10 സെന്റിൽ 𝟏500 Sqft മനോഹരമായ വീട്

Total cost 𝟮𝟱_Lakhs #Plan
Total plot 𝟭𝟬_cent
Total area 𝟭𝟱𝟬𝟬_sqft

രണ്ടുവർഷം മുൻപ്, ഡിസൈനറായ ഹിദായത് നിർമിച്ച സ്വന്തം വീടിന്റെ വിശേഷങ്ങൾ വീട് ചാനലിൽ വന്നിരുന്നു. 25 ലക്ഷം രൂപയ്ക്ക് ഒരുക്കിയ ആ വീട് ഏറെ ശ്രദ്ധിക്കപ്പെട്ടു. തൃശൂർ ചാവക്കാടുള്ള നിഷാദ്- ഷംല ദമ്പതികളും ആ വീട് കണ്ടിഷ്ടമായാണ് സ്വന്തം വീടിന്റെ പണി ഹിദായത്തിനെ ഏൽപിച്ചത്. അപ്പോഴേക്കും പ്ലാൻ വരച്ച് പണി തുടങ്ങിയിരുന്നു. പ്ലാനിൽ സമൂലമായ മാറ്റങ്ങൾ വരുത്തിയാണ് വീട്ടുകാരുടെ പോക്കറ്റ് ചോരാത്ത വീട് ഹിദായത്ത് നിർമിച്ചു നൽകിയത്. ഒറ്റ നോട്ടത്തിൽ ഹിദായത്തിന്റെ വീട് കാർബൺ കോപ്പി പോലെ തോന്നും ഈ വീട്. കൊറോണക്കാലത്ത് വീടിന്റെ ഫോട്ടോ സമൂഹമാധ്യമത്തിൽ വന്നപ്പോൾ വിശേഷങ്ങൾ അറിയാൻ ആൾക്കാരുടെ തിരക്കായിരുന്നു പിന്നീട്.

10 സെന്റ് പ്ലോട്ടിൽ 1500 ചതുരശ്രയടിയിൽ ഒറ്റനില വീടാണ് ഒരുക്കിയത്. ഭാവിയിൽ മുകളിലേക്ക് പണിയാനുള്ള പ്രൊവിഷൻ നൽകി. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് ഉള്ളിലുള്ളത്.

ഹുരുഡീസ് ബ്ലോക്കുകൾ കൊണ്ടാണ് ഭിത്തി കെട്ടിയത്. ഇതിനു മുകളിൽ പോളിഷ് മാത്രം ചെയ്തു. പ്ലാസ്റ്ററിങ്, പെയിന്റിങ് തുടങ്ങിയ ചെയ്യേണ്ട കാര്യമില്ല. വെള്ള ചുവരുകളിൽ പ്രൈമർ മാത്രമാണ് അടിച്ചത്. ഇതുവഴി ചെലവ് കുറയ്ക്കാൻ സാധിച്ചു. ഒപ്പം ചൂടും താരതമ്യേന കുറവാണ്. അകത്തെ സീലിങ്ങിൽ പൂവോട് വിരിച്ചു ഭംഗിയാക്കി. ഇതും ചൂട് തടയുന്നു. ഓപ്പൺ ടെറസിലേക്ക് കയറാൻ പുറത്തുകൂടി സ്റ്റെയർ നൽകി. മുകളിൽ എംഎസ് ഗ്രില്ലുകൾ നൽകി. അധികം വന്നത് വീടിന്റെ വശത്ത് ക്രീപ്പറുകൾ പടർന്നുകയറാൻ ഒരുക്കി.

ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. ഇത് കൂടുതൽ വിശാലത നൽകുന്നു. കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകിയാണ് രൂപകൽപന. മിക്കയിടങ്ങളിലും സ്‌കൈലൈറ്റ് നൽകിയിട്ടുണ്ട്. ഇതുവഴി പ്രകാശം ഉള്ളിലെത്തുന്നു.

സ്വീകരണമുറിയിൽ വേർതിരിവ് നൽകുന്നത് വെള്ള പ്രതലത്തിൽ ഒരുക്കിയ മരത്തിന്റെ വോൾ ആർട്ടാണ്.

ഫർണിച്ചറുകൾ പലതും പാലുകാച്ചലിനു മുൻപായി ഗിഫ്റ്റ് കിട്ടിയതാണ്. ബാക്കിയുള്ളവ വാങ്ങി. അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം കോർട്യാർഡാണ്. ഇവിടെ പനകൾ നൽകി അലങ്കരിച്ചു. സ്‌കൈലൈറ്റ് ഇവിടം പ്രകാശമയമാകുന്നു.

രണ്ടു കിടപ്പുമുറികളോട് ചേർന്ന് മിനി കോർട്യാർഡ് ഒരുക്കി. ഇതുവഴിയും പ്രകാശം ഉള്ളിലെത്തുന്നു. മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യമൊരുക്കി. ഇതിൽ രണ്ടെണ്ണത്തിന് ഇരുവശത്തുനിന്നും പ്രവേശിക്കാവുന്ന കോമൺ സംവിധാനമാണ് നൽകിയത്.

ഓപ്പൺ കിച്ചനാണ്. ഡൈനിങ്ങിനോട് ചേർന്ന് ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും നൽകിയിട്ടുണ്ട്. ഇവിടെ ചുവരിൽ വോൾ ടൈലുകൾ ഒട്ടിച്ച് അലങ്കരിച്ചു. അലുമിനിയം ഫാബ്രിക്കേഷൻ നൽകിയാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

സാധാരണ വീടുപണി കഴിഞ്ഞാൽ പലരും മുറ്റം ഇന്റർലോക്ക് ചെയ്യാറുണ്ട്. ഇവിടെ അതിനു വിപരീതമായി മുറ്റം തനിമയോടെ നിലനിർത്തി. മരങ്ങളും ചെടികളും വീടിനു പശ്ചാത്തലമൊരുക്കുന്നു.

അങ്ങനെ സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 25 ലക്ഷത്തിനു വീട് പൂർത്തിയായി. തങ്ങൾ ആഗ്രഹിച്ച പോലെയൊരു വീട് ലഭിച്ചതിൽ വീട്ടുകാർ ഹാപ്പി. തന്റെ സ്വന്തം വീടിന് ആരാധകരെ ലഭിച്ചതിൽ ഡിസൈനറും ഹാപ്പി.

ചെലവ് കുറച്ച ഘടകങ്ങൾ

ഹുരുഡീസ് കൊണ്ട് ഭിത്തി കെട്ടി. പ്ലാസ്റ്ററിങ്, പെയിന്റിങ് ചെലവുകൾ ലാഭിച്ചു.

ജനലുകൾക്ക് യുപിവിസി ഗ്രില്ലുകൾ ഉപയോഗിച്ചു. ചുറ്റുമതിലിലും ഇവ നൽകി.

അടുക്കള അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.

ഫ്ലോറിങ്ങിനു ഇടത്തരം മാർബോനൈറ്റ് ഉപയോഗിച്ചു.

Project facts

Location- Chavakkad, Thrissur
Plot- 10 cent
Area- 1500 SFT
Budget- 25 Lakhs
Owner- Nishad, Shamla

Design- Hidayath Bin Ali
Design Arch Architecture Studio, Calicut
Mob- 98460 45109

Y.C- 2020 June

Leave a Comment

Your email address will not be published. Required fields are marked *