന്റ് വാട്ടർ ഹീറ്ററിന് 3,300 രൂപ മുതലാണ് വില. മൂന്ന് ലീറ്റർ ശേഷിയുള്ളത് 4,300 രൂപ മുതൽ ലഭിക്കും.

സ്റ്റോറേജ് വാട്ടർ ഹീറ്റർ

വെള്ളം ചൂടാക്കുകയും ഒപ്പം ചൂടുവെള്ളം സംഭരിച്ചു സൂക്ഷിക്കുകയും ചെയ്യുമെന്നതാണ് സ്റ്റോറേജ് വാട്ടർ ഹീറ്ററിന്റെ സവിശേഷത. ഇൻസ്റ്റന്റ് വാട്ടർ ഹീറ്ററിൽ നിന്ന് വ്യത്യസ്തമായി ‘സ്റ്റോറേജ് കണ്ടെയ്നർ’ കൂടി ഉൾപ്പെടുന്നതായിരിക്കും സ്റ്റോറേജ് വാട്ടർ ഹീറ്റർ.

ആറ് ലീറ്റർ, 10 ലീറ്റർ, 15 ലീറ്റർ തുടങ്ങി പല സംഭരണശേഷിയിൽ സ്റ്റോറേജ് വാട്ടർ ഹീറ്റർ ലഭ്യമാണ്. ഇതിൽ ആറ് ലീറ്റർ, 10 ലീറ്റർ മോഡലുകളാണ് വീടുകളിലേക്ക് കൂടുതലും ചെലവാകുന്നത്. ആറ് ലീറ്ററിന് 6,500 രൂപ മുതലാണ് വില.

സ്വിച്ച് ഓണാക്കി മൂന്ന് – നാല് മിനിറ്റിനുള്ളിൽ സ്റ്റോറേജ് കണ്ടെയ്നറിലെ മുഴുവൻ വെള്ളവും ചൂടാകുമെന്നതാണ് ഇത്തരം മോഡലിന്റെ മെച്ചം. മിച്ചം വരുന്ന വെള്ളം മണിക്കൂറുകളോളം ചൂടോടെയിരിക്കുകയും ചെയ്യും. സ്റ്റോറേജ് കണ്ടെയ്നറിലെ തെർമോ ഫ്ലാസ്കിന്റെ മികവനുസരിച്ച് ചൂട് നിലനിൽക്കുന്ന സമയം വ്യത്യസപ്പെടും. 40 മണിക്കൂർ വരെ വെള്ളം ചൂടോടെയിരിക്കുന്ന മോഡലുകളുണ്ട്.

സോളർ വാട്ടർ ഹീറ്റർ

വൈദ്യുതി ആവശ്യമില്ല എന്നതാണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. സൗരോർജത്തിന്റെ സഹായത്താലാണ് വെള്ളം ചൂടാകുന്നത്. വീടിന്റെ മേൽക്കൂരയിൽ നന്നായി വെയിൽ ലഭിക്കുന്ന സ്ഥലത്ത് വേണം സോളർ വാട്ടർ ഹീറ്റർ പിടിപ്പിക്കാൻ.

ഇടിസി (ഇവാക്വേറ്റഡ് ട്യൂബ് കളക്ടർ) എഫ്പിസി (ഫ്ലാറ്റ് പ്ലേറ്റ് കളക്ടർ) എന്നിങ്ങനെ രണ്ട് തരം സോളർ വാട്ടർ ഹീറ്ററാണുള്ളത്. ഇടിസി മോഡലിൽ ഗ്ലാസ് ട്യൂബുകളാണ് ചൂട് ആഗിരണം ചെയ്ത് വെള്ളം ചൂടാക്കുന്നത്. എഫ്പിസിയിൽ ചെമ്പ് തകിടുകളാണ് ഈ ജോലി നിർവഹിക്കുന്നത്.

50 ലീറ്റർ മുതൽ 200 ലീറ്റര് വരെ സംഭരണശേഷിയുള്ള മോഡലുകൾ ലഭ്യമാണ്. നൂറ് ലീറ്റർ സംഭരണശേഷിയുള്ള വാട്ടർ ഹീറ്ററിൽ നിന്ന് മൂന്ന് ബാത്റൂമുകളിലേക്ക് വെള്ളം എത്തിക്കാന് കഴിയും. പഫ് ഇൻസുലേറ്റഡ് പാനലിന് ഉള്ളിലായിരിക്കും ഇത്തരം വാട്ടർ ഹീറ്ററിലെ സ്റ്റോറേജ് കണ്ടെയ്നർ. ജിഐ, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവ കൊണ്ടാണ് സ്റ്റോറേജ് കണ്ടെയ്നർ നിര്മിക്കാറുള്ളത്. 304 ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ള കണ്ടെയ്നറിനാണ് ഗുണനിലവാരം കൂടുതൽ. ഇതിൽ നിന്നുള്ള വെള്ളം പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കാം. നൂറ് ലീറ്ററിന്റെ ഇടിസി മോഡലിന് 14,000 രൂപ മുതലാണ് വില. എഫ്പിസി മോഡലിന് 26,000 രൂപ മുതലും.

വാട്ടർ ഹീറ്റർ പിടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പ്ലമിങ് സമയത്തുതന്നെ സിപിവിസി (ക്ലോറിനേറ്റഡ് പോളിവിനൈൽ ക്ലോറൈഡ്) പൈപ്പ് കണക്ഷൻ നൽകിയിടണം. ചൂട് വെള്ളം കടന്നുപോയാലും കേടുപറ്റില്ല എന്നതാണ് സിപിവിസിയുടെ മെച്ചം. ഇതിന് പിവിസി പൈപ്പ് അനുയോജ്യമല്ല.

Credit – Sajith G Nair – fb group